Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (29-12-2020)

December 29, 2020
1 minute Read

കര്‍ഷക പ്രക്ഷോഭം; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം ഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹമെന്ന് അണ്ണാ ഹസാരെ

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം ഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. അതേസമയം ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം 34ാം ദിവസത്തിലേക്ക് കടന്നു. നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂറ്റന്‍ ട്രാക്ടര്‍ റാലി വ്യാഴാഴ്ചത്തേക്ക് മാറ്റി.

ജനിതക മാറ്റം വന്ന കൊവിഡ്: സംസ്ഥാനം അതീവ ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി

ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്ത് സ്ഥിരീകരിച്ചതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ബ്രിട്ടനില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.

അഭയ കേസ്; മുതിര്‍ന്ന ജഡ്ജിയുടെ ഇടപെടലുണ്ടായെന്ന് മുന്‍ സിബിഐ ഡയറക്ടര്‍

സിസ്റ്റര്‍ അഭയ കൊലപാതകക്കേസ് വൈകിപ്പിക്കാന്‍ മുതിര്‍ന്ന ജഡ്ജി ഇടപെട്ടെന്ന് മുന്‍ സിബിഐ ഡയറക്ടര്‍. സിബിഐയിലെ ഉദ്യോഗസ്ഥരില്‍ നിന്നാണ് മുന്‍ ജഡ്ജിയുടെ ഇടപെടല്‍ അറിഞ്ഞതെന്ന് എം നാഗേശ്വര റാവു. 2016-18 കാലത്ത് ചെന്നൈ ജോയിന്റ് ഡയറക്ടര്‍ ആയിരിക്കെ അഭയ കേസില്‍ ഇടപെട്ടിരുന്നു. ജസ്റ്റിസ് സിറിയക് ജോസഫിന് എതിരായ വാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവച്ചായിരുന്നു പ്രതികരണം.

ജനിതക മാറ്റം വന്ന കൊറോണ വൈറസ് ഇന്ത്യയിലും

ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തി. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേരിലാണ് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്. മൂന്ന് പേര്‍ ബംഗളൂരുവിലാണുള്ളത്. രണ്ട് പേര്‍ ഹൈദരാബാദിലും ഒരാള്‍ പൂനെയിലുമുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അതിതീവ്ര വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

നെയ്യാറ്റിന്‍കരയില്‍ ദമ്പതിമാര്‍ തീകൊളുത്തി മരിച്ച സംഭവം; പൊലീസിന്റെ വീഴ്ച അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ദമ്പതിമാര്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡിജിപി ലോകനാഥ് ബെഹ്‌റ. തിരുവനന്തപുരം റൂറല്‍ എസ്പിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചു. മരിച്ചത് രാജന്‍- അമ്പിളി ദമ്പതിമാരാണ്. മരണ കാരണം പൊലീസിന്റെ അനാസ്ഥയെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം.

കോഴിക്കോട് വൻ തീപിടുത്തം

കോഴിക്കോട് ചെറുവണ്ണൂരിലെ ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്.

കര്‍ഷക പ്രക്ഷോഭം ശക്തമാക്കാന്‍ സംഘടനകള്‍; ഇന്ന് പട്‌നയിലും തഞ്ചാവൂരിലും കൂറ്റന്‍ റാലികള്‍

പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍. ബിഹാര്‍ തലസ്ഥാനമായ പട്‌നയിലും തമിഴ്‌നാട്ടിലെ തഞ്ചാവൂരിലും ഇന്ന് കൂറ്റന്‍ റാലികള്‍ നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. മണിപ്പൂരിലും ഹൈദരാബാദിലും നാളെ കര്‍ഷക റാലി സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ വിളിച്ച നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് അടക്കം ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. പഞ്ചാബില്‍ റിലയന്‍സ് ജിയോയുടെ 1500 ടവറുകള്‍ ഇതുവരെ പ്രക്ഷോഭകര്‍ തകര്‍ത്തു.

തീ കൊളുത്തി മരിച്ച വീട്ടമ്മയുടെ മൃതദേഹം ഇന്ന് വിട്ടുനല്‍കും; അച്ഛന്റെയും അമ്മയുടെയും കൊലപാതകത്തിന് കാരണം പൊലീസ് എന്ന് മക്കള്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെ ആത്മഹത്യ ചെയ്ത അമ്പിളിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അമ്പിളി ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. രാജന്റെയും അമ്പിളിയുടെയും മരണത്തിന് കാരണം പൊലീസെന്ന് മക്കള്‍ ആരോപിച്ചു.

കേന്ദ്രം കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ജനുവരി 31 വരെ നീട്ടി

നിലവിലുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്ത മാസം 31ാം തിയതി വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് നടപടി. കൊവിഡിന്റെ പുതിയ വകഭേഭങ്ങള്‍ പ്രത്യക്ഷമായ സാഹചര്യത്തിലാണ് നടപടി.

Story Highlights – news round up, todays headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top