Advertisement

2020 ൽ കേരളം കണ്ട 100 പ്രധാന സംഭവങ്ങൾ

December 31, 2020
3 minutes Read

2020 വിടപറയുകയാണ്. ഈ വർഷം കൊറോണയും ലോക്ക്ഡൗണുമായി ലോകമെമ്പാടുമുള്ള ജനങ്ങൾ കടന്നുപോയത് ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ജീവിതരീതിയിലും, സംഭവവികാസങ്ങളിലൂടെയുമായിരുന്നു. പുതുവർഷം പിറക്കും മുൻപ് നാം അനുഭവിച്ചതും, കടന്നുപോയതും കണ്ടും, കേട്ടും അറിഞ്ഞതുമായ ചില നിമിഷങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം…കാണാം കേരളം കണ്ട 100 പ്രധാന സംഭവങ്ങൾ.

1. ജനുവരി 1

കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. റോയി തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ജോളിയടക്കം നാല് പ്രതികള്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാ ഫലവും സുപ്രധാന തെളിവുകളെന്ന് എസ്.പി കെ.ജി.സൈമണ്‍. നിര്‍ണായകമായത് റോയിയുടെ മക്കളുടെ രഹസ്യമൊഴികള്‍.

2. ജനുവരി 12

തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ളാറ്റുകള്‍ പൂര്‍ണമായും പൊളിച്ചുനീക്കി. ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ., ആല്‍ഫ സെറീന്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് സുപ്രീകോടതിയുടെ നിര്‍ദേശപ്രകാരം ജനുവരി 11, 12 തീയതികളില്‍ പൊളിച്ചുനീക്കിയത്.

3. ജനുവരി 29

നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന പതിനെട്ടാം ഖണ്ഡിക വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ എതിര്‍പ്പ് അറിയിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പതിനെട്ടാം ഖണ്ഡിക വായിച്ചത്. പതിനെട്ടാം ഖണ്ഡിക വായിക്കില്ലെന്ന് നേരത്തെ ഗവര്‍ണര്‍ നിലപാടെടുത്തിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനുവരി 26ന് എല്‍ഡിഎഫ് നേതൃത്വത്തില്‍ മനുഷ്യ മഹാശൃംഖല തീര്‍ത്തിരുന്നു. ഭേദഗതിക്കെതിരെ അഭിപ്രായ പ്രകടനം നടത്തിയ മലയാളി ഐഎസ് ഉദ്യോഗസ്ഥനെ നേരത്തെ ഉത്തര്‍ പ്രദേശില്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

4. ജനുവരി 30

രാജ്യത്തെ ആദ്യ കൊവിഡ് കേസ് തൃശൂരില്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 20ന് പെണ്‍കുട്ടി ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു.

5. ഫെബ്രുവരി 9

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ താത്വികാചാര്യനുമായ പി.പരമേശ്വരന്‍ അന്തരിച്ചു. 93 വയസായിരുന്നു. 1982 മുതല്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു.

6. ഫെബ്രുവരി 15

കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് പ്രഖ്യാപിച്ചത്. പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

7. ഫെബ്രുവരി 18

കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നര വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ മാതാവ് ശരണ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. 24 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ പരിശോധനയ്ക്കും ഒടുവിലാണ് കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊല്ലുകയായിരുന്നെന്ന് ശരണ്യ സമ്മതിച്ചത്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യയുടെ മൊഴി.

8. ഫെബ്രുവരി 20

തമിഴ്നാട്ടില്‍ അവിനാശിയില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 മലയാളികള്‍ മരിച്ചു. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറി മൂന്നുമീറ്ററോളം വീതിയുള്ള ഡിവൈഡറില്‍ കയറി 100 മീറ്ററോളം ഓടി മറുഭാഗത്തെത്തി ബസില്‍ ഇടിക്കുകയായിരുന്നു.

9. ഫെബ്രുവരി 22

കൊല്ലം കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ 14 വെടിയുണ്ടകള്‍ കണ്ടെത്തി. പൊലീസിന്റെ ആര്‍മറര്‍, ഫൊറന്‍സിക് വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ വെടിയുണ്ടകള്‍ വിദേശ നിര്‍മിതമാണെന്നും മുപ്പത് വര്‍ഷത്തോളം പഴക്കമുണ്ടെന്നും കണ്ടെത്തി. പാകിസ്താന്‍ നിര്‍മിത വെടിയുണ്ടകളാണെന്ന് സംശയം. വെടിയുണ്ടകളില്‍ പി.ഒ.എഫ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ പാകിസ്താന്‍ സൈന്യത്തിന് വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന പാകിസ്താന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയാണ് ഇതെന്നാണ് നിഗമനം.

10. ഫെബ്രുവരി 28

കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തി. കോസ്റ്റല്‍ പൊലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധരാണ് കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവനന്ദ നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളാണ്.

11. മാര്‍ച്ച് 8

ചവറ എംഎല്‍എ എന്‍.വിജയന്‍ പിള്ള അന്തരിച്ചു. 69 വയസായിരുന്നു. ഉദരരോഗത്തെ തുടര്‍ന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു.

