Advertisement

പതിറ്റാണ്ടിലെ മികച്ച 50 മലയാള സിനിമകൾ

December 31, 2020
2 minutes Read
best malayalam movies decade

ട്രാഫിക് (2011)

നവതരംഗ സിനിമകൾക്ക് വഴി വെട്ടിയ ചിത്രം. രാജേഷ് പിള്ളയുടെ മാസ്റ്റർ പീസ്. പലയിടങ്ങളിലെ ജീവിതങ്ങൾ പരസ്പരം കോർത്ത് ത്രില്ലിംഗായ ഒരു തിരക്കഥയിലൊരുക്കിയ മികച്ച ചലച്ചിത്രാനുഭവം.

ആദാമിന്റെ മകൻ അബു (2011)

സലിം കുമാർ എന്ന നടനെ അടയാളപ്പെടുത്തിയ ചിത്രം. മികച്ച നടനും സിനിമയ്ക്കുമടക്കം സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടിയ മികച്ച സിനിമ. ഹജ്ജിനു പോകാൻ ശ്രമിക്കുന്ന വൃദ്ധദമ്പതികളും ഒടുവിൽ ജീവിതത്തെപ്പറ്റി വ്യത്യസ്തമായ ഒരു കാഴ്ചപ്പാടും പരിചയപ്പെടുത്തുന്ന ചലച്ചിത്രം.

ഇന്ത്യൻ റുപ്പി (2011)

പേര് സൂചിപ്പിക്കുന്നതു പോലെ പണത്തെപ്പറ്റിയും ധന സമ്പാദനത്തെപ്പറ്റിയും വിവരിക്കുന്ന ചിത്രം. പെട്ടെന്ന് പണം സമ്പാദിക്കാൻ ശ്രമിക്കുന്നതിനെപ്പറ്റിയുള്ള ആക്ഷേപ ഹാസ്യമാണ് സിനിമ സംസാരിക്കുന്നത്. സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

സോൾട്ട് ആൻഡ് പെപ്പർ (2011)

ആഷിഖ് അബു-ശ്യാം പുഷ്കരൻ കൂട്ടുകെട്ടിലെ ആദ്യ സിനിമ. വ്യത്യസ്ത രുചിക്കൂട്ടുകളിലൂടെ, സമാന്തരമായ രണ്ട് പ്രണയകഥ പറഞ്ഞ മികച്ച ഒരു ചലച്ചിത്രം. ഹിന്ദി അടക്കം നാലു ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തു. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഉറുമി (2011)

16ആം നൂറ്റാണ്ടിൽ പോർചുഗീസുകാരോട് പോരടിച്ചു നിന്ന ചിറക്കൽ കേളുവിൻ്റെ കഥ. സന്തോഷ് ശിവൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്. ഗംഭീര വിഷ്വലുകളും അഭിനയവും പശ്ചാത്തല സംഗീതവും തിരക്കഥയും കൊണ്ട് ശ്രദ്ധേയമായ ഉറുമി സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടി.

22 ഫീമെയിൽ കോട്ടയം (2012)

ആഷിഖ് അബുവും ശ്യാം പുഷ്കരനും ഒന്നിച്ച രണ്ടാമത്തെ ചിത്രം. റിവഞ്ച് ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമ പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. സിനിമയിൽ മികച്ച അഭിനയം കാഴ്ച വെച്ച റിമ കല്ലിംഗലും ഫഹദ് ഫാസിലും നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി.

ഉസ്താദ് ഹോട്ടൽ (2012)

അഞ്ജലി മേനോൻ്റെ രചനയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത റൊമാൻ്റിക് സിനിമ. ദുൽഖർ സല്മാൻ്റെ കരിയറിലെ ബെഞ്ച്മാർക്ക്. ദുൽഖർ-തിലകൻ രംഗങ്ങൾക്ക് ഏറെ ആരാധകരുണ്ടായി. ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. മൂന്ന് ദേശീയ പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി.

ഷട്ടർ (2012)

നവതരംഗ സിനിമകളിലെ വഴിവെട്ടിയായ മറ്റൊരു ചിത്രം. ഒരു രാത്രിയും രണ്ട് പകലുമായി നടക്കുന്ന ചിത്രം മൂന്ന് പുരുഷന്മാരിലൂടെയും ഒരു സ്ത്രീയിലൂടെയുമാണ് വികസിക്കുന്നത്. 6 ഭാഷകളിലേക്ക് സിനിമ റീമേക്ക് ചെയ്തു. അഞ്ച് ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ആദ്യ ദക്ഷിണേന്ത്യൻ സിനിമയാണ് ഷട്ടർ.

