Advertisement

എന്‍സിപി തര്‍ക്കം; മുഖ്യമന്ത്രി ഇടപെടുന്നു; മന്ത്രി എ കെ ശശീന്ദ്രനും മാണി സി കാപ്പന്‍ എംഎല്‍എയുമായി ചര്‍ച്ച

January 11, 2021
2 minutes Read

എന്‍സിപിയിലെ തര്‍ക്കം തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. മന്ത്രി എ കെ ശശീന്ദ്രനും മാണി സി കാപ്പന്‍ എംഎല്‍എയുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. പാലാ സീറ്റിനെ ചൊല്ലിയാണ് എന്‍സിപിയിലെ തര്‍ക്കം. പാലാ ലഭിച്ചില്ലെങ്കില്‍ മുന്നണി വിടാനാണ് സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ എന്‍സിപി ഇടത് മുന്നണി വിടുമെന്ന വാര്‍ത്തകളെ ടി പി പീതാംബരന്‍ പാടേ തള്ളിയിരുന്നു. എന്നാല്‍ സീറ്റ് വിവാദത്തില്‍ സിപിഐഎം മൗനം തുടരുന്നത് എന്‍സിപിയെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഇക്കാര്യത്തിലെ അതൃപ്തിയും എന്‍സിപി പരസ്യമാക്കിയിരുന്നു. ഇടത് മുന്നണിയില്‍ തുടരണമെന്ന നിര്‍ദേശം ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ നല്‍കിയെന്നാണ് നേതാക്കള്‍ വിശദീകരിക്കുന്നത്. എന്നാല്‍ സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.

എന്‍സിപിയിലെ ആഭ്യന്തര കലഹവും കൂടുതല്‍ രൂക്ഷമായെന്നാണ് വിവരം. മത്സരരംഗത്ത് തലമുറ മാറ്റം വേണമെന്ന ടി പി പീതാംബരന്റെ പ്രസ്താവനയിലാണ് ഭിന്നത മറനീക്കിയത്. തലമുറ മാറ്റം തന്നെ മാത്രം ഉദ്ദേശിച്ചാവരുതെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന ശശീന്ദ്രന്റെ പ്രസ്താവന ടി പി പീതാംബരനുള്ള മറുപടിയായി ഫലത്തില്‍ മാറി. ഒരു പടി കൂടി കടന്ന് പാലാ സീറ്റില്‍ അവകാശവാദം ഉന്നയിക്കാന്‍ ഇരുകക്ഷികള്‍ക്കും അവകാശമുണ്ടെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

ടി പി പീതാംബരന്‍ കോഴിക്കോട് വിളിച്ചു ചേര്‍ത്ത ജില്ലാ നേതൃയോഗത്തില്‍ ശശീന്ദ്രന്‍ പങ്കെടുത്തതുമില്ല. തര്‍ക്കങ്ങള്‍ ഇടതുമുന്നണി ചര്‍ച്ച ചെയ്ത് പരിഹരിക്കും എന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. മുന്നണി മാറ്റത്തെ രണ്ടാം നിര നേതാക്കളുടെ പിന്തുണയോടെ ശശീന്ദ്രന്‍ പക്ഷം ശക്തമായി എതിര്‍ത്തതോടെയാണ് കാപ്പന്‍ ചേരിയുടെ നീക്കം താത്കാലികമായെങ്കിലും വഴിമുട്ടിയത്.

Story Highlights – NCP dispute; CM intervenes; Talks with Minister AK Sasindran and Mani C Kappan MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top