പൂഞ്ഞാറില്‍ മുന്നണികളെ ഞെട്ടിക്കുമോ ഷോണ്‍ ജോര്‍ജ്

പൂഞ്ഞാറില്‍ മൂന്ന് മുന്നണികളെയും ഞെട്ടിച്ച് ഷോണ്‍ ജോര്‍ജ് വിജയം നേടുമോ എന്നാണ് രാഷ്ട്രീയ കേരളം നോക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് പൂഞ്ഞാറില്‍ നിന്ന് മകന്‍ ഷോണ്‍ ജോര്‍ജിനെ രംഗത്ത് ഇറക്കി കരുത്ത് തെളിയിക്കാനാണ് ഇത്തവണ പി.സി. ജോര്‍ജിന്റെ ശ്രമം. ഇത് എത്രത്തോളം വിജയമായി എന്ന് നാളെ അറിയാം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മൂന്ന് മുന്നണികളെയും ഞെട്ടിച്ചാണ് പി.സി. ജോര്‍ജ് ഗംഭീര വിജയം നേടിയത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ അതേ വിജയം മകനിലൂടെ ആവര്‍ത്തിക്കാനായിരുന്നു പി.സി. ജോര്‍ജിന്റെ ശ്രമം. പൊതു തെരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖമാണെങ്കിലും എല്ലാവര്‍ക്കും സുപരിചിതനാണ് ഷോണ്‍ ജോര്‍ജ് എന്നതാണ് പ്രത്യേകത.
പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ പി.സി ജോര്‍ജിന് പിന്‍ഗാമിയാകാനുള്ള ഒരുക്കമായാണ് ഷോണ്‍ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം വിലയിരുത്തപ്പെടുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ 20 വര്‍ഷമായി തുടരുന്ന പൊതു പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്ന് ഷോണ്‍ ജോര്‍ജ് പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി പി.സി. ജോര്‍ജ് മത്സരിക്കില്ലെന്നും, ഷോണ്‍ ജോര്‍ജ് പകരക്കാരനായി എത്തുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ അതിനു മുന്നേ ഷോണ്‍ മത്സര രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്.
ജനപക്ഷം രൂപംകൊണ്ട ശേഷം മലയോര മേഖലകളിലെ പഞ്ചായത്തുകളില്‍ പാര്‍ട്ടി കരുത്തു തെളിയിച്ചിരുന്നു. ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാര്‍ ഡിവിഷന്‍ നിലവില്‍ ജന പക്ഷത്തിന്റെ സിറ്റിംഗ് സീറ്റാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അച്ഛന്‍ മുന്നണികളെ ഞെട്ടിച്ചതുപോലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മകന്‍ മുന്നണികളെ ഞെട്ടിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
Story Highlights – local body election kerala – shone george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here