മുംബൈ പൊലീസ് (2013)

പൃഥ്വിരാജിൻ്റെ കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്ന്. പൊലീസ് സ്റ്റോറി എന്നതിനപ്പുറം സങ്കീർണമായ വൈകാരിക പരിസരങ്ങളെയും പറഞ്ഞു പോയ ഗംഭീര ത്രില്ലർ. ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്. പ്രേക്ഷകന് യാതൊരു സൂചനയും നൽകാതെ അവസാനത്തിൽ മാത്രം വെളിവാകുന്ന ക്ലൈമാക്സിൽ തരിച്ചു പോകുന്ന സമാനതകളില്ലാത്ത ചലച്ചിത്രക്കാഴ്ച.

അന്നയും റസൂലും (2013)

ഒരു രാജീവ് രവി മാജിക്ക്. മുസ്ലിം-കൃസ്ത്യൻ പ്രണയകഥ പറയുന്ന മനോഹരമായ സിനിമ. റിച്ച് വിഷ്വലുകൾ കൊണ്ട് മലയാള സിനിമാ ചരിത്രത്തിൽ സ്വന്തമായ ഇടം നേടിയ സിനിമ. അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയം. ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ദൃശ്യം (2013)

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ല്. കുടുംബ കഥ എന്ന ടാഗ് ലൈനിൽ റിലീസായി ത്രില്ലർ സ്വഭാവമെന്നറിഞ്ഞ് തീയറ്ററുകളിലേക്ക് ജനം ഒഴുകിയ സിനിമ. ഏറെക്കുറെ എല്ലാ വിഭാഗങ്ങൾക്കും പൂർണത ലഭിച്ച അപൂർവമായൊരു സിനിമ. നാല് ഇന്ത്യൻ ഭാഷകളിലേക്കും ചൈനീസ് അടക്കം രണ്ട് വിദേശ ഭാഷകളിലേക്കും സിനിമ റീമേക്ക് ചെയ്തു. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചു.

മെമ്മറീസ് (2013)

ദൃശ്യത്തിലൂടെ തുടങ്ങിയ ഞെട്ടിക്കൽ ജീത്തു ജോസഫ് തുടർന്നപ്പോൾ ലഭിച്ച ചിത്രം. വളരെ ത്രില്ലിംഗായ കഥാഗതിയോടൊപ്പം കുടുംബജീവിതവും വ്യക്തിജീവിതവും പറഞ്ഞ് ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകി പോകുന്ന മികച്ച ഒരു സിനിമ. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

ആമേൻ(2013)

മുൻ മാതൃകകൾ ഇല്ലാതെ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സിനിമാക്കാരൻ തൻ്റെ ക്രാഫ്റ്റ് കാണിച്ച സിനിമ. വിഷ്വലുകളിലെ വ്യത്യസ്തതയും കഥപറച്ചിലിലെ പുതുമയും സിനിമയെ യുണിക്ക് ആക്കി. ഫഹദ് ഫാസിലിലെ നടനെ പൂർണമായി ഉപയോഗിച്ച ചിത്രം മറ്റു ചില മികച്ച നടന്മാരെക്കൂടി സമ്മാനിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്ജാരങ്ങൾ ലഭിച്ചിട്ടുണ്ട്.

നേരം (2013)

അൽഫോൺസ് പുത്രൻ വരവറിയിച്ച ചിത്രം. ഒപ്പം നവതരംഗ സിനിമകൾ ഒരു വശത്തുകൂടി കുത്തിച്ചു കയറാൻ തുടങ്ങിയതിൻ്റെ തെളിവ്. ചെന്നൈയിലെ ഒരു ദിവസം പറഞ്ഞ സിനിമ വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് റീമേക്ക് ചെയ്തു.

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി (2013)

യുവാക്കൾക്കിടയിൽ തരംഗം തീർത്ത ചിത്രം. ഇരുചക്ര വാഹനങ്ങളിലെ വിനോദസഞ്ചാരം കേരളത്തിൽ ഹരമാവുന്നതും വ്യാപിക്കുന്നതും ഈ സിനിമയോടെയാണ്. മലയാളി അധികം പരിചയിച്ചിട്ടില്ലാത്ത റോഡ് മൂവി ഗണത്തിൽ പെടുന്ന ചിത്രം സമീർ താഹിറിൻ്റെ ക്രാഫ്റ്റിനുള്ള തെളിവായി. ദുൽഖറിനൊപ്പം സണ്ണി വെയ്നും മണിപ്പൂരി നടി സുർജ ബാല ഹിജാമും തകർത്തഭിനയിച്ചു. ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.

