പാലക്കാട് ജയ് ശ്രീറാം ബാനർ ഉയർത്തിയ സംഭവം; നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട് മുനിസിപ്പൽ ഓഫിസിന് മുകളിൽ ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും ‘ജയ് ശ്രീറാം’ എന്ന ബാനർ ഉയർത്തുകയും ചെയ്ത സംഭവത്തിൽ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസൻ, കൊപ്പം സ്വദേശികളായ ബിനു, ഉണ്ണികൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിലാണ് ഭരണഘടനാ സ്ഥാപനമായ മുനിസിപ്പൽ ഓഫിസിന് മുന്നിൽ ജയ് ശ്രീറാം എന്നെഴുതിയ ബാനർ ഉയർത്തിയത്. ബിജെപി ജനറൽ സെക്രട്ടറി സി. കൃഷ്ണ കുമാറിൻ്റെ ഭാര്യയുടെ വിജയ പ്രഖ്യാപനത്തിന് ശേഷമായിരുന്നു സംഭവം. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കി.
തുടർന്ന് മുനിസിപ്പൽ സെക്രട്ടറി പരാതിയുമായി ടൗൺ പൊലീസിനെ സമീപിച്ചു. ബിജെപി നേതാക്കളുടെ അറിവോടെയാണ് നടപടിയെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തിരുന്നു.
Story Highlights – Jai Sriram, Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here