കാവലിന് ഒടിടി പ്ലാറ്റ്ഫോം 7 കോടി രൂപ ഓഫർ ചെയ്തതാണ്; തീയറ്ററുകാരെ വിചാരിച്ച് കൊടുത്തില്ല: ജോബി ജോർജ്

സുരേഷ് ഗോപി നായകനായ കാവൽ എന്ന സിനിമയ്ക്ക് ഒരു ഒടിടി പ്ലാറ്റ്ഫോം 7 കോടി രൂപ ഓഫർ ചെയ്തിരുന്നു എന്ന് നിർമ്മാതാവ് ജോബി ജോർജ്. ഷെയിൻ നിഗമിൻ്റെ വെയിൽ എന്ന ചിത്രത്തിനും ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് ഓഫർ ലഭിച്ചിരുന്നു. എന്നാൽ രണ്ട് ചിത്രങ്ങളും തീയറ്ററിൽ റിലീസ് ചെയ്യാനാണ് താൻ തീരുമാനിച്ചത് എന്നും ജോബി പറഞ്ഞു.
“ഒരു പുതുമുഖ സംവിധായകന്റെ ചിത്രമാണ് വെയിൽ. മാത്രമല്ല ചിത്രത്തിൽ ഷെയ്ൻ നിഗം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യേണ്ടതാണെന്ന് തോന്നി. സുരേഷ് ഗോപി നായകനായ കാവൽ എന്ന ചിത്രത്തിന് 7 കോടിയോളം രൂപ ഒടിടി വാഗ്ദാനം ഉണ്ടായിരുന്നു. എന്നാൽ ഞാൻ തിയേറ്ററുകാരെ വിചാരിച്ച് കൊടുത്തില്ല. സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നതാണ് നല്ലത്. എന്നാൽ ഗത്യന്തരമില്ലെങ്കിൽ എന്തു ചെയ്യും. മാർഗ്ഗമല്ലല്ലോ ലക്ഷ്യമല്ലേ പ്രധാനം. ഈ പ്രതിസന്ധിയിൽ എനിക്ക് പിടിച്ചു നിൽക്കാനായി. എന്നാൽ മറ്റുള്ളവർക്ക് അത് സാധ്യമാകണമെന്നില്ലല്ലോ.”- ജോബി ജോർജ് പറഞ്ഞു.
Read Also : ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
എല്ലാ സിനിമകളും ഒടിടിയിൽ റിലീസ് ചെയ്യാൻ കഴിഞ്ഞേക്കില്ലെന്നും ജോബി പറഞ്ഞു. താൻ നസ്സിലാക്കിയതനുസരിച്ച് പ്രൊഡക്ഷൻ ഹൗസ്, അഭിനേതാക്കൾ, സംവിധായകർ ഇതെല്ലാം പരിഗണിച്ചാണ് അവർ സമീപിക്കുക. നേരത്തെ തീയറ്ററിൽ വിജയമായ ചിത്രങ്ങളാണ് ഒടിടിയിൽ എത്തിയിരുന്നത്. ഇപ്പോൾ പ്രതികൂല സാഹചര്യമായതിനാലാണ് ഒടിടിയിൽ സിനിമകൾ റിലീസ് ചെയ്യുന്നതെന്നും ജോബി ജോർജ് പറഞ്ഞു.
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രം ദൃശ്യത്തിൻ്റെ രണ്ടാം ഭാഗം ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജോബി ജോർജിൻ്റെ പ്രതികരണം.
Story Highlights – joby george talks about kaval and ott release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here