കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന സിപിഐഎം ചര്‍ച്ച ചെയ്യും

വിമര്‍ശനങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞെങ്കിലും കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന സിപിഐഎം ചര്‍ച്ച ചെയ്യും. അതുവരെ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നാണ് നേതൃതലത്തിലെ ധാരണ. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയാല്‍ ഇന്നോ നാളെയോ ചേരുന്ന അവൈലബിള്‍ സെക്രട്ടേറിയറ്റ് വിവാദം പരിശോധിച്ചേക്കും.
കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കുരുങ്ങിക്കിടക്കുന്ന സര്‍ക്കാരിനേയും പാര്‍ട്ടിയേയും കെഎസ്എഫ്ഇയിലെ പരിശോധന കൂടുതല്‍ പ്രതിരോധത്തിലാക്കി. പരിശോധന നടന്ന രീതിയിലെ അസ്വാഭാവികതകളാണ് സിപിഐഎമ്മിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. സാധാരണ വിജിലന്‍സ് റെയ്ഡുകള്‍ക്കൊടുവില്‍ വിശദാംശങ്ങള്‍ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കാറുണ്ടെങ്കിലും ഇക്കുറി അതുണ്ടായില്ല.
കെഎസ്എഫ്ഇയില്‍ ആകെ കുഴപ്പമാണെന്ന മട്ടില്‍ പ്രചാരണം നടന്നതുകൊണ്ടാണ് തോമസ് ഐസക്ക് രൂക്ഷമായി പ്രതികരിച്ചത്. ആനത്തലവട്ടം ആനന്ദനും ഒപ്പംകൂടി. എന്നാല്‍ ഈ ആരോപണങ്ങളെയാകെ നിരാകരിക്കുകയായിരുന്നു ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി. കാരണക്കാരനെന്ന് ആക്ഷേപമുയര്‍ന്ന പൊലീസ് ഉപദേഷ്ടാവിനെ കൈയയച്ചു ന്യായീകരിക്കുകയും ചെയ്തു.
പരസ്യപ്രതികരണങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുമെങ്കിലും, വിജിലന്‍സ് ഔചിത്യം കാണിക്കണമായിരുന്നുവെന്ന നിലപാട് പാര്‍ട്ടി യോഗങ്ങളില്‍ ഉയര്‍ന്നുവരും. മുഖ്യമന്ത്രിയെ നേരിട്ട് വിമര്‍ശിച്ചില്ലെങ്കിലും പരിശോധനയിലെ അപാകതകളും ചൂണ്ടിക്കാണിക്കപ്പെടും. തദ്ദേശ തെരഞ്ഞെടുപ്പായതിനാല്‍ കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കി മുന്നോട്ടുപോകണമെന്ന നിലപാടിലാണ് നേതൃത്വം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here