രാഷ്ട്രീയവേട്ടയ്ക്കുള്ള ജനകീയമായ മറുപടിയാണ് ഇടതുമുന്നണിയുടെ ഉജ്ജ്വല വിജയമെന്ന് എംവി ശ്രേയാംസ് കുമാർ

കേന്ദ്ര അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയവേട്ടയ്ക്കുള്ള ജനകീയമായ മറുപടിയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ ഉജ്ജ്വല വിജയമെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡണ്ട് എംവി ശ്രേയാംസ് കുമാർ. സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങളെ മറച്ചു പിടിയ്ക്കാനും കരി പൂശാനും നടത്തിയ ഗുഢാലോചനയെ തള്ളിക്കളയുകയാണ് കേരള ജനത. വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം അനുവദിക്കില്ലെന്ന ജനങ്ങളുടെ മുന്നറിയിപ്പാണിതെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
കൊവിഡ് 19 കാലത്തു പോലും രാഷ്ട്രീയ ദുഷ്ടലാക്കോടെ ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തിയവരെ ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ ജനവിധി. അനാവശ്യ സമരങ്ങളേയും ആരോപണങ്ങളേയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലൂടെ സമൂഹം പുച്ഛിച്ചു തള്ളുന്നു. മതേതര കേരളത്തിന്റെ നിലനിൽപിനെ വെല്ലുവിളിക്കുന്നവർക്കും ഈ ജനവിധി മികച്ച പാഠമാണ്. വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയും സൗകര്യം പോലെ ബിജെപിയോട് നീക്കുപോക്കുണ്ടാക്കിയും ഇടതുപക്ഷത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചന കേരളം അംഗീകരിക്കില്ല. മതരാഷ്ട്ര വാദികളുടെ വർഗീയ ചേരിവ് സംസ്ഥാനത്തിന്റെ സമാധാന ജീവിതത്തെ അസാധ്യമാക്കുമെന്ന തിരിച്ചറിവും വോട്ടർമാർ ഈ വിധിയെഴുത്തിലൂടെ പ്രകടമാക്കുന്നു.
വിവാദങ്ങളല്ലാ, വികസന പ്രവർത്തനങ്ങളിലൂടെയുള്ള സാമൂഹിക മുന്നേറ്റമാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞ് ഇടതു ജനാധിപത്യ മുന്നണിക്ക് സമുജ്ജ്വല വിജയം സമ്മാനിച്ച രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Story Highlights – MV Shreyams Kumar says Left Front’s resounding victory is a popular response to political manhunt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here