Advertisement

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് മതസംഘടനയുടെ ഭാരവാഹിയായ മെഡിക്കല്‍ കോളജ് ഡോക്ടര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

December 11, 2020
2 minutes Read
action against the medical college doctor

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് മതസംഘടനയുടെ ഭാരവാഹിയായ മെഡിക്കല്‍ കോളജ് ഡോക്ടര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം. സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ഡോ.പി.കെ.റോസ് ബിസ്റ്റിനെതിരെയാണ് നടപടി. മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഭാരവാഹി സ്ഥാനം ഒഴിയാന്‍ ഇദ്ദേഹം തയാറായില്ല.

സര്‍ക്കാര്‍ ജീവനക്കാര്‍ ജാതി, മത സംഘടനകളുടെ ഭാരവാഹികളാകരുതെന്നാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായ റോസ് ബിസ്റ്റ് അവധിയെടുത്ത് സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയിലെ സെക്രട്ടറിയായി. ഇതിനെതിരെ നിരവധി പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും റോസ് ബിസ്റ്റ് തയാറായില്ല. അച്ചടക്ക നടപടി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നിന്നും ഇദ്ദേഹം അനുകൂല വിധി നേടി. താന്‍ പ്രവര്‍ത്തിക്കുന്നത് മതസ്ഥാപനത്തിലല്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ സി.എസ്.ഐ ദക്ഷിണ മഹായിടവക മതസ്ഥാപനമാണെന്ന് കണ്ടെത്തി. സര്‍വീസ് ചട്ടങ്ങളിലെ 61 (1)എയ്ക്ക് വിരുദ്ധമാണ് ഇദ്ദേഹത്തിന്റെ സെക്രട്ടറി സ്ഥാനമെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി നടത്തിയ തെളിവെടുപ്പില്‍ വ്യക്തമായി. ന്യൂനപക്ഷ വിഭാഗത്തിലാണ് സഭ വരുന്നതെന്നും അതിനാല്‍ സര്‍വീസ് ചട്ടങ്ങള്‍ ബാധകമല്ലെന്നുമുള്ള റോസ് ബിസ്റ്റണിന്റെ വാദം നിയമവകുപ്പും തള്ളി. തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയത്. ഇതിനിടെ, ചര്‍ച്ച് സിനഡ് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു.

Story Highlights Direction for action against the medical college doctor in charge of the religious organization

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top