Advertisement

മുസ്‌ലിം ലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങിനെയാണ് മുസ്‌ലിം സമുദായത്തിനെതിരാവുക ; മന്ത്രി കെ.ടി. ജലീല്‍

December 20, 2020
2 minutes Read
Minister KT Jalil's Facebook post criticizing the Muslim League

കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗ് ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് പിന്നാലെ മുസ്‌ലിം ലീഗിനെ വിമര്‍ശിച്ച് മന്ത്രി കെ.ടി. ജലീല്‍. മുസ്‌ലിം ലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങിനെയാണ് മുസ്‌ലിം സമുദായത്തിനെതിരാവുക എന്ന് കെ.ടി ജലീല്‍ ചോദിച്ചു.
ഇച്ഛാശക്തിയും വിശ്വാസ്യതയും നഷ്ടപ്പെട്ടുവെന്ന് ബോധ്യമായ പുതിയ കാലത്തെ ലീഗ് നേതൃത്വം സാമുദായിക സ്വത്വത്തിലേക്ക് ഉള്‍വലിയുന്ന കാഴ്ച ദയനീയവും പരിഹാസ്യവുമാണെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. യുഡിഎഫിന്റെ നേതൃത്വം മുസ്‌ലിം ലീഗ് ഏറ്റെടുക്കുകയാണോയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. യുഡിഎഫ് അപ്രസക്തമായിരിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

മുസ്‌ലിം ലീഗ് ഒരു രാഷ്ടീയ പാര്‍ട്ടിയാണോ അതല്ല ഒരു മുസ്‌ലിം സാമുദായിക സംഘടനയാണോ എന്ന കാര്യത്തില്‍ ലീഗ് നേതൃത്വം തന്നെ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. ലീഗിന്റെ സംശയം മാറാന്‍ ഓരേയൊരു പോംവഴിയേ ഉള്ളൂ. ലീഗെന്ന ന്യൂനപക്ഷ രാഷ്ട്രീയ സംഘടനയുടെ പേരില്‍ നിന്ന് ‘മുസ്‌ലിം്’ ഒഴിവാക്കുക. അല്ലാത്തിടത്തോളം കാലം സംശയ രോഗം ലീഗിനെ വേട്ടയാടിക്കൊണ്ടേയിരിക്കും.
മുസ്‌ലിം ലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങിനെയാണ് മുസ്‌ലിം സമുദായത്തിനെതിരാവുക? കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് കേരള കോണ്‍ഗ്രസോ ആര്‍.എസ്.പിയോ ആണെന്ന് പറഞ്ഞാല്‍ ഇല്ലാത്ത ഒരു വ്യാഖ്യാനം മുസ്‌ലിം ലീഗാണെന്ന് പറയുമ്പോള്‍ ഉണ്ടാകുന്നത് ആരുടെ കുഴപ്പമാണ്? വര്‍ഗീയക്കണ്ണടയിലൂടെ എല്ലാറ്റിനേയും നോക്കിക്കാണുന്നവര്‍ക്ക് എല്ലാം വര്‍ഗീയമായി തോന്നുക സ്വാഭാവികമാണ്.

പണ്ഡിറ്റ് നഹ്‌റു മുസ്‌ലിം ലീഗിനെ ചത്ത കുതിര എന്ന് വിശേഷിപ്പിച്ചപ്പോള്‍ നെഹ്‌റു മുസ്‌ലിം സമുദായത്തെയാണ് അതുകൊണ്ടുദ്ദേശിച്ചതെന്ന് ബാഫഖി തങ്ങളോ സി.എച്ചോ പറഞ്ഞതായി കേട്ടിട്ടില്ല. രാഷ്ട്രീയ മറുപടിയാണ് സി.എച്ച് മുഹമ്മദ് കോയ സാഹിബ് അതിന് നല്‍കിയത്. ‘പണ്ഡിറ്റ്ജീ, മുസ്‌ലിം ലീഗ് ചത്ത കുതിരയല്ല, ഉറങ്ങിക്കിടക്കുന്ന സിംഹമാണ്’. മതസ്വത്വം മുസ്‌ലിം ലീഗിനെ ആവാഹിച്ചിട്ടുണ്ടെന്ന് ആക്ഷേപിക്കപ്പെട്ടിരുന്ന കാലത്ത് പോലും സാമുദായിക മേലങ്കിയല്ല ലീഗ് അണിഞ്ഞത്, രാഷ്ട്രീയക്കുപ്പായമാണ്. ഇച്ഛാശക്തിയും വിശ്വാസ്യതയും നഷ്ടപ്പെട്ടുവെന്ന് ബോധ്യമായ പുതിയ കാലത്തെ ലീഗ് നേതൃത്വം സാമുദായിക സ്വത്വത്തിലേക്ക് ഉള്‍വലിയുന്ന കാഴ്ച ദയനീയവും പരിഹാസ്യവുമാണ്. മുഖം വികൃതമായവര്‍ സ്വയം കണ്ണാടി കുത്തിപ്പൊട്ടിക്കുന്നത് കാണാന്‍ നല്ല ചേലുണ്ട്.
ന്യൂജെന്നില്‍പെട്ട വിദ്യാര്‍ത്ഥി നേതാക്കളെ ഇറക്കി പിണറായി വിജയനെ ‘താനെന്നൊക്കെ’ വിളിപ്പിക്കുന്നവര്‍ അതിന് പ്രതികരണമെന്നോണം അത്തരം വിളികള്‍ ലീഗിന്റെ ആത്മീയ നേതൃത്വത്തിനെതിരായി ഉയര്‍ത്തപ്പെടുമ്പോള്‍ ധാര്‍മ്മികരോഷം കൊള്ളരുത്. ലീഗിനും ലീഗിന്റെ പുതുതലമുറക്കും അയ്മൂന്ന് പതിനഞ്ചും ഇടതുപക്ഷക്കാര്‍ക്ക് അയ്മൂന്ന് പതിമൂന്നുമല്ലെന്ന ഓര്‍മ്മവേണം.
‘മറ്റുള്ളവരുടെ ആരാധ്യപുരുഷരെ നിങ്ങള്‍ ചീത്ത പറയരുത്. അങ്ങിനെ പറഞ്ഞാല്‍ അവര്‍ നിങ്ങളുടെ ആരാധ്യരേയും ചീത്ത പറയും'(വിശുദ്ധ ഖുര്‍ആന്‍). ആരാധ്യരുടെ കാര്യത്തില്‍ മാത്രമല്ല, ബഹുമാന്യരായ നേതാക്കളുടെ കാര്യത്തിലും ഇത് ബാധകമാണെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞുവെച്ചിട്ടുള്ളത്.

Story Highlights – Minister KT Jalil’s Facebook post criticizing the Muslim League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top