ഒരു ഇന്ത്യൻ പ്രണയകഥ (2013)

ഇക്ബാൽ കുറ്റിപ്പുറത്തിൻ്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം. തിരക്കഥയും തമാശ രംഗങ്ങളും ശ്രദ്ധ നേടി. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

നോർത്ത് 24 കാതം (2013)

ഫഹദ് ഫാസിലിൻ്റെ മറ്റൊരു ഗംഭീര പ്രകടനം. അനിൽ രാധാകൃഷ്ണ മേനോൻ്റെ ആദ്യ സിനിമയായ ഇത് ഒബ്സസീവ് കംപൾസറി പേഴ്സനാലിറ്റി ഡിസോർഡർ ഉള്ള ഒരു യുവാവിൻ്റെ കഥയാണ് പറയുന്നത്. റോഡ് മൂവി ഗണത്തിൽ പെട്ട ചിത്രം നിരൂപക പ്രശംസ നേടി. ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ഹൗ ഓൾഡ് ആർ യൂ? (2014)

14 വർഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യർ തിരിച്ചെത്തിയ സിനിമ. ബോബി സഞ്ജയ്- റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ പിറന്ന സിനിമയിൽ നിരുപമ രാജീവ് എന്ന കഥാപാത്രമായി മഞ്ജു മികച്ച പ്രകടനം കാഴ്ച വെച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തു.

1983 (2014)

എബ്രിഡ് ഷൈൻ്റെ ആദ്യ സംവിധാന സംരംഭം. രമേശൻ എന്നയാളുടെ ക്രിക്കറ്റ് ജീവിതം പറഞ്ഞ ചിത്രം നിവിൻ പോളിയുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ്. സൂപ്പർ ഹിറ്റായ ഗാനങ്ങളും ഉൾക്കൊണ്ട സിനിമയ്ക്ക് സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചു.

മുന്നറിയിപ്പ് (2014)

മമ്മൂട്ടി നായകനായ മിസ്റ്റരി ത്രില്ലർ സിനിമ. സികെ രാഘവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടു. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഓം ശാന്തി ഓശാന (2014)

തിരക്കഥയിലൂടെ മിഥുൻ മാനുവൽ തോമസും സംവിധാനത്തിലൂടെ ജൂഡ് അന്താണി ജോസഫും അരങ്ങേറിയ ചിത്രം. നസ്രിയ നസീം അവതരിപ്പിച്ച കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നത്. മികച്ച നടി അടക്കം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രത്തിനു ലഭിച്ചു.

ഇയ്യോബിന്റെ പുസ്തകം (2014)

അമൽ നീരദിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സ്റ്റൈലിഷ് പിരിയോഡിക് ത്രില്ലർ സിനിമ. 20ആം നൂറ്റാണ്ടിൽ മൂന്നാറിലാണ് സിനിമയുടെ പ്ലോട്ട്. ചിത്രത്തിലെ വിഷ്വലുകളും ഡയലോഗുകളും പ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടു. നാല് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സിനിമ സ്വന്തമാക്കി.

ബാംഗ്ലൂർ ഡെയ്സ് (2014)

അഞ്ജലി മേനോൻ്റെ സംവിധാന അരങ്ങേറ്റം. മികച്ച തിരക്കഥയും അഭിനേതാക്കളുടെ പ്രകടനവും സിനിമയെ ജനപ്രിയമാക്കി. മികച്ച നടൻ, നടി, തിരക്കഥ എന്നിവകൾക്ക് മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സിനിമക്ക് ലഭിച്ചു.

പ്രേമം (2015)

അൽഫോൺസ് പുത്രൻ്റെ രണ്ടാമത്തെ ചിത്രം. ജോർജിൻ്റെയും സുഹൃത്തുക്കളുടെയും കൗമാരം മുതൽ യുവത്വം വരെയുള്ള യാത്രയാണ് സിനിമയുടെ ഇതിവൃത്തം. തിരക്കഥ, എഡിറ്റ്, ഛായാഗ്രാഹണം, സംവിധാനം അഭിനയം തുടങ്ങിയവയൊക്കെ മികച്ചു നിന്നു. ഏറെ നിരൂപക പ്രശംസ ലഭിച്ച ചിത്രത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചു.