12. മാര്‍ച്ച് 14

കവിയും എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായ ഡോ.പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍, പുതുശ്ശേരി കവിതകള്‍ തുടങ്ങിയവ പ്രധാന കൃതികള്‍.

13. മാര്‍ച്ച് 23

കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ച്ച് 31 വരെയായിയരുന്നു ആദ്യത്തെ ലോക്ക്ഡൗണ്‍.

14. മാര്‍ച്ച് 28

കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിച്ചു. അറുപത്തിയൊമ്പതുകാരനായ മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. കളമശേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

15. ഏപ്രില്‍ 6

പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍ അന്തരിച്ചു. 84 വയസായിരുന്നു. 200 സിനിമകള്‍ക്കായി ആയിരത്തിലേറെ ഗാനങ്ങള്‍ക്ക് ഈണമിട്ടിട്ടുണ്ട്. യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോര്‍ഡ് ചെയ്തത് എം.കെ.അര്‍ജുനനാണ്. എ.ആര്‍.റഹ്മാന്റെ സിനിമാപ്രവേശം അര്‍ജുനന്റെ സംഗീത സംവിധാനത്തിലായിരുന്നു.

16. ഏപില്‍ 7

പ്രശസ്ത സിനിമാ താരം ശശി കലിംഗ അന്തരിച്ചു. 59 വയസായിരുന്നു. കരള്‍ രോഗബാധിതനായി ഏറെനാള്‍ ചികിത്സയിലായിരുന്നു. പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ്, പുലിമുരുകന്‍, കസബ, ആമേന്‍, അമര്‍ അക്ബര്‍ അന്തോണി, ഇന്ത്യന്റുപ്പി എന്നിവയാണ് ശശി കലിംഗ അഭിനയിച്ച പ്രധാന സിനിമകള്‍.

17. ഏപ്രില്‍ 18

അഴീക്കോട് എംഎല്‍എ കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് കേസ്. അഴീക്കോട് ഹൈസ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് കേസെടുത്തത്. അനധികൃത നിര്‍മാണം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷാജിയുടെ വീടിന് പിന്നീട് കോഴിക്കോട് കോര്‍പ്പറേഷന്‍ പിഴ ചുമത്തി.

18. ഏപ്രില്‍ 24

വിവാദമായ സ്പ്രിംക്ലര്‍ കരാറില്‍ സര്‍ക്കാരിന് താത്കാലികാശ്വാസം. കര്‍ശന ഉപാധികളോടെ കരാര്‍ തുടരാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി അറിയിച്ചു. സ്പ്രിംക്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.

19. മെയ് 1

സിറോ മലബാര്‍ സഭ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അന്തരിച്ചു. 78 വയസായിരുന്നു. 2003 മുതല്‍ 2018 വരെ 15 വര്‍ഷം ഇടുക്കി രൂപത അധ്യക്ഷന്‍ ആയിരുന്നു. ഇടുക്കിയിലെ നിരവധി ഭൂസമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മാര്‍ മാത്യു ആനക്കുഴിക്കാട്ടില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരി സ്ഥാനവും വഹിച്ചിരുന്നു. ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകര്‍ക്കായി മണ്ണിന്റെ മക്കള്‍ വാദവുമായി പരസ്യമായി രംഗത്തിറങ്ങിയും ഗാഡ്കില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പരസ്യമായി നിര്‍ണായക നിലപാടുകളെടുത്തും ശ്രദ്ധേയനായിരുന്നു അദ്ദേഹം.

20. മെയ് 6

അഞ്ചല്‍ സ്വദേശിനി ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി. കേസില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജാണ് മുഖ്യപ്രതി. തെളിവുകള്‍ നശിപ്പിച്ച് സഹായിക്കാന്‍ ശ്രമിച്ച പിതാവ് സുരേന്ദ്രനാണ് രണ്ടാം പ്രതി. ഇരുവരും ജയിലിലാണ്.

21. മെയ് 23

ബെവ്‌കോയില്‍ മദ്യവിതരണത്തിനായി പ്രത്യേക മൊബൈല്‍ ആപ്പ് രൂപീകരിച്ചതിന് പിന്നില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സംവിധാനങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോട് അടുത്ത ബന്ധമുള്ള ഒരു സഹയാത്രികന്റെ കമ്പനിക്ക് ഈ മൊബൈല്‍ ആപ്പ് ഉണ്ടാക്കാനുള്ള അനുവാദം കൊടുക്കുക വഴി വലിയ അഴിമതിയാണ് ഉണ്ടായിരിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ഗൗരവമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.

22. മെയ് 28

സോഷ്യലിസ്റ്റ് നേതാവും സാഹിത്യകാരനും പ്രഭാഷകനുമായ എം.പി.വീരേന്ദ്രകുമാര്‍ അന്തരിച്ചു. 84 വയസായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായിരുന്നു.

23. ജൂണ്‍ 1

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍(കൈറ്റ്) വിക്ടേഴ്സ് ചാനല്‍ വഴി കേരളത്തിലെ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഫസ്റ്റ് ബെല്‍ എന്നപേരില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു. കൈറ്റ് ആണ് ക്ലാസുകള്‍ക്കുള്ള ടൈംടേബിള്‍ തയ്യാറാക്കുന്നത്. കൊവിഡ് മഹാമാരിയെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ചത്.

