എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി; ഡ്രൈവർ കസ്റ്റഡിയിൽ

എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവർ ജോയിയെ കസ്റ്റഡിയിലെടുത്തു. ഈഞ്ചക്കൽ നിന്നാണ് ലോറി പിടികൂടിയത്.
പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ലോറി കണ്ടെത്തിയത്. പേരൂർക്കട സ്വദേശിയാണ് പിടിയിലായ ജോയി. പ്രദീപിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ഇന്നലെ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജോയിയെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
കരമന- കളിയിക്കാവിള ദേശീയപാതയിൽ ഇന്നലെ വൈകുന്നേരമാണ് മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ്കുമാർ സഞ്ചരിച്ച സ്‌കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് അപകടമുണ്ടാവുന്നത്. എസ്.വി പ്രദീപ് കുമാറിന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പ്രദീപിന് നേരെ ചില ഭീഷണികൾ വന്നിരുന്നതായും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
എസ്.വി പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ഇന്നലെ തന്നെ ലഭിച്ചിരുന്നു. അപകടമുണ്ടാക്കിയെന്ന് കരുതുന്ന ടിപ്പർ ലോറി ദൃശ്യത്തിൽ കാണാം.
Story Highlights – sv pradeep, accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here