കാസർഗോഡും തരംഗം സൃഷ്ടിച്ച് എൽഡിഎഫ്; ഭരണം തിരിച്ചുപിടിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ നേട്ടമുണ്ടാക്കി ഇടതു മുന്നണി. ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച എൽഡിഎഫ് 15 ഗ്രാമപഞ്ചായത്തുകളിൽ ഭരണം ഉറപ്പിച്ചു. അതേസമയം നാല് പഞ്ചായത്തുകളിൽ ഭരണമാർക്കെന്ന് സ്വതന്ത്രരാകും തീരുമാനിക്കുക.
2015ൽ നഷ്ടമായ കാസർകോട് ജില്ലാ പഞ്ചായത്ത് സ്വതന്ത്രനുൾപ്പെടെ 8 ഡിവിഷനിൽ ജയം നേടി ഇത്തവണ എൽഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. 7 ഡിവിഷനിൽ യുഡിഎഫും 2 ഡിവിഷനിൽ എൻഡിഎയും ജയിച്ചപ്പോൾ മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാനും മുൻ കോൺഗ്രസ് നേതാവുമായ ഷാനവാസ് പാദുരിന്റെ വിജയമാണ് എൽഡിഎഫിന് ഭരണം ഉറപ്പിച്ചത്. 139 വോട്ടിന്റെ അട്ടിമറി വിജയമാണ് ഇടതു സ്വതന്ത്രനായ ഷാനവാസ് പാദൂർ ചെങ്കളയിൽ നേടിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലെ ഇക്കുറിയും 6 ബ്ലോക്ക് പഞ്ചായത്തിൽ 4 ഇടത്ത് എൽഡിഎഫും 2 ഇടത്ത് യുഡിഎഫും ഭരണം നിലനിർത്തി.നഗരസഭകളിൽ കാസർകോട് നഗരസഭ മാത്രമാണ് യുഡിഎഫിന് സ്വന്തമാക്കാനായത്. നീലേശ്വരത്തും കാഞ്ഞങ്ങാടും വ്യക്തമായ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്റെ ജയം.
38 ഗ്രാമ പഞ്ചായത്തുകളിൽ 15 പഞ്ചായത്ത് എൽഡിഎഫ് തൂത്തുവാരി. കഴിഞ്ഞ തവണ വിജയിച്ച പുല്ലൂർ പെരിയ, വെസ്റ്റ്എളേരി പഞ്ചായത്തുകൾ നഷ്ടമായപ്പോൾ ഉദുമ, കുറ്റിക്കോൽ, വലിയപറമ്പ് പഞ്ചായത്തുകൾ യുഡിഎഫിൽ നിന്നും പിടിച്ചെടുത്തു. യുഡിഎഫിന് 13 പഞ്ചായത്തുകളിൽ മാത്രമാണ് കേവല ഭൂരിപക്ഷം.നേരത്തെ ഒറ്റയ്ക്ക് ഭരണമുണ്ടായിരുന്ന മൊഗ്രാൽപുത്തൂർ ഉൾപ്പെടെയുള്ള വടക്കൻ പഞ്ചായത്തുകളിൽ സ്വതന്ത്രരുടെ നിലപാടിലാണ് ഭാവി.
2015ൽ 5 ഇടത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഇത്തവണയും 5 ഇടങ്ങളിൽ മേൽക്കൈ നേടി.എന്നാൽ മീഞ്ച, പൈവളിഗെ, കാറഡുക്ക പഞ്ചായത്തുകളിൽ ഭരണം പ്രതിസന്ധിയിലാണ്. മധൂരും ബെള്ളൂരും മാത്രമാണ് വ്യക്തമായ ലീഡുള്ളത്.
അതേസമയം ബദിയടുക്ക, മുളിയാർ, വൊർക്കാടി, കുംബഡാജെ പഞ്ചായത്തുകൾ ആർക്കൊപ്പമെന്നത് സ്വതന്ത്രരുടെ നിലപാടിനെ ആശ്രയിച്ചിരിക്കും. മലയോര പഞ്ചായത്തായ ഈസ്റ്റ് എളേരിയിൽ ഭരണം ഇക്കുറിയും ജനകീയ വികസന മുന്നണിക്കാണ്.
Story Highlights – ldf won in kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here