24. ജൂണ്‍ 1

കോട്ടയം താഴത്തങ്ങാടിയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കൊലപ്പെടുത്തി. പാറപ്പാടം ഷാനി മന്‍സിലില്‍ അറുപതുകാരിയായ ഷീബയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഹമ്മദ് ബിലാല്‍ എന്ന് ഇരുപത്തിമൂന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഭര്‍ത്താവ് എം.എ.അബ്ദുള്‍ സാലി സംഭവം നടന്ന് 38-ാം ദിവസം മരിച്ചു.

25. ജൂണ്‍ 1

സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ.വിശ്വാസ് മേത്ത ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ്, ഡോ.വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറി. രാജസ്ഥാന്‍ സ്വദേശിയാണ് ഡോ.വിശ്വാസ് മേത്ത.

26. ജൂണ്‍ 8

പാലായില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. കാഞ്ഞിരപ്പള്ളിയിലെ പാരലല്‍ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ അഞ്ജു പരീക്ഷയെഴുതാന്‍ വേണ്ടി ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജിലെത്തിയതായിരുന്നു. കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കിയതില്‍ മനംനൊന്ത് മകള്‍ മീനച്ചിലാറ്റിലേക്ക് ചാടിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

27. ജൂണ്‍ 18

അങ്കമാലിയില്‍ 54 ദിവസം പ്രായമുള്ള കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച് അച്ഛന്‍. അങ്കമാലി ജോസ്പുരത്ത് താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ഷൈജു തോമസ് ആണ് സ്വന്തം കുഞ്ഞിനെ കട്ടിലിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള ദേഷ്യവും കുഞ്ഞിന്റെ പിതൃത്വത്തിലുള്ള സംശയവുമാണ് ക്രൂരകൃത്യത്തിന് ഷൈജുവിനെ പ്രേരിപ്പിച്ചത്. പതിനാറ് ദിവസത്തിന് ശേഷം ജൂലായ് നാലിന് കുഞ്ഞ് ആശുപത്രി വിട്ടു.

28. ജൂണ്‍ 18

പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു. 48 വയസായിരുന്നു. ഹൃദ്രോഗ ബാധയെത്തുടര്‍ന്ന് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി സുഖംപ്രാപിച്ചുവന്നിരുന്ന സച്ചിക്കു ഹൃദ്രോഗബാധയുണ്ടാകുകയായിരുന്നു.

29. ജൂണ്‍ 19

ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ പരിഹസിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നിപ രാജകുമാരി എന്ന് പെരടുത്തതിന് ശേഷം ഇപ്പോള്‍ കൊവിഡ് റാണി പട്ടം നേടാനുള്ള പരിശ്രമത്തിലാണ് ആരോഗ്യമന്ത്രിയെന്ന് മുല്ലപ്പള്ളി പറഞ്ഞു. നിപ ബാധിച്ച കാലത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെ പോലെയാണ് പെരുമാറിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശം വന്‍വിവാദമായി.

30. ജൂണ്‍ 24

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ഷംനയുടെ അമ്മയുടെ പരാതിയില്‍ മരട് പൊലീസാണ് പ്രതികളെ പിടികൂടിയത്. തൃശൂര്‍ സ്വദേശികളായ ശരത്, അഷറഫ്, റഫീക്ക്, രമേശ് എന്നിവരാണ് പിടിയിലായത്.

31. ജൂണ്‍ 29

കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. യുഡിഎഫ് തീരുമാന പ്രകാരം മുന്‍ധാരണ അനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതിരുന്നതോടെയാണ് യുഡിഎഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

32. ജൂലൈ 5

തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മുപ്പത് കിലോ സ്വര്‍ണം പിടികൂടി. യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

33. ജൂലൈ 11

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷും നാലാം പ്രതി സന്ദീപ് നായരും എന്‍ഐഎ കസ്റ്റഡിയില്‍. എന്‍ഐഎ ഹൈദരാബാദ് യൂണിറ്റാണ് സ്വപ്നയെയും സന്ദീപ് നായരെയും ബെംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഒളിവില്‍പ്പോയി ആറ് ദിവസത്തിന് ശേഷമാണ് ഇവര്‍ കസ്റ്റഡിയിലായത്.

34. ജൂലൈ 13

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പ് കാര്യങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദം സുപ്രിംകോടതി അംഗീകരിച്ചു. അതേസമയം ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കെന്നും സുപ്രിംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് വിധി.

35. ജൂലൈ 30

നടന്‍ അനില്‍ മുരളി അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനില്‍ പരുക്കന്‍ ഭാവമുള്ള കഥാപാത്രങ്ങളെയാണ് കൂടുതല്‍ അവതരിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചു.

36. ഓഗസ്റ്റ് 2

ആലുവയില്‍ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ദാരുണാന്ത്യം. കടുങ്ങല്ലൂരിലെ നന്ദിനി-രാജു ദമ്പതികളുടെ മകനായ പൃഥ്വിരാജ് ആണ് മരിച്ചത്. തക്കസമയത്ത് ചികിത്സ കിട്ടാത്തതിനാലാണ് കുട്ടി മരിച്ചതെന്ന മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് സംഭവം വിവാദമായി.