പത്തേമാരി (2015)

സലിം അഹ്മദിൻ്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ചിത്രം. ഗൾഫ് മലയാളിയുടെ ജീവിതത്തിലേക്ക് തുറന്നുവച്ച നേർക്കാഴ്ചയായിരുന്നു സിനിമ. സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയിൽ നിന്ന് ഓസ്കറിനയക്കേണ്ട സിനിമകളിൽ പത്തേമാരി ഉൾപ്പെട്ടിരുന്നു. സിനിമ ദേശീയ ചലച്ചിത്ര പുരസ്കാരം നേടി.

ഒഴിവുദിവസത്തെ കളി (2015)

ഉണ്ണി ആറിൻ്റെ രചനയിൽ സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രം. രണ്ടാം പകുതി പൂർണ്ണമായും ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മനുഷ്യൻ്റെ ഉള്ളിലെ മൃഗീയ വാസനകളിലേക്കാണ് സനൽ കുമാർ ക്യാമറ തുറന്നുവച്ചിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

എന്ന് നിന്റെ മൊയ്തീൻ (2015)

ആർ എസ് വിമലിൻ്റെ ആദ്യ സിനിമ. നഷ്ടപ്രണയത്തിൻ്റെ ജീവിക്കുന്ന രക്തസാക്ഷിയായ കാഞ്ചനമാലയുടെയും മൊയ്തീനിൻ്റെയും കഥ. 1960കളിൽ കോഴിക്കോട് മുക്കത്ത് നടന്ന കഥ പൃഥ്വിരാജും പാർവതി തിരുവോത്തുമാണ് അഭ്രപാളികളിൽ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു. സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടി.

ആട് ഒരു ഭീകര ജീവിയാണ് (2015)

മിഥുൻ മാനുവൽ തോമസിൻ്റെ ചലച്ചിത്ര സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റം. സ്ലാപ്സ്റ്റിക് കോമഡി സിനിമയായ ആട് തീയറ്ററിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് കൾട്ട് പദവിയിലേക്കുയർന്നു. മീമുകളിലൂടെ സിനിമ വളരെ പ്രശസ്തമായി. സിനിമയിലെ ഗാനങ്ങളും പശ്ചാൽത്തല സംഗീതവും ഏറെ പ്രസിദ്ധിയാർജിച്ചു.

ചാർലി (2015)

മലയാളി യുവാക്കളെ സ്വാധീനിച്ച മറ്റൊരു ചിത്രം. ഉണ്ണി-ആർ മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ദുൽഖർ സൽമാൻ, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി പുറത്തിറങ്ങിയ ചാർലി എപ്പോൾ കണ്ടാലും ഫ്രഷ്നസ് നൽകുന്ന സിനിമയാണ്. ദുൽഖർ അവതരിപ്പിച്ച ചാർലി എന്ന കഥാപാത്രത്തിനു തന്നെ പ്രത്യേക ആരാധകരുണ്ടായി. മറാഠിയിലേക്കും തമിഴിലേക്കും സിനിമ റീമേക്ക് ചെയ്തു. മികച്ച നടി, നടൻ, ക്യാമറ അടക്കം 8 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് ചിത്രം നേടിയത്.

മഹേഷിന്റെ പ്രതികാരം (2016)

ദിലീഷ് പോത്തൻ്റെ ആദ്യ സംവിധാന സംരംഭം. ഫഹദ് ഫാസിലിമ്ൻ്റെ ഗംഭീര പ്രകടനം. ശ്യാം പുഷ്കരൻ്റെ അസാധ്യ രചന. സംവിധാനം, തിരക്കഥ, സംഗീത സംവിധാനം., അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടു. തമിഴിലേക്കും തെലുങ്കിലേക്കും സിനിമ റീമേക്ക് ചെയ്തു. സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടി.

കമ്മട്ടിപ്പാടം (2016)

രാജീവ് രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം. കൊച്ചിയിലെ കമ്മട്ടിപ്പാടത്തിൽ ജീവിക്കുന്ന ദളിതരുടെ ജീവിതങ്ങളിലേക്ക് വെളിച്ചം വീശിയ ചിത്രം. കൊച്ചി എന്ന മെട്രോ സിറ്റി എങ്ങനെ പടുത്തുയർത്തപ്പെട്ടു എന്നും സിനിമ സംവദിക്കുന്നു. മികച്ച നടൻ, സഹനടൻ അടക്കം നാല് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്.

