കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസ് : കുറ്റപത്രം സമർപ്പിച്ചു

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ മൂന്ന് വൈദികരടക്കം നാല് പേരാണ് പ്രതികൾ. വൈദികരായ ടോണി കല്ലൂക്കാരൻ, പോൾ തേലക്കാട്ട്, ബെന്നി മാരാംപറമ്പിൽ എന്നിവർ പ്രതിപ്പട്ടികയിലുണ്ട്.
വൻകിട ക്ലബുകളിൽ അംഗത്വം, വ്യവസായ ഗ്രുപ്പുമായി സാമ്പത്തിക ഇടപാട് എന്നിങ്ങനെയുള്ള തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ പ്രതികൾ വ്യാജ രേഖകൾ തയ്യാറാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. എറണാകുളം – അങ്കമാലി അതിരൂപതയിലെ ഫാദർ ടോണി കല്ലുക്കാരനാണ് കേസിലെ ഒന്നാം പ്രതി. ഫാ. പോൾ തേലക്കാട്ടാണ് രണ്ടാം പ്രതി, ബെന്നി മാരാംപറമ്പിൽ മൂന്നാം പ്രതിയും, സഭാംഗമായ ആദിത്യ വളവി നാലാം പ്രതിയുമാണ്. ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കർദിനാൾ ജോർജ് ആലഞ്ചേരിയെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കാനായി പ്രതികൾ ഗൂഡാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇതിനായി സഭാംഗങ്ങളെയും സിനഡിനെയും തെറ്റിദ്ധരിപ്പിക്കാനായി സാമ്പത്തിക ഇടപാട് രേഖകൾ വ്യാജമായി നിർമിച്ചു.
കർദിനാൾ ആലഞ്ചേരിയുടെ പേരിൽ വൻതുക കൈമാറ്റം ചെയ്തെന്ന ബാങ്ക് രേഖകൾ വ്യാജമായി തയാറാക്കി. എട്ട് ലത്തീൻ ബിഷപ്പുമാർക്ക് അനധികൃതമായി പണം കൈമാറിയെന്ന് തെറ്റിദ്ധരിപ്പിക്കാൻ അവരുടെ പേരുകളും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപെടുത്തി രേഖകൾ നിർമിച്ചു. കൊച്ചിയിലെ മാളിൽ ബിഷപ്പുമാരടക്കം 15 പേർ യോഗം ചേർന്നുവെന്നും രേഖകളുണ്ടാക്കി. കർദ്ദിനാൾ ആലഞ്ചേരി സ്വകാര്യ കമ്പനയിൽ വൻതുക ബിനാമി പേരിൽ നിക്ഷേപം നടത്തിയെന്ന വ്യാജ റിപ്പോർട്ടും തയ്യാറാക്കി. സാങ്കേതിക പരിജ്ഞാനമുള്ള കോന്തുരുത്തി സ്വദേശി ആദിത്യ വളവിയാണ് രേഖകൾ തയ്യാറാക്കിയതെന്ന് കുറ്റപത്രം പറയുന്നു. ഇതിന് സഹായം നൽകിയ വിഷ്ണു റോയി കേസിൽ മാപ്പ് സാക്ഷിയാണ്. ഈ വിവരങ്ങൾ വൈദികർ പരസ്പരം പങ്ക് വെക്കുകയും ചർച്ച ചെയ്യുകയും ചെയ്തു.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭുമി വിൽപന വഴി കർദിനാൾ അനധികൃധ നേട്ടമുണ്ടാക്കിയെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമമെന്ന് കുറ്റപത്രം പറയുന്നു. വ്യാജരേഖകൾ കരുതിക്കൂട്ടി നിർമിച്ചതിന് ഡിജിറ്റൽ തെളിവുകളുണ്ടെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കേസിൽ 87 സാക്ഷികളാണുള്ളത്. സഭാധ്യക്ഷനെതിരെ വ്യാജരേഖകൾ തയ്യാറാക്കിയതിന് വൈദികർ പ്രതികളാകുന്നുവെന്ന അപൂർവതയാണ് കേസിനുള്ളത്.
Story Highlights – mar George alencherry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here