Advertisement

പ്രതീക്ഷിച്ച മുന്നേറ്റമില്ല; തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം ബിജെപി പരിശോധിക്കും

December 16, 2020
2 minutes Read
BJP will examine its performance in the local body elections

തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം പരിശോധിക്കാന്‍ ബിജെപി. സംസ്ഥാനത്ത് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല എന്നതും ബിജെപി പരിശോധിക്കും. തിരുവനന്തപുരം നഗരസഭയിലെ പ്രകടനം പ്രത്യേകം വിലയിരുത്തും. സംസ്ഥാനത്തെ ബിജെപി സ്വാധീന മേഖലകളില്‍ എല്‍ഡിഎഫും-യുഡിഎഫും പാര്‍ട്ടിയെ പരാജയപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ധാരണയിലെത്തിയതായി പാര്‍ട്ടിക്കുള്ളില്‍ പൊതു വികാരം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സംസ്ഥാന നേതാക്കള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രഥമ പരിഗണന നല്‍കിയേക്കും.

ഭേദപ്പെട്ട പ്രകടനമെന്ന വിലയിരുത്തലിലും സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ടു വന്ന വികാരം പ്രതീക്ഷയ്‌ക്കൊത്ത് പ്രയോജനപ്പെടുത്താനായില്ലെന്ന വിലയിരുത്തലിലാണ് ബിജെപി. പാര്‍ട്ടിയുടെ ദേശീയ നേതൃത്വം അടക്കം പ്രതീക്ഷ പുലര്‍ത്തിയ തിരുവനന്തപുരം നഗരസഭയിലെ കാര്യം പ്രത്യേകം പരിശോധിക്കും. തെരഞ്ഞെടുപ്പ് പ്രകടനത്തെക്കുറിച്ച് ജില്ലാതല റിവ്യു ഉടന്‍ ഉണ്ടാകും. തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പാര്‍ട്ടി കോര്‍ കമ്മിറ്റി ചേര്‍ന്നും ചര്‍ച്ച ചെയ്യും. തിരുവനന്തപുരം നഗരസഭയിലെ 20 വാര്‍ഡുകളിലെങ്കിലും എല്‍ഡിഎഫ്- യുഡിഎഫ് ധാരണയുണ്ടായിരുന്നതായി നേതാക്കള്‍ പറയുന്നു. തിരുവനന്തപുരത്ത് മാത്രമല്ല, സംസ്ഥാനത്ത് ബിജെപി മുന്നേറ്റമുണ്ടാകുമെന്ന് കരുതുന്ന ഇടങ്ങളിലെല്ലാം ഈ ധാരണ നിലനില്‍ക്കുന്നതായും വിലയിരുത്തുന്നു. എന്നാല്‍ ഉയര്‍ന്ന വോട്ടിംഗ് ശതമാനത്തില്‍ പ്രതീക്ഷ വയ്ക്കുകയാണ് ബിജെപി. വരുന്ന തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ അപ്രസക്തമാക്കാന്‍ പോന്ന മുന്നേറ്റമായാണ് ബിജെപി ഇതിനെ കാണുന്നത്.

കെ.സുരേന്ദ്രനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നത് സാധാരണ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കി. വിഷയങ്ങള്‍യഥാസമയം പരിഹരിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പിന്നോട്ട് പോയതും ഇതിന് ആക്കം കൂട്ടിയതായാണ് വിലയിരുത്തല്‍. അതേസമയം, തദ്ദേശ തെരഞ്ഞടുപ്പില്‍ മത്സരിച്ച സംസ്ഥാന നേതാക്കള്‍ക്കായിരിക്കും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രഥമ പരിഗണന നല്‍കുകയെന്നും സൂചനയുണ്ട്. തൃശൂരില്‍ ബി.ഗോപാലകൃഷ്ണനും, തിരുവനന്തപുരത്ത് എസ്.സുരേഷുമടക്കമുള്ള നേതാക്കള്‍ മത്സരിച്ച് തോല്‍ക്കുകയും, വി.വി.രാജേഷിനെ പോലുള്ള േേനതാക്കള്‍ ജയിക്കുകയും ചെയ്‌തെങ്കിലും മത്സരിച്ച നേതാക്കള്‍ക്കെല്ലാം സീറ്റ് നല്‍കണമെന്നതാണ് പാര്‍ട്ടിക്കുള്ളിലെ ധാരണ.

Story Highlights – BJP will examine its performance in the local body elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top