ഗപ്പി (2016)

ടൊവിനോ തോമസിൻ്റെ കരിയർ ബ്രേക്ക്. ജോൺപോൾ ജോർജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ ഈഗോയാണ് ചർച്ച ചെയ്യുന്നത്. താൻപോരിമ മൂലം ചുറ്റുപാടുമുള്ളവർ വേദനിക്കേണ്ടി വരുമെന്ന തത്വമാണ് സിനിമയുടെ ഇതിവൃത്തം. ബാലനടനായ ചേതൻ ജയലാലിൻ്റെ അഭിനയവും ഗാനങ്ങളും സംവിധാനവും ശ്രദ്ധിക്കപ്പെട്ടു. അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രത്തിനു ലഭിച്ചു.

കിസ്മത്ത് (2016)

ഷാനവാസ് കെ ബാവക്കുട്ടിയുടെ ആദ്യ സിനിമ. ഷെയിൻ നിഗമിൻ്റെ കരിയർ ബ്രേക്ക്. മുസ്ലിം-ഹിന്ദു പ്രണയത്തിലെ സങ്കീർണതകളും അത്തരം പ്രണയത്തോടുള്ള സമൂഹത്തിൻ്റെ നിലപാടുകളുമാണ് സിനിമയുടെ ചർച്ച. കാമുകനെക്കാൾ പെൺകുട്ടിക്ക് പ്രായം ഉണ്ടെന്നതും പെൺകുട്ടി പട്ടികജാതി ആണെന്നതും പ്രശ്നങ്ങൾ അധികരിപ്പിച്ചു. പൊന്നാനിയിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് ഷാനവാസ് സിനിമയാക്കിയത്.

അങ്കമാലി ഡയറീസ് (2017)

ചെമ്പൻ വിനോദിൻ്റെ ആദ്യ തിരക്കഥയിൽ ലിജോ ജോസ് കയ്യൊപ്പ് പതിപ്പിച്ച ചിത്രം. കരുത്തുറ്റ തിരക്കഥയിൽ ഒരു സംഘം പുതുമുഖങ്ങൾ പകർന്നാടിയ മികച്ച ഒരു ചിത്രം. എറണാകുളം അങ്കമാലിയിലെ ബാക്ക്ഡ്രോപ്പിലാണ് സിനിമ വികസിക്കുന്നത്. ക്ലൈമാക്സിലെ 11 മിനിട്ട് ലോംഗ് ഷോട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.

ടേക്ക് ഓഫ് (2017)

ഇറാഖിലെ യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ നഴ്സുമാരെ രക്ഷപ്പെടുത്തിയ ഐതിഹാസിക ദൗത്യത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് ടേക്ക് ഓഫ്. പ്രശസ്ത ഛായാഗ്രാഹകൻ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണിത്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രത്തിലെ പാർവതിയുടെ അഭിനയം വളരെ ശ്രദ്ധിക്കപ്പെട്ടു. ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചു.

തൊണ്ടിമുതലും ദൃക്സാക്ഷിയും (2017)

ദിലീഷ് പോത്തൻ്റെ രണ്ടാമത്തെ ചിത്രം. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഫഹദ് ഫാസിലും മത്സരിച്ചഭിനയിച്ച ചിത്രം. നിമിഷയുടെ ആദ്യ സിനിമയായിരുന്നു ഇത്. ജീവിതത്തിൽ തോൽക്കാതിരിക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ രണ്ട് അറ്റമാണ് സിനിമയുടെ തന്തു. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മായാനദി (2017)

ശ്യാം പുഷകരനും ദിലീഷ് നായരും ചേർന്നെഴുതി ആഷിഖ് അബു സംവിധാനം ചെയ്ത മനോഹരമായ ഒരു പ്രണയ ചിത്രം. ചിത്രത്തിലെ സംഭാഷണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രണയവും ജീവിതവും തമ്മിലുള്ള സംഘർഷമാണ് സിനിമയുടെ പ്ലോട്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.