37. ഓഗസ്റ്റ് 5

വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ കോടികളുടെ തിരിമറി നടത്തിയ കേസിലെ പ്രതി എം.ആര്‍.ബിജുലാല്‍ അറസ്റ്റില്‍. വഞ്ചിയൂര്‍ കോടതിക്ക് പിന്നിലുള്ള അഭിഭാഷകന്റെ ഓഫീസില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.

38. ഓഗസ്റ്റ് 6

ഇടുക്കി രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി വന്‍ദുരന്തം. അപകടത്തില്‍ മരിച്ച 66 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നാല് പേരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 22 കുടുംബങ്ങളുടെ വീടും വസ്തുവകകളും പൂര്‍ണമായും നഷ്ടമായി.

39. ഓഗസ്റ്റ് 7

കരിപ്പൂരില്‍ വിമാനം തകര്‍ന്ന് വന്‍ ദുരന്തം. 21 പേര്‍ മരിച്ചു. 137 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ രണ്ട് പൈലറ്റുമാരും ഉള്‍പ്പെടും. ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് തകര്‍ന്നത്. കനത്ത മഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിനുളള ആദ്യവട്ട ശ്രമം പരാജയപ്പെട്ടു. റണ്‍േവേയിലേക്ക് താണിറങ്ങിയ വിമാനം പറന്നുയര്‍ന്ന് ശേഷം വീണ്ടും ലാന്‍ഡിങ്് നടത്തിയപ്പോഴാണ് അപകടം. ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് വീണ് പിളര്‍ന്നു. 184 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

40. ഓഗസ്റ്റ് 8

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് നിര്‍മാണത്തിന്റെ കരാര്‍ ലഭിച്ച സ്വകാര്യ കമ്പനിയില്‍ നിന്ന് തനിക്ക് ഒരു കോടി രൂപ പാരിതോഷികം ലഭിച്ചെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് എന്‍ ഐ എയ്ക്ക് മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ട് വന്‍വിവാദമായി. ഇക്കാര്യം പ്രതിപക്ഷം ഏറ്റുപിടിച്ചതോടെ സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലായി. സ്വപ്നയ്ക്കും കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കും കമ്മീഷനായി ലഭിച്ചത് മൂന്ന് കോടി അറുപത് ലക്ഷം രൂപയെന്ന് പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

41. ഓഗസ്റ്റ് 15

പ്രമുഖ ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു. 81 വയസായിരുന്നു. സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളെ ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ ഫോട്ടോഗ്രാഫറായിരുന്നു പുനലൂര്‍ രാജന്‍.

42. ഓഗസ്റ്റ് 20

ലോക്ഡൗണ്‍ കാലത്ത് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം പ്രഖ്യാപിച്ച ഇന്നവേഷന്‍ ചാലഞ്ചില്‍ ഒന്നാം സ്ഥാനം മലയാളിയായ ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടെക്ജന്‍ഷ്യ സോഫ്റ്റ്വെയര്‍ ടെക്‌നോളജീസ് തയാറാക്കിയ വികണ്‍സോള്‍ എന്ന സോഫ്റ്റ്വെയറിന്. ടെക്ജന്‍ഷ്യ കമ്പനിക്ക് ഒരു കോടി രൂപയും കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനങ്ങളില്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമൊരുക്കാനുള്ള മൂന്ന് വര്‍ഷത്തെ കരാറുമാണ് സമ്മാനം. പ്രമുഖ വിഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോമുകളായ സൂം, ഗൂഗിള്‍ മീറ്റ് തുടങ്ങിയവയ്ക്ക് ബദലായി ഔദ്യോഗിക തലത്തില്‍ ഇനി വികണ്‍സോള്‍ വരും.

43. ഓഗസ്റ്റ് 24

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം നിയമസഭ തള്ളി. 40-നെതിരെ 87 വോട്ടുകള്‍ക്കാണ് പ്രമേയം സഭ തള്ളിയത്. വിവിധ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് അംഗം വി.ഡി.സതീശനാണ് പ്രമേയം അവതരിപ്പിച്ചത്.

44. ഓഗസ്റ്റ് 25

സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് പൊളിറ്റിക്കല്‍ വിഭാഗം ഓഫിസില്‍ തീപിടുത്തം. പൊതുഭരണ പൊളിറ്റിക്കല്‍ ഓഫീസിലെ റൂം ബുക്കിങ് ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്ന റാക്കിലാണ് തീപിടിച്ചത്.

45. ഓഗസ്റ്റ് 30

തിരുവനന്തപുരം വെഞ്ഞാറമൂടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. 32 വയസുള്ള മിഥിലാജ്, 28-കാരനായ ഹഖ് മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന എസ്.എഫ്.ഐ നേതാവ് ഷഹിന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.

46. ഓഗസ്റ്റ് 30

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ പ്രതികളായ സ്ഥാപന ഉടമ റോയ് ഡാനിയല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു, റിയ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടായിരം കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പാണ് ഇവര്‍ നടത്തിയത്.

47. സെപ്റ്റംബര്‍ 6

മൗലികാവകാശ സംരക്ഷണത്തിനുള്ള നിമയുദ്ധത്തിലൂടെ പ്രശസ്തനായ എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു. 79 വയസായിരുന്നു.

