തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷ തെരഞ്ഞെടുപ്പ് : എൽഡിഎഫിന് മേൽക്കൈ

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷരെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ. വയനാട് ജില്ലാ പഞ്ചായത്തിലേതുൾപ്പെടെ നറുക്കെടുപ്പ് നടന്നതിൽ ഭൂരിഭാഗമിടത്തും യുഡിഎഫിനെ ഭാഗ്യം തുണച്ചു. അധ്യക്ഷസ്ഥാനാർത്ഥിയെ പിന്തുണച്ച് എസ്ഡിപിഐയും ബിജെപിയും പലയിടത്തും എൽഡിഎഫിനെയും യുഡിഎഫിനെയും വെട്ടിലാക്കി.
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനായുള്ള നറുക്കെടുപ്പിൽ ഭാഗ്യം യുഡിഎഫിലെ ഷംസാദ് മരയ്ക്കാറിനൊപ്പം നിന്നു. അഭിമാനപോരാട്ടം നടന്ന കോട്ടയത്ത് കേരളാ കോൺഗ്രസ് എമ്മിലെ നിർമ്മല ജിമ്മി ഏഴിനെതിരെ പതിനാല് വോട്ടുനേടിയാണ് വിജയിച്ചത്. വയനാടിന് പുറമെ എറണാകുളം, മലപ്പുറവും മാത്രമാണ് യുഡിഎഫിന് അധ്യക്ഷൻമാരുള്ളത്. ചിറ്റാർ ഗ്രാമപഞ്ചായത്തിൽ ഡിസിസി അംഗം സജി കുളത്തിങ്കൽ എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി. ആലപ്പുഴ മുട്ടാറിൽ പിജെ ജോസഫ് വിഭാഗത്തിലെ രണ്ടംഗങ്ങളുടെ പിന്തുണയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു.
പ്രതിപക്ഷനേതാവിന്റെ പഞ്ചായത്തായ തൃപ്പെരുംതുറയിൽ യുഡിഎഫ് പിന്തുണയോടെയാണ് സിപിഐഎം സ്ഥാനാർത്ഥി വിജയിച്ചത്. കോഴിക്കോട് അഴിയൂരിൽ നറുക്കെടുപ്പിലൂടെ ജനകീയമുന്നണിയുടെ ആയിഷ ഉമ്മർ പ്രസിഡന്റായി. കണ്ണൂർ നടുവിൽ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച ഡിസിസി സെക്രട്ടറി ബേബി ഓടംപള്ളി എൽഡിഎഫ് പിന്തുണയോടെ വിജയിച്ചു. യുഡിഎഫിന്റെ ഒരുവോട്ട് അസാധുവായതിനെത്തുടർന്ന് നറുക്കെടുപ്പിലൂടെ മലപ്പുറം നിറമരുതൂർ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. കാസർകോട് കുമ്പഡാജെയിൽ സിപിഐ സ്വതന്ത്രൻ യുഡിഎഫിനെ പിന്തുണച്ചപ്പോൾ, മീഞ്ചയിൽ സിപിഐയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ യുഡിഎഫും തുണച്ചു.
മഞ്ചേശ്വരം ബ്ലോക്ക്, കുമ്പള ഗ്രാമപഞ്ചായത്തുകളിൽ എസ്.ഡി.പി.ഐ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം. പാലക്കാട് അകത്തേത്തറയിൽ സിപിഐഎം അംഗം ലളിതാംബിക ബിജെപി പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ടുരേഖപ്പെടുത്തി. കോട്ടയം ഉഴവൂർ പഞ്ചായത്തിൽ വൺ ഇന്ത്യ വൺ പെൻഷൻ അംഗം യുഡിഎഫ് പിന്തുണയോടെയും ഇടുക്കി വെള്ളിയാമറ്റത്ത് എൽഡിഎഫ് പിന്തുണയോടെയും അധ്യക്ഷരായി. കൊല്ലം ജില്ലയിൽ ആദ്യമായി കല്ലുവാതിക്കൽ പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥി പ്രസിഡന്റായി.
Story Highlights – local body
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here