തദ്ദേശ തെരഞ്ഞെടുപ്പ് : നാളെ പോളിംഗ് ബൂത്തിലെത്തുക 88,26,620 വോട്ടര്‍മാര്‍, 41,58,341-പുരുഷന്‍, 46,68,209 -സ്ത്രീ, 70- ട്രാന്‍സ്ജെന്റേഴ്സ്

തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ 395 തദ്ദേശസ്ഥാപനങ്ങളില്‍ 6,911 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്് നടക്കുന്നത്. 41,58,341 പുരുഷന്‍മാരും 46,68,209 സ്ത്രീകളും 70 ട്രാന്‍സ്ജെന്റേഴ്സും അടക്കം 88,26,620 വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഇതില്‍ 42,530 പേര്‍ കന്നി വോട്ടര്‍മാരാണ്. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
വോട്ടെടുപ്പിനു മുന്‍പ് മോക് പോളിംഗ്
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പായി മോക് പോളിംഗ് നടത്തും. സ്ഥാനാര്‍ത്ഥികളുടേയോ പോളിംഗ് ഏജന്റുമാരുടേയോ സാന്നിധ്യത്തിലാണു മോക് പോളിംഗ് നടത്തുന്നത്. മോക് പോള്‍ നടത്തി ഫലം ഏജന്റുമാരെ കാണിച്ചു ബോധ്യപ്പെടുത്തും.
മോക് പോളിനു ശേഷം ക്ലിയര്‍ ബട്ടണ്‍ അമര്‍ത്തി മോക് പോളിന്റെ ഫലം പൂര്‍ണമായി വോട്ടിംഗ് മെഷീനില്‍നിന്നു മാറ്റിയ ശേഷം കണ്‍ട്രോള്‍ യൂണിറ്റ് വിവിധ സുരക്ഷാ സീലുകളും ടാഗുകളും ഉപയോഗിച്ചു സീല്‍ ചെയ്യും. ഇതില്‍ പോളിംഗ് ഏജന്റുമാരെ ഒപ്പുവയ്ക്കാന്‍ അനുവദിച്ച ശേഷമാകും ഏഴു മണിക്ക് പോളിംഗ് ആരംഭിക്കുക.
ബൂത്തിനടുത്ത് വോട്ട് പിടുത്തം പാടില്ല
വോട്ടെടുപ്പ് നടക്കുന്ന ബൂത്തിനു സമീപം വോട്ട് പിടിത്തം പാടില്ല. മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ ബൂത്തിനു 100 മീറ്റര്‍ പരിധിയിലും പഞ്ചായത്തില്‍ 200 മീറ്റര്‍ പരിധിയിലും വോട്ട് പിടിക്കുന്നതിനു കര്‍ശന വിലക്കുണ്ട്. വോട്ടിനായി അഭ്യര്‍ത്ഥന നടത്തുക, ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ വോട്ടറെ പ്രേരിപ്പിക്കുക, സമ്മതിദായകന്‍ വോട്ട് ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുക, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക നോട്ടിസ് അല്ലാത്ത നോട്ടിസോ ചിഹ്നമോ പ്രദര്‍ശിപ്പിക്കുക എന്നിവയും അനുവദിക്കില്ല.
ഈ ദൂരപരിധിക്കുള്ളില്‍ സ്ഥാനാര്‍ത്ഥികളുടെ ബൂത്തുകളും പാടില്ല. പരിധിക്കു പുറത്ത് സ്ഥാപിക്കുന്ന ബൂത്തുകള്‍ക്കു ചുറ്റും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനും വിലക്കുണ്ട്.
കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധം
വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം.
വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്കു പ്രവേശിക്കുമ്പോഴും പുറത്തേക്കു പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം. മാസ്‌ക്ക് ധരിച്ചിരിക്കുകയും വേണം. തിരിച്ചറിയല്‍ സമയത്തു മാത്രമേ ആവശ്യമെങ്കില്‍ മാസ്‌ക്ക് മാറ്റാവൂ. ബൂത്തിനകത്ത് ഒരേസമയം മൂന്നു വോട്ടര്‍മാര്‍ക്കു സാമൂഹിക അകലം പാലിച്ചു കയറാം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും ഫെയ്‌സ് ഷീല്‍ഡ്, മാസ്‌ക്ക്, സാനിറ്റൈസര്‍, കൈയുറ എന്നിവ ഉപയോഗിക്കണം. പോളിംഗ് ഏജന്റുമാര്‍ക്കും മാസ്‌ക്കും സാനിറ്റൈസറും നിര്‍ബന്ധമാണ്
കൊവിഡ് രോഗികള്‍ക്കു ബൂത്തിലെ വോട്ട് ഇങ്ങനെ
കൊവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനായി ഇന്ന് വൈകിട്ട് മൂന്നിനു തയാറാക്കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും പോസ്റ്റല്‍ ബാലറ്റ് തപാല്‍ മുഖേനയോ നേരിട്ടോ വീട്ടിലെത്തിക്കും. വൈകിട്ട് മൂന്നിനു ശേഷവും നാളെ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയും സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ബൂത്തിലെത്തി വോട്ട് ചെയ്യാം. അവര്‍ ഇന്നു വൈകിട്ട് ആറിനു മുന്‍പ് ബൂത്തിലെത്തണം. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് ക്യൂവിലുള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ട് ചെയ്ത ശേഷം മാത്രമേ ഇവരെ വോട്ട് ചെയ്യാന്‍ അനുവദിക്കൂ.
പി.പി.ഇ. കിറ്റ് അണിഞ്ഞാകണം ഇവര്‍ എത്തേണ്ടത്. ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രവും നിര്‍ബന്ധമാണ്. ഇവര്‍ പോളിംഗ് സ്റ്റേഷനില്‍ കയറും മുന്‍പ് പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റുമാരും നിര്‍ബന്ധമായും പി.പി.ഇ. കിറ്റ് ധരിച്ചിരിക്കണം.
വോട്ട് ചെയ്യാന്‍ ഈ രേഖകളില്‍ ഒന്ന് വേണം
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തുന്ന സമ്മതിദായകര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്ന രേഖകളുടെ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി. ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നു തെരഞ്ഞെടുപ്പ് തിയതിക്ക് ആറുമാസ കാലയളവിനു മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തിട്ടുള്ള വോട്ടര്‍മാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. ഈ രേഖകളിലേതെങ്കിലും ഒന്ന് വോട്ട് ചെയ്യാനെത്തുമ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിക്കണം.
Story Highlights – Local elections: 88,26,620 voters will go to the polls tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here