തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയ ചർച്ച സജീവമാക്കി മുന്നണികൾ

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയ ചർച്ച സജീവമാക്കി മുന്നണികൾ. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ മികച്ച സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് നീക്കം. തീരദേശ മേഖലയും ന്യൂനപക്ഷങ്ങളും നിർണായക ഘടകങ്ങളാകുന്ന മണ്ഡലത്തിലെ മത്സരം മുന്നണികൾക്ക് അഭിമാന പോരാട്ടമാണ്.
യു.ഡി.എഫിന്റെ ഉറച്ചകോട്ടയെന്ന് അറിയപ്പെടുന്ന മണ്ഡലത്തിