Advertisement

ഒരു പഞ്ചായത്തില്‍ പോലും ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിക്കാനുള്ള ധൈര്യമുണ്ടോ; കോണ്‍ഗ്രസിനോട് തോമസ് ഐസക്ക്

December 17, 2020
1 minute Read
Thomas Isaacs challenging Congress leaders

കോണ്‍ഗ്രസ് നേതാക്കളെ പരസ്യമായി വെല്ലുവിളിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തില്‍ ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ബിജെപി ഭരിക്കില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം കോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കുമോ എന്ന് തോമസ് ഐസക്ക് ചോദിച്ചു. തെരഞ്ഞെടുപ്പു ഫലത്തിന്റെ തുടര്‍ച്ചയായി കേരളം കാതോര്‍ക്കുന്നത് ഈ ചോദ്യത്തിന് ഉത്തരം കിട്ടാനാണെന്നും ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തില്‍ ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ബിജെപി ഭരിക്കില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം കോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കുമോ?
തിരഞ്ഞെടുപ്പു ഫലത്തിന്റെ തുടര്‍ച്ചയായി കേരളം കാതോര്‍ക്കുന്നത് ഈ ചോദ്യത്തിന് ഉത്തരം കിട്ടാനാണ്. യഥാര്‍ത്ഥത്തില്‍ ബിജെപിയ്ക്ക് നാലു പഞ്ചായത്തുകളില്‍ മാത്രമാണ് തനിച്ചു ഭരിക്കാന്‍ ഭൂരിപക്ഷം ലഭിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മറ്റു പഞ്ചായത്തുകളില്‍ അവര്‍ക്ക് കേവല ഭൂരിപക്ഷമില്ല.
അത്തരം പഞ്ചായത്തുകളില്‍ എങ്ങനെയാവും അവര്‍ ഭൂരിപക്ഷം തരപ്പെടുത്തുക? ആ കളിയില്‍ എന്തായിരിക്കും കോണ്‍ഗ്രസിന്റെ റോള്‍? ഉദാഹരണത്തിന് ആലപ്പുഴ ജില്ലയിലെ കോടന്തുരുത്ത്, തിരുവനന്‍വണ്ടൂര്‍ പഞ്ചായത്തുകളെടുക്കാം. രണ്ടിടത്തും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. പക്ഷേ, ഭരിക്കാനുള്ള കേവല ഭൂരിപക്ഷമില്ല.
കോടന്തുരുത്തില്‍ ബിജെപിയ്ക്ക് 7 സീറ്റും യുഡിഎഫിന് 5 സീറ്റും എല്‍ഡിഎഫിന് 3 സീറ്റുമുണ്ട്. തിരുവന്‍വണ്ടൂരില്‍ ബിജെപിയ്ക്ക് 5 സീറ്റും യുഡിഎഫിന് 3 സീറ്റും എല്‍ഡിഎഫിന് 2 സീറ്റുമുണ്ട്. മൂന്നു സ്വതന്ത്രരും. ഇവിടെയൊക്കെ എന്തായിരിക്കും യുഡിഎഫിന്റെ നിലപാട്? പ്രതിപക്ഷ നേതാവിന്റെ ജില്ലയാണല്ലോ ആലപ്പുഴ? ഈ പഞ്ചായത്തുകളില്‍ എന്തു സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കാന്‍ പോകുന്നത് എന്ന് തുറന്നു പ്രഖ്യാപിക്കാമോ?
പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ ഹരിപ്പാട്ടെ കരുവാറ്റ, ചെറുതന, കാര്‍ത്തികപ്പള്ളി പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. കരുവാറ്റയില്‍ 7 എല്‍ഡിഎഫ്, 6 യുഡിഎഫ്, 2 ബിജെപി എന്നാണ് കക്ഷിനില. ചെറുതനയില്‍ 5 എല്‍ഡിഎഫ്, 5 യുഡിഎഫ്, 3 ബിജെപി. കാര്‍ത്തികപ്പള്ളിയില്‍ 5 എല്‍ഡിഎഫ്, 4 ബിജെപി, 3 യുഡിഎഫ്, ഒരു സ്വതന്ത്രന്‍.
ഇതുവരെയുള്ള രീതിവെച്ച് തിരുവന്‍വണ്ടൂരിലും കോടന്തുരുത്തിലും ബിജെപിയെ കോണ്‍ഗ്രസ് സഹായിക്കുകയും പകരം കരുവാറ്റയിലും ചെറുതനയിലും കാര്‍ത്തികപ്പള്ളിയിലും തിരിച്ചു സഹായം സ്വീകരിക്കുകയും ചെയ്യുന്ന കാഴ്ച തന്നെയാവും നാം കാണാന്‍ പോവുക.
അങ്ങനെയുണ്ടാവില്ല എന്ന് കേരളത്തിന് ഉറപ്പു നല്‍കാന്‍ കെപിസിസി പ്രസിഡന്റിനോ പ്രതിപക്ഷ നേതാവിനോ കഴിയുമോ?

Story Highlights – Thomas Isaacs challenging Congress leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top