‘സിഎജി റിപ്പോർട്ടിനെക്കുറിച്ച് സഭയ്ക്ക് പുറത്തു പറഞ്ഞത് അറിഞ്ഞു കൊണ്ടു തന്നെ’; ധനമന്ത്രി തോമസ് ഐസക്

സിഎജി റിപ്പോർട്ടിനെക്കുറിച്ച് സഭയ്ക്ക് പുറത്തു പറഞ്ഞത് അറിഞ്ഞു കൊണ്ടു തന്നെയെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎജിയുടെ നിലപാട് ജനങ്ങൾ ചർച്ച ചെയ്യട്ടെയെന്നും തോമസ് ഐസക് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. റിപ്പോർട്ട് ചോർച്ചയിൽ നിയമസഭാ സമിതിക്കു മുന്നിൽ ഹാജരായ ശേഷമാണ് ധനമന്ത്രിയുടെ പ്രതികരണം. അവകാശ ലംഘനം നടത്തിയിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു
കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരെ ധനമന്ത്രി ഉന്നയിച്ച വിമർശനങ്ങളാണ് വിവാദത്തിനു തുടക്കമിട്ടത്. റിപ്പോർട്ട് സഭയുടെ മേശപ്പുറത്തു വെയ്ക്കും മുമ്പേ ധനമന്ത്രി ചോർത്തിയത് അവകാശലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ലഭിച്ചത് കരട് റിപ്പോർട്ടെന്നാണ് കരുതിയതെന്ന് ആദ്യം പറഞ്ഞ ധനമന്ത്രി പിന്നീട് അന്തിമ റിപ്പോർട്ടെന്നു തിരുത്തി. അറിഞ്ഞുതന്നെയാണ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു പറഞ്ഞതെന്ന് ധനമന്ത്രി പറഞ്ഞു.
സിഎജി റിപ്പോർട്ടിനെതിരായ മുൻ നിലപാടിൽ മാറ്റമില്ല. അവകാശ ലംഘനത്തിന്റെ പ്രശ്‌നവുമില്ല. സമിതി എന്തു നിലപാടെടുത്താലും അംഗീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ജനുവരി 8 ന് തുടങ്ങുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ അവകാശ സമിതി സഭയിൽ റിപ്പോർട്ട് വെച്ചേക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയെ അവകാശ സമിതി വിളിച്ചു വരുത്തുന്നതെന്നതും ശ്രദ്ധേയമാണ്.
Story Highlights – ‘Knowing what was said outside the church about the CAG report’; Finance Minister Thomas Isaac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here