പറവ (2017)

സൗബിൻ ഷാഹിറിൻ്റെ ആദ്യ സംവിധാന സംരംഭം. കൊച്ചി, മട്ടാഞ്ചേരിയിലെ പ്രാവു വളർത്തലുമായി ബന്ധപ്പെട്ടാണ് സിനിമയുടെ സഞ്ചാരം. വളരെ ഫ്രഷ് ആയ കഥാഗതിയും ആശയവും കൃത്യമായി അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചു. പുതുമുഖങ്ങൾ അടക്കമുള്ളവരുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു.

സുഡാനി ഫ്രം നൈജീരിയ (2018)

സക്കരിയ മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. മലപ്പുറത്തെ സെവൻസ് ഫുട്ബോളിൻ്റെ പ്ലോട്ടിൽ മാനുഷികതയെയും പരസ്പര സ്നേഹത്തിൻ്റെയും പാഠങ്ങൾ പഠിപ്പിച്ച ചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ട് അനുഗ്രഹീതമായ സിനിമയാണ്. പിഴവില്ലാത്ത തിരക്കഥയും സംവിധാനവും ഗാനങ്ങളും ചിത്രത്തിനു മാറ്റുകൂട്ടി. സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും സിനിമ നേടി.

ഇ മ യൗ (2018)

മറ്റൊരു ലിജോ ജോസ് പെല്ലിശ്ശേരി മാജിക്ക്. പിഎഫ് മാത്യൂസിൻ്റെ മികച്ച തിരക്കഥ അതിലും ഗംഭീരമായി ലിജോ അഭ്രപാളിയിലെത്തിച്ചപ്പോൾ പിറന്നത് മലയാളം കണ്ടെതിൽ വെച്ചേറ്റവും മികച്ച സിനിമകളിൽ ഒന്ന്. ശവസംസ്കാരവുമായി ബന്ധപ്പെട്ട് ചുരുളഴിയുന്ന സിനിമയിൽ അഭിനേതാക്കളെല്ലാം അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചത്. മികച്ച സംവിധായകൻ അടക്കം മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സിനിമ നേടി.

ജോസഫ് (2018)

എം പദ്മകുമാറിൻ്റെ സംവിധാനത്തിൽ ജോജു ജോർജ് നായകനായ ത്രില്ലർ സിനിമ. പിഴവുകളില്ലാത്ത തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. ജോജു ജോർജിൻ്റെ അഭിനയവും ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സിനിമയ്ക്ക് ലഭിച്ചു.

വൈറസ് (2019)

2018ൽ കേരളത്തിലുണ്ടായ നിപ വൈറസ് ബാധയെപ്പറ്റിയുള്ള സിനിമ. ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയിൽ അഭിനേതാക്കളുടെ പ്രകടനമാണ് ഏറെ പ്രശംസിക്കപ്പെട്ടത്. ഇത്തരം ഒരു സിനിമ സംവിധാനം ചെയ്ത ആഷിഖ് അബുവും ഇത്രയധികം കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ച് വളരെ മികച്ച രീതിയിൽ തയ്യാറാക്കപ്പെട്ട തിരക്കഥയും ഏറെ അഭിനന്ദിക്കപ്പെട്ടു.

വികൃതി (2019)

സുരാജിലെ നടനെ അടയാളപ്പെടുത്തിയ സിനിമ. കൊച്ചി മെട്രോയിൽ മദ്യപിച്ച് ഉറങ്ങുന്ന എന്ന പേരിൽ വ്യാജമായി പ്രചരിക്കപ്പെട്ട സംഭവത്തിൻ്റെ ചലച്ചിത്രാവിഷ്കാരം. സുരാജിൻ്റെയും സൗബിൻ ഷാഹിറിൻ്റെയും പ്രകടനങ്ങളാണ് സിനിമയുടെ ബലം. സുരാജിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ (2019)

സുരാജ് വെഞ്ഞാറമൂടും സൗബിനും ഒരുമിച്ച മറ്റൊരു ചിത്രം രതീഷ് രാമകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിലെ ഇരുവരുടെയും പ്രകടനം വളരെ ശ്രദ്ധിക്കപ്പെട്ടു. നടൻ, പുതുമുഖ സംവിധായകൻ ഉൾപ്പെടെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്.