48. സെപ്റ്റംബര്‍ 9

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനും താഹ ഫസലിനും എന്‍ഐഎ കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്ത് 10 മാസവും ഒമ്പത് ദിവസവും പിന്നിട്ട ശേഷമാണ് ജാമ്യം അനുവദിച്ചത്.

49. സെപ്റ്റംബര്‍ 11

നയതന്ത്രമാര്‍ഗത്തില്‍ വന്ന പാക്കേജുകളുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് മേധാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലായിരുന്നു നടപടി. സ്വകാര്യ വാഹനത്തിലാണ് മന്ത്രി ഇ.ഡി ഓഫീസിലെത്തിയത്.

50. സെപ്റ്റംബര്‍ 13

ഐ.പി.എല്‍ ഒത്തുകളി ആരോപിച്ച് മലയാളി പേസ് ബൗളര്‍ എസ്.ശ്രീശാന്തിന് മേല്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീങ്ങി. ബി.സി.സി.ഐ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നിയമയുദ്ധത്തെത്തുടര്‍ന്ന് ഏഴ് വര്‍ഷമായി കുറച്ചിരുന്നു. ഈ കാലാവധിയാണ് അവസാനിച്ചത്.

51. സെപ്റ്റംബര്‍ 17

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാംഗത്വത്തിന് 50 വയസ്. 1970 സെപ്തംബര്‍ 17ന് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ നിന്ന് 7288 വോട്ടിന് ജയിച്ചാണ് ഉമ്മന്‍ചാണ്ടി കേരള നിയമസഭയിലെ കന്നി അംഗമായത്. പിന്നീടുണ്ടായ പത്ത് തിരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിയില്‍ നിന്ന് തിളക്കമാര്‍ന്ന ജയത്തോടെ ഉമ്മന്‍ചാണ്ടി സഭയിലെത്തി.

52. സെപ്റ്റംബര്‍ 19

കൊച്ചിയില്‍ മൂന്ന് അല്‍ ഖ്വയ്ദ ഭീകരര്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായി. യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍, മുര്‍ഷിദ് ഹസന്‍ എന്നീ ബംഗാള്‍ സ്വദേശികളാണ് പിടിയിലായത്.

53. സെപ്റ്റംബര്‍ 26

സമൂഹ മാധ്യമങ്ങളിലുടെ സ്ത്രീകളെ അപമാനിച്ച ഡോ.വിജയ്.പി.നായരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം മാപ്പ് പറയിപ്പിച്ചു. വിജയ്.പി.നായരുടെ താമസസ്ഥലത്തെത്തിയ സംഘം ഇയാളുടെ മേല്‍ മഷി ഒഴിക്കുകയും ചെയ്തു.

54. സെപ്റ്റംബര്‍ 27

കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സി.എഫ്.തോമസ് അന്തരിച്ചു. 81 വയസായിരുന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും നിലവിലെ ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്നു.

55. സെപ്റ്റംബര്‍ 28

പാലാരിവട്ടം പാലം പൊളിച്ചുതുടങ്ങി. ഏട്ട് മാസത്തിനുള്ളില്‍ പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കും. ഡി.എം.ആര്‍.സിയുടെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പാലം പൊളിച്ച് പണിയുന്നത്. പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ.സൂരജിനെ ഓഗസ്റ്റ് 30ന് വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.

56. ഒക്ടോബര്‍ 2

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം. കേരളത്തിലെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയാണ്. കൊല്ലമാണ് ആസ്ഥാനം.

57. ഒക്ടോബര്‍ 2

എം.എം.ഹസന്‍ യുഡിഎഫിന്റെ പുതിയ കണ്‍വീനര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷമായി കണ്‍വീനറായിരുന്ന ബെന്നി ബഹനാന്‍ രാജിവച്ച ഒഴിവിലേക്കാണ് ഹസ്സനെ തെരഞ്ഞെടുത്തത്.

58. ഒക്ടോബര്‍ 4

കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. സുനില്‍കുമാര്‍, രാജീവ് ഝാ എന്നിവരാണ് മരിച്ചത്.

59. ഒക്ടോബര്‍ 5

കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസായിരുന്ന കെ കെ ഉഷ അന്തരിച്ചു. 81 വയസായിരുന്നു. 2000-2001 കാലയളവിലാണ് കെ.കെ.ഉഷ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നത്.

60. ഒക്ടോബര്‍ 10

വയലാര്‍ അവാര്‍ഡ് കവി ഏഴാച്ചേരി രാമചന്ദ്രന്. അംഗീകാരം 41 കവിതകളുടെ സമാഹാരമായ ഒരു വെര്‍ജീനിയന്‍ വെയില്‍കാലം എന്ന കൃതിക്ക്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

61. ഒക്ടോബര്‍ 10

രണ്ടാമൂഴത്തിന്റെ തിരക്കഥ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ തിരക്കഥാകൃത്തായ എം.ടി.വാസുദേവന്‍ നായര്‍ക്ക് തിരികെ നല്‍കി. ഇരുവരും തമ്മില്‍ തിരക്കഥയെ ചൊല്ലിയുണ്ടായ കേസ് ഒത്തുതീര്‍പ്പാക്കിയ സാഹചര്യത്തിലാണ് തിരക്കഥ ശ്രീകുമാര്‍, എം.ടിക്ക് തിരികെ നല്‍കിയത്. ഇക്കാര്യം ശ്രീകുമാര്‍ മേനോന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് അറിയിച്ചത്.

