കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഡൽഹിയിലും പക്ഷിപ്പനി ഭീതി

കൊവിഡ് ബാധക്കിടെ ഡൽഹിയിൽ പക്ഷിപ്പനി ഭീതി. കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതാണ് പരിഭ്രാന്ത്രി സൃഷ്ടിക്കുന്നത്. നൂറിലധികം കാക്കകളെ ഡൽഹി മയൂർ വിഹാറിലെ പാർക്കിൽ ചത്ത നിലയിൽ കണ്ടെത്തി. ഇവയുടെ സാമ്പിൾ മൃഗസംരക്ഷണ വകുപ്പ് അധികൃതർ പരിശോധനക്കായി അയച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ കാക്കകളെ ചത്ത നിലയിൽ കാണുന്നുണ്ടെന്ന് പാർക്ക് ജീവനക്കാരൻ പറയുന്നു. ഇന്ന് രാവിലെ മാത്രം 15-20 കാക്കകളെ ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങൾക്കിടെ നൂറോളം കാക്കകളാണ് ഇവിടെ ചത്തത്. ഡൽഹി സർക്കാരിൽ നിന്ന് ഒരു സംഘമെത്തി അഞ്ച് സാമ്പിളുകൾ എടുത്തുകൊണ്ട് പോയി എന്നും പാർക്ക് ജീവനക്കാരൻ പറഞ്ഞു.
Read Also : കൊവിഡ് സ്ഥിതിയും പക്ഷിപ്പനിയും വിലയിരുത്താനുള്ള കേന്ദ്രസംഘത്തിന്റെ സന്ദർശനം ഇന്നും തുടരുന്നു
അതേസമയം, രാജ്യത്ത് കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെ നാലു പ്രദേശങ്ങൾ അടക്കം 12 കേന്ദ്രങ്ങളാണ് പക്ഷിപ്പനിയുടെ ഉറവിടങ്ങളെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഹിമാചലിലെ പോങ് ടാം വന്യജീവി സങ്കേതത്തിൽ ചത്ത നിലയിൽ കണ്ടെത്തിയ ദേശാടന പക്ഷികളിൽ എച്ച്-5 എൻ-1 സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ വിവിധ ഇടങ്ങളിൽ ദേശാടന പക്ഷികൾ കൂട്ടത്തോടെ ചത്തത്.
ഹരിയാനയിൽ കോഴികൾ ഉൾപ്പെടെ ഒരു ലക്ഷത്തോളം പക്ഷികൾ ആണ് ചത്തത്. രാജസ്ഥാനിലെ ഝാൽവാറിൽ കാക്കകൾ ചത്തു വീണതിന് പിന്നിലും പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജുനഗഡ് ജില്ലയിൽ മാനവദാർ താലൂക്കിൽ ഖരോ റിസർവോയറിൽ 53 ജലപക്ഷികളെ ചത്ത് പൊങ്ങിയ നിലയിൽ കണ്ടെത്തി. എല്ലാവർഷവും ആയിരക്കണക്കിന് ദേശാടന പക്ഷികൾ താവളമടിക്കുന്ന ഇവിടെയും പക്ഷിപ്പനി സാധ്യത നിലനിൽക്കുന്നതായി വനംവകുപ്പ് അറിയിച്ചു.
Story Highlights – Crows found dead in Delhi’s Mayur Vihar, officials probe bird flu angle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here