നിർബന്ധിത മതപരിവർത്തന നിരോധന നിയമം; യുപിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു

യുപി സർക്കാരിൻ്റെ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ബറേലിയിലെ ദേരനിയ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 22കാരനായ കോളജ് വിദ്യാർത്ഥി ഉവൈസ് അഹ്മദിനെതിരെ 20കാരിയായ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിന്മേലാണ് കേസ്.
തൻ്റെ മകളെ മതം മാറ്റി വിവാഹം കഴിക്കാൻ ഉവൈസ് ശ്രമിക്കുന്നു എന്നായിരുന്നു പെൺകുട്ടിയുടെ പിതാവ് ടിക്കാറാമിൻ്റെ പരാതി. ഇടക്കിടെ യുവാവ് വീട്ടിൽ സന്ദർശനം നടത്തുന്നുണ്ടെന്നും മതം മാറിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പിതാവ് ആരോപിക്കുന്നു. ആൻറി കൺവേർഷൻ നിയമത്തിലെ 504, 506 വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ മറ്റു വകുപ്പുകൾ കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതി ഒളിവിലാണെന്നും ആൾക്കായുള്ള തെരച്ചിൽ ആരംഭിച്ചുകഴിഞ്ഞെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Read Also : ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന ബില്ല് ഓർഡിനൻസായി നിലവിൽ വന്നു
ഇന്നലെയാണ് യുപിയിൽ മതപരിവർത്തന നിരോധന ബില്ല് ഓർഡിനൻസായി നിലവിൽ വന്നത്. രാവിലെ ഗവർണർ ബില്ല് ഓർഡിനൻസായി വിജ്ഞാപനം ചെയ്യുകയായിരുന്നു. ഏതൊരു വ്യക്തിയ്ക്ക് മതപരിവർത്തനം നടത്തണമെങ്കിലും മുൻകൂട്ടി സർക്കാരിനെ അറിയിച്ച് അനുമതി തേടണം എന്നതാണ് നിർദ്ദിഷ്ട ഓർഡിനൻസിലെ പ്രധാന നിർദ്ദേശം.
മതപരിവർത്തനം ആഗ്രഹിയ്ക്കുന്ന ആൾ ഒരു മാസത്തിന് മുൻപ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകി അനുമതി വാങ്ങണം. അല്ലെങ്കിൽ ആറ് മുതൽ മൂന്ന് വർഷം വരെ ആകും ശിക്ഷ ലഭിയ്ക്കുക. ഏതെങ്കിലും വിധം ഉള്ള നിർബന്ധിത മതപരിവർത്തനം നടന്നു എന്ന് പരാതി ഉയർന്നാലും പൊലീസ് കേസ് എടുക്കും. അഞ്ച് വർഷത്തെ ജയിൽ വാസവും പതിനയ്യായിരം രൂപ പിഴയും ആണ് ശിക്ഷ.
Story Highlights – Uttar Pradesh registers first case under anti-conversion law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here