62. ഒക്ടോബര്‍ 13

ഷിനോസ് റഹ്മാനും സജാസ് റഹ്മാനും ചേര്‍ന്നു സംവിധാനം ചെയ്ത ‘വാസന്തി’ കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹമായി. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’, ‘വികൃതി’ എന്നീ ചിത്രങ്ങളിലെ ഉജ്വല പ്രകടനത്തിലൂടെ സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി. ‘ബിരിയാണി’ എന്ന ചിത്രത്തില്‍ അസാധാരണ അഭിനയ പാടവം കാഴ്ച വച്ച കനി കുസൃതിയാണ് മികച്ച നടി. ‘ജല്ലിക്കട്ട്’ ഒരുക്കിയ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍. സ്വഭാവ നടനായി ഫഹദ് ഫാസിലും സ്വഭാവ നടിയായി സ്വാസിക വിജയും തെരഞ്ഞെടുക്കപ്പെട്ടു.

63. ഒക്ടോബര്‍ 15

ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടവാങ്ങി. 94 വയസായിരുന്നു. 2017ല്‍ പത്മശ്രീ ലഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വളകിലുക്കം, മധുവിധു, മനസാക്ഷിയുടെ പൂക്കള്‍, മനോരഥം എന്നിവ പ്രധാന കൃതികള്‍.

64. ഒക്ടോബര്‍ 18

മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അന്തരിച്ചു. 90 വയസായിരുന്നു. പതിമൂന്ന് വര്‍ഷമായി മാര്‍ത്തോമ സഭയുടെ മെത്രാപ്പൊലീത്തയായിരുന്നു. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയാണ്.

65. ഒക്ടോബര്‍ 20

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിതനായ ഹാരിസ് എന്ന രോഗി മരിച്ച സംഭവത്തില്‍ ചികിത്സാ അനാസ്ഥയുണ്ടായിട്ടുണ്ടെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍. മുഖത്ത് മാസ്‌ക്കുണ്ടായിരുന്നെങ്കിലും വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോ.നജ്മ പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും ഡോ.നജ്മ. രോഗി മരിക്കാനിടയായത് കൊവിഡ് മൂലമല്ലെന്നും ജീവനക്കാരുടെ അനാസ്ഥ മൂലമാണെന്നും നഴ്‌സിംഗ് ഓഫീസറുടെ പേരില്‍ ശബ്ദസന്ദേശം പ്രചരിച്ചിരുന്നു.

66. ഒക്ടോബര്‍ 21

കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. യുഎഇ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആരോപണത്തില്‍ സലിം മടവൂരിന്റെ അടക്കം എല്ലാ പരാതികളും മന്ത്രാലയം തള്ളി. 2019 നവംബറില്‍ യുഎഇയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ നയതന്ത്ര സംഘത്തോടൊപ്പം പി.ആര്‍ പ്രതിനിധിയായ സ്മിത മോനോന്‍ പങ്കെടുത്തതാണ് വിവാദമായത്.

67. ഒക്ടോബര്‍ 22

കേരളാ കോണ്‍ഗ്രസ് ജോസ്.കെ.മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുന്നണി യോഗത്തിലാണ് തീരുമാനം. എല്‍ഡിഎഫിലെ പതിനൊന്നാമത്തെ ഘടകകക്ഷിയാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം. രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് നല്‍കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം പിന്നീട് ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തു.

68. ഒക്ടോബര്‍ 23

സംവരണമില്ലാതിരുന്നവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ ഏര്‍പ്പെടുത്തിയ 10 ശതമാനം സംവരണം നടപ്പിലായി. പട്ടികവിഭാഗത്തിലോ മറ്റു പിന്നാക്ക വിഭാഗത്തിലോ ഉള്‍പ്പെടാത്തവര്‍ക്കും ജാതിയില്ലാത്തവര്‍ക്കും സാമ്പത്തികമായി പിന്നാക്കമാണെങ്കില്‍ സംവരണം ലഭിക്കും. കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് ചട്ടം ഭേദഗതി ചെയ്ത് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പാണ് വിജ്ഞാപനമിറക്കിയത്.

69. ഒക്ടോബര്‍ 28

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റില്‍. ആറ് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍, ബെനാമി ഇടപാട് എന്നീ കുറ്റങ്ങളിലാണ് അറസ്റ്റ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചതില്‍ ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇ.ഡി അറസ്റ്റിലേക്ക് നീങ്ങിയത്.

70. ഒക്ടോബര്‍ 29

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ബെംഗളൂരുവിലെ ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്.

