പത്തനംതിട്ടയിൽ കോൺഗ്രസിൽ പടയൊരുക്കം; ഡി.സി.സി പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിന് കത്ത്

തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പത്തനംതിട്ടയിൽ ഡി.സി.സി പ്രസിഡന്റിനെതിരെ കോൺഗ്രസിൽ പടയൊരുക്കം. എ ഗ്രൂപ്പ് നേതാക്കൾ യോഗം ചേർന്ന് ബാബു ജോർജിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിന് കത്ത് നൽകി. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ബാബു ജോർജിനാണന്നും സ്വയം രാജിവയ്ക്കണമെന്നും കത്തിൽ പറയുന്നു.
പരമ്പരാഗതമായി കോൺഗ്രസിന്റെ കൂടെ നിൽക്കുന്ന ജില്ലയിൽ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിക്ക് പിന്നാലെയാണ് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജിനെതിരെ ആരോപണമുയരുന്നത്. എ ഗ്രൂപ്പ് നേതാക്കൾ യോഗം ചേർന്ന് ബാബു ജോർജിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നൽകി. പ്രസിഡന്റിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കത്തിലുള്ളത്. ഘടക കക്ഷികൾക്ക് അനുവദിച്ച സീറ്റിൽ റിബലുകളെ നിർത്തിയതും ചിഹ്നം അനുവദിച്ചതും പ്രസിഡന്റിന്റെ അറിവോടെയാണ്. കെ.പി.സി.സി നിർദേശങ്ങൾ മറികടന്ന് പ്രസിഡന്റ് സ്ഥാനാത്ഥികളിൽ നിന്ന് 5000 രൂപ വീതം പിരിവ് വാങ്ങി. പൊതുവായ പ്രചാരണങ്ങളും പൊതുയോഗങ്ങളും കൃത്യ സമയത്ത് സംഘടിപ്പിച്ചില്ല. സ്ഥാനാർത്ഥി നിണയം മറ്റുള്ളവരോട് ആലോചിക്കാതിരുന്നത് തോൽവിയുടെ പ്രധാന കാരണമാണെന്നും വാർഡ് തല നേതാക്കളെ പോലും അവഗണിച്ച് പല തീരുമാനങ്ങളും എടുത്തത് പ്രസിഡന്റ് ഏകപക്ഷീയമായാണെന്നും കത്തിൽ പറയുന്നു. കെ.പി.സി.സി -ഡി.സി.സി നേതാക്കൾ ഉൾപ്പെട്ട 12 പേരാണ് ഇന്നലെ രഹസ്യ യോഗം ചേർന്നത്.
Story Highlights – KPCC, Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here