പുതിയ ഐപിഎൽ ടീം; കേരളത്തിനുള്ള സാധ്യതകൾ

ഐപിഎലിൽ പുതുതായി രണ്ട് ടീമുകളെ ഉൾപ്പെടുത്താൻ ബിസിസിഐ ആലോചിക്കുന്നു എന്നതാണ് പുതിയ വാർത്ത. ബിസിസിഐ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പുറത്തുവരുന്ന റിപ്പോർട്ടുകൾ അത്തരത്തിലാണ്. അദാനിയുടെ ഉടമസ്ഥതയിൽ അഹ്മദാബാദ് ആസ്ഥാനമാക്കി ഒരു ടീം എന്നത് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. അടുത്ത ടീമുമായി ബന്ധപ്പെട്ട് ലക്നൗ, പൂനെ തുടങ്ങി പല സ്ഥലങ്ങളെയും പറഞ്ഞുകേൾക്കുന്നുണ്ട്. കേരളവും അഭ്യൂഹങ്ങളിൽ നിറയുന്നുണ്ട്.
യുഎഇയിൽ നടന്ന ഐപിഎലിനിടെ മോഹൻലാൽ ദുബായിലെത്തിയത് ഐപിഎൽ ടീമുമായി ബന്ധപ്പെട്ട ചർച്ചകൾക്കായിരുന്നു എന്നാണ് കേരളത്തിൽ നിന്നുള്ള ഐപിഎൽ ടീം എന്ന അഭ്യൂഹങ്ങളിലെ ആദ്യ കണ്ണി. ബൈജൂസുമായി ചേർന്ന് മോഹൻലാൽ ടീമിനെ ഇറക്കുമെന്നായിരുന്നു അഭ്യൂഹം. ഇതിനു പിന്നാലെ പല തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നു. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഹോംഗ്രൗണ്ട് ആക്കി ടീം വരുമെന്നും അതല്ല, കൊച്ചിയാവും ആസ്ഥാനമെന്നുമൊക്കെ അഭ്യൂഹങ്ങളുണ്ടായി.
കേരളത്തിലെ ക്രിക്കറ്റ് ഭ്രാന്ത് വളരെ പ്രശസ്തമാണ്. കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് കിട്ടിയിരുന്ന പിന്തുണയും സഞ്ജു സാംസണ് കിട്ടുന്ന പിന്തുണയുമൊക്കെ അതിന് ഉദാഹരണവുമാണ്. തന്നെയുമല്ല, തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിൽ ഒന്നാണ്. ഡ്രെയിനേജ് സൗകര്യം രാജ്യാന്തര നിലവാരത്തിലുള്ളതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിൽ ഒരു ഐപിഎൽ ടീം വരാനുള്ള സാധ്യതകൾ വളരെ കുറവാണ്.
കാരണങ്ങളിൽ ഒന്നാമത്തേത്, കൊച്ചി ടസ്കേഴ്സ് കേരള തന്നെയാണ്. ഐപിഎൽ കളിച്ച് പിന്നീട് ബിസിസിഐ ടീം പിരിച്ചു വിട്ടെങ്കിലും അതുമായി ബന്ധപ്പെട്ട കേസ് ഇതുവരെ തീർന്നിട്ടില്ല. 2000 കോടി രൂപയാണ് ബിസിസിഐ ടസ്കേഴ്സിനു കൊടുക്കാനുള്ളത്. ആ പ്രശ്നം പരിഹരിച്ചിട്ടു പോരേ വീണ്ടും കേരളത്തിനൊരു ടീം എന്ന് ബിസിസിഐ ചിന്തിച്ചാൽ തെറ്റു പറയാനാവില്ല.
രണ്ടാമത്തെ കാര്യം, മറ്റ് ഫ്രാഞ്ചൈകൾക്കായി ശ്രമിക്കുന്നവരാണ്. അദാനി ഗ്രൂപ്പ് മുൻപ് തന്നെ ഐപിഎലിൽ താത്പര്യം കാണിച്ചിട്ടുള്ളതാണ്. ബിസിസിഐ ചോദിക്കുന്ന ബാങ്ക് സെക്യൂരിറ്റി യാതൊരു പ്രശ്നവുമില്ലാതെ നൽകാൻ കഴിയും. മറ്റൊരാൾ സഞ്ജീവ് ഗോയങ്കയാണ്. ആപിഎസ്ജി ഉടമയായ ഗോയങ്ക മുൻപ് റൈസിങ് പൂനെ സൂപ്പർജയൻ്റ് ടീം ഐപിഎലിൽ ഇറക്കിയിരുന്നു. അദാനി ഗ്രൂപ്പ് പോലെത്തന്നെയാണ് ആർപിഎസ്ജിയും. പോരാത്തതിന് മുൻപ് ഒരു ടീം ഒരുക്കി പരിചയമുണ്ട്.
Story Highlights – ipl team for kerala possibility
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here