71. നവംബര്‍ 1

മലയാള സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അരനൂറ്റാണ്ടിലേറെയായി മലയാളസാഹിത്യത്തിനും മലയാളിയുടെ ചിന്തയ്ക്കും നല്‍കിയ അതുല്യമായ സംഭാവനകള്‍ പരിഗണിച്ചാണ് ചെറുകഥാകൃത്തും നോവലിസ്റ്റുമായ പോള്‍ സക്കറിയ എന്ന സക്കറിയയെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് അവാര്‍ഡ് പ്രഖ്യാപിച്ച മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.

72. നവംബര്‍ 2

പ്രമുഖ വയലിന്‍ വിദ്വാന്‍ ടി.എന്‍.കൃഷ്ണന്‍ അന്തരിച്ചു. 92 വയസായിരുന്നു. കര്‍ണാടക സംഗീതത്തിലെ വയലിന്‍ ത്രിമൂര്‍ത്തികളിലൊരാളാണ്. പത്മശ്രീ, പത്മഭൂഷണ്‍ തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

73. നവംബര്‍ 2

പി.ടി.തോമസ് എംഎല്‍എക്കെതിരെ വിജിലന്‍സ് പ്രാഥമികാന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇടപ്പള്ളി സ്ഥല ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം കൈമാറാന്‍ എംഎല്‍എ കൂട്ടുനിന്നുവെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം.

74. നവംബര്‍ 3

വയനാട്ടിലെ ബാണാസുരമല വനത്തിനുള്ളില്‍ പൊലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തമിഴ്‌നാട് തേനി സ്വദേശി വേല്‍മുരുകനാണ് മരിച്ചത്. 32 വയസായിരുന്നു. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സ്ഥലത്തെത്തിയാണ് മരിച്ചത് വേല്‍മുരുകനാണെന്ന് സ്ഥിരീകരിച്ചത്.

75. നവംബര്‍ 3

മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണിത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. എം.ടി വാസുദേവന്‍ നായര്‍ ചെയര്‍മാനായ സമതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

76. നവംബര്‍ 4

സിപിഐഎം യുവനേതാവും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ബിജു അന്തരിച്ചു. 43 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കൊവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.

77. നവംബര്‍ 7

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ എം.സി ഖമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അന്വേഷണ സംഘ തലവന്‍ വി.വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. എണ്ണൂറോളം പേരില്‍ നിന്നായി 150 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

78. നവംബര്‍ 13

സി പി ഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എ വിജയരാഘവനാണ് സെക്രട്ടറിയുടെ താത്കാലിക ചുമതല. ചികിത്സാര്‍ത്ഥം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി അറിയിക്കുകയും പാര്‍ട്ടി അത് അംഗീകരിക്കുകയുമായിരുന്നു.

79. നവംബര്‍ 14

കിഫ്ബിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന സി.എ.ജിയുടെ കരട് റിപ്പോര്‍ട്ട് കിഫ്ബിയെ തകര്‍ക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഓഫീസുമായി സി എ ജിക്ക് ബന്ധമുണ്ടെന്നും മന്ത്രി ഐസക്ക് ആരോപിച്ചു.

80. നവംബര്‍ 18

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

81. നവംബര്‍ 23

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. 2011ലെ കേരള പൊലീസ് നിയമത്തില്‍ 118എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേര്‍ത്തായിരുന്നു ഓര്‍ഡിനന്‍സ്.

82. നവംബര്‍ 25

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കര്‍ എന്‍ട്രി ചിത്രമായി തെരഞ്ഞെടുത്തു. രാജ്യാന്തര ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരിക്കുന്നത്. രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കട്ട്.

83. നവംബര്‍ 27

സംസ്ഥാനത്തെ കെ.എസ്.എഫ്.ഇയുടെ 40 ശാഖകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 35 ഇടത്ത് വ്യാപക ക്രമക്കേട് കണ്ടെത്തി. എന്നാല്‍, കെ.എസ്.എഫ്.ഇയുടെ ഇടപാടുകള്‍ സുതാര്യമാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു. വിജിലന്‍സ് പറയുന്നത് അസംബന്ധമാണെന്നും റെയ്ഡ് ആരുടെ വട്ടാണെന്ന് അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

84. നവംബര്‍ 27

കേരള ബാങ്കിന്റെ പ്രഥമ ഭരണസമിതി ചുമതലയേറ്റു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കലാണ് പ്രസിഡന്റ്. എം.കെ.കണ്ണനാണ് വൈസ് പ്രസിഡന്റ്.

85. ഡിസംബര്‍ 2

സി എ ജി റിപ്പോര്‍ട്ട് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന് എതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറി. കോണ്‍ഗ്രസ് എംഎല്‍എ വി.ഡി.സതീശനാണ് നോട്ടസ് നല്‍കിയത്. കിഫ്ബിക്കെതിരായ സി എ ജി റിപ്പോര്‍ട്ട് ധനമന്ത്രി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

86. ഡിസംബര്‍ 3

പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ.സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, കരമന അഷ്റഫ് മൗലവി, പ്രൊഫ.പി.കോയ, ഇ.എം.അബ്ദുറഹ്മാന്‍ എന്നിവരുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലും പരിശോധന നടന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചായിരുന്നു ഇ.ഡി.യുടെ പരിശോധന.

87. ഡിസംബര്‍ 12

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ യു.എ ഖാദര്‍ അന്തരിച്ചു. 85 വയസായിരുന്നു. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകള്‍ എന്നിവയാണ് പ്രധാന രചനകള്‍.