കുമ്പളങ്ങി നൈറ്റ്സ് (2019)

ശ്യാം പുഷ്കരൻ്റെ രചനയിൽ മധു സി നാരായണൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. കൊച്ചിയിലെ കുമ്പളങ്ങിയിൽ ആകെ താറുമാറായ ഒരു കുടുംബത്തിൽ താമസിക്കുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് കുമ്പളങ്ങി നൈറ്റ്സ്. മികച്ച തിരക്കഥയും അഭിനേതാക്കളുടെ പ്രകടനവും കൊണ്ട് സിനിമ ശ്രദ്ധിക്കപ്പെട്ടു. നാല് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രത്തിനു ലഭിച്ചു.

ഇശ്ഖ് (2019)

അനുരാജ് മനോഹറുടെ ആദ്യ സിനിമ. ഈഗോയും പ്രണയവും പ്രതികാരവും കൂടിച്ചേർന്ന സിനിമയാണ് ഇശ്ഖ്. ഷെയിൻ നിഗം, ആൻ ശീതൾ, ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരുടെ പ്രകടനം ഏറെ മികച്ചുനിന്നു. തിരക്കഥയും ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.

ഹെലൻ (2019)

ആർജെ മാത്തുക്കുട്ടിയുടെ ആദ്യ സംവിധാനം. അന്ന ബെൻ നായികയായ സർവൈവൽ ത്രില്ലർ സിനിമ മികച്ച തിരക്കഥയും സംവിധാനവും അന്ന ബെനിൻ്റെ പ്രകടനവും കൊണ്ട് ശ്രദ്ധേയമായി. നാലു ഭാഷകളിലേക്ക് റീമേക്ക് അവകാശം വിറ്റുപോയ ചിത്രത്തിനുള്ള അഭിനയത്തിന് അന്ന ബെൻ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കി.

ഉയരെ (2019)

ടോക്സിക് പ്രണയബന്ധത്തെപ്പറ്റിയും ജീവിതത്തെ എങ്ങനെ മാറ്റിമറിക്കണം എന്നതിനെപ്പറ്റിയും ചർച്ച ചെയ്ത ചിത്രം. ബോബി-സഞ്ജയുടെ തിരക്കഥയിൽ മനു അശോകൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിൽ പാർവതിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഉണ്ട (2019)

ഖാലിദ് റഹ്മാൻ്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ സിനിമ. മാവോയിസ്റ്റ് സാന്നിധ്യമുള്ള ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പ് ജോലിക്കായി പോകുന്ന പൊലീസ് ഓഫീസർമാരുടെ കഥയാണ് സിനിമ പറയുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ അഭിനയവും ഖാലിദ് റഹ്മാൻ്റെ സംവിധാനവും വളരെ ചർച്ച ചെയ്യപ്പെട്ടു. ചില പുതുമുഖ നടന്മാരും മികച്ച പ്രകടനം കാഴ്ചവെച്ചു.

ജല്ലിക്കട്ട് (2019)

രാജ്യാന്തര സിനിമയിലെ കേരളത്തിൻ്റെ മുഖം. വിദേശ ചലച്ചിത്ര മേളകളിലടക്കം അംഗീകാരം നേടിയ ഈ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഇക്കൊല്ലത്തെ ഇന്ത്യയുടെ നാമനിർദ്ദേശമാണ്. മനുഷ്യനിലെ മൃഗീയതയെപ്പറ്റി ചർച്ച ചെയ്യുന്ന സിനിമയുടെ തിരക്കഥ എസ് ഹരീഷാണ് ഒരുക്കിയത്.

ജൂൺ (2019)

അഹ്മദ് കബീർ സംവിധാനം ചെയ്ത ചിത്രം രജിഷ വിജയൻ്റെ പ്രകടനം കൊണ്ടാണ് ശ്രദ്ധ നേടിയത്. കൗമാരത്തിൽ നിന്ന് യുവത്വം വരെയുള്ള ജൂണിൻ്റെ വളർച്ചയാണ് ചിത്രത്തിൻ്റെ പ്രമേയം. 15ലധിക പുതുമുഖങ്ങളാണ് സിനിമയിൽ അഭിനയിച്ചത്.

അയ്യപ്പനും കോശിയും (2020)

ഈ വർഷം അന്തരിച്ച സച്ചിയുടെ അവസാന ചിത്രം. രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള ഈഗോ ചർച്ച ചെയ്ത സിനിമ ശക്തമായ സ്ത്രീ കഥാപാത്രത്തെ പരിചയപ്പെടുത്തുകയും ചെയ്തു. പൃഥ്വിരാജും ബിജു മേനോനും മത്സരിച്ച് അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.

Story Highlights – best 50 malayalam movies of the decade

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top