കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. ഡിജിസിഎയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് വിമാനത്താവളത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി തുടര്‍നടപടി വേഗത്തിലാക്കാന്‍ തീരുമാനമായി.
2020 ഓഗസ്റ്റ് ഏഴിന് രാത്രിയുണ്ടായ വിമാന അപകടത്തെ തുടര്‍ന്നാണ് കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് താത്കാലികമായി നിര്‍ത്തിയത്. സൗദി ഉള്‍പ്പെടെ ഗള്‍ഫ് നാടുകളിലേക്ക് ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാന സര്‍വീസ് ഇല്ലാതായത് ഏറെ പ്രയാസമുണ്ടാക്കി.
Read Also : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ മിശ്രിതം പിടികൂടി
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചെറിയ വിമാനമാണ് അപകടത്തില്‍പ്പെട്ടതെങ്കിലും വലിയ വിമാനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് കരിപ്പൂരിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഈ സംഘം കരിപ്പൂരിലെത്തി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്താനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യോമയാന മന്ത്രാലയത്തെ അറിയിക്കാനും തീരുമാനിച്ചു. സൗദി എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വെയ്‌സ്, എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ എന്നീ കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ‘ടെയില്‍ വിന്‍ഡ്’ അഥവാ വിമാനത്തിന്റെ പിന്‍ഭാഗത്തുനിന്നുള്ള കാറ്റ്, റണ്‍വേയുടെ നീളം എന്നിവ പരിഗണിച്ചുള്ള കാര്യങ്ങളാണു ചര്‍ച്ച ചെയ്തത്.
Story Highlights – karipur airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here