88. ഡിസംബര്‍ 12

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരില്‍ നിന്നും പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അതേസമയം, എത്രകണ്ട് വാക്‌സിന്‍ ലഭിക്കുമെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

89. ഡിസംബര്‍ 16

മൂന്ന് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വന്നു. എല്‍ഡിഎഫിന് ഉജ്ജ്വല ജയം. ഉരുക്കുകോട്ടകള്‍ നിലനിര്‍ത്തിയ എല്‍ഡിഎഫ് 11 ജില്ലാ പഞ്ചായത്തുകളും അഞ്ച് കോര്‍പറേഷനുകളും സ്വന്തമാക്കി. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫ് ആധിപത്യമുറപ്പിച്ചു. മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം.

90. ഡിസംബര്‍ 18

എറണാകുളത്ത് ഷോപ്പിംഗ് മാളില്‍ വെച്ച് രണ്ട് ചെറുപ്പക്കാര്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി. ലുലു മാളില്‍ കുടുംബത്തോടൊപ്പം ഷോപ്പിംഗിനെത്തിയപ്പോള്‍ പിന്നാലെയെത്തിയ രണ്ട് യുവാക്കള്‍ ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം കടന്നുകളഞ്ഞതായും പിന്നീട് ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയപ്പോള്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്നും യുവനായിക സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍, ഇര്‍ഷാദ് എന്നിവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

91. ഡിസംബര്‍ 23

അഭയ കേസില്‍ പ്രതികളായ ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷ. ഇരുവരും കുറ്റക്കാരാണെന്ന് ഡിസംബര്‍ 22ന് സി ബി ഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്.

92. ഡിസംബര്‍ 23

പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു. 86 വയസായിരുന്നു. കൊവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മുത്തുചിപ്പി, പാതിരാപ്പൂക്കള്‍, ഇരുള്‍ച്ചിറകുകള്‍, പാവം മാനവഹൃദയം, അമ്പലമണി, തുലാവര്‍ഷപ്പച്ച, രാത്രിമഴ, രാധയെവിടെ, കൃഷ്ണ കവിതകള്‍, കാവുതീണ്ടല്ലേ, ദേവദാസി തുടങ്ങിയവ പ്രധാന കവിതാ സമാഹാരങ്ങള്‍.

93. ഡിസംബര്‍ 23

യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. സൂഫിയും സുജാതയും, കരി എന്നീ സിനിമകളുടെ സംവിധായകനാണ് ഷാനവാസ്.

94. ഡിസംബര്‍ 23

കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുള്‍ റഹ്മാന്‍ ഹൗഫ് ആണ് കൊല്ലപ്പെട്ടത്. 32 വയസായിരുന്നു.

95. ഡിസംബര്‍ 25

ഇരുപത്തൊന്ന് വയസുകാരി ആര്യ രാജേന്ദ്രനെ തിരുവനന്തപുരം മേയറായി സി പി ഐ എം തീരുമാനിച്ചു. മുടവന്‍മുഗള്‍ ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ് ആര്യ. തിരുവനന്തപുരം ഓള്‍ സെയ്ന്റ്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍.

96. ഡിസംബര്‍ 25

ചലച്ചിത്ര താരം അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു. 48 വയസായിരുന്നു. തൊടുപുഴ മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്വദേശിയായ അനില്‍ അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, കമ്മട്ടിപ്പാടം, പാവാട, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

97. ഡിസംബര്‍ 25

പ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിനെ ഭാര്യ വീട്ടുകാര്‍ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് തേങ്കുറിശ്ശിയിലെ മാനാംകുളത്താണ് സംഭവം. തേങ്കുറിശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അനീഷിന്റെ ഭാര്യാ പിതാവ് പ്രഭുകുമാറിനെയും ഭാര്യയുടെ അമ്മാവനായ സുരേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

98. ഡിസംബര്‍ 26

കാരക്കോണത്ത് ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 26ന് പുലര്‍ച്ചെയായിരുന്നു സംഭവം. ശാഖയെ രണ്ട് മാസം മുമ്പാണ് അരുണ്‍ വിവാഹം കഴിച്ചത്.

99. ഡിസംബര്‍ 28

തിരുവനന്തപുരത്ത് സ്ഥലം ഒഴിപ്പിക്കുന്നതിനിടെ തീ കൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര നെല്ലിമൂട് കോളനിയിലെ രാജനാണ് മരിച്ചത്. ഡിസംബര്‍ 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെട്രോള്‍ ശരീരത്തിലൊഴിച്ച് ഭീഷണി മുഴക്കുന്നതിനിടെ തീ പടരുകയായിരുന്നു. പിന്നീട് രാജന്റെ ഭാര്യ അമ്പിളിയും മരിച്ചു.

100. ഡിസംബര്‍ 28

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭ ചേരുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഔദ്യോഗിക അനുമതി നല്‍കി. പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് അടിയന്തര സാഹചര്യം ഇല്ലെന്ന് വിലയിരുത്തി നേരത്തെ ഗവര്‍ണര്‍ അനുമതി നിഷേധിച്ചിരുന്നു. 

Story Highlights – Top 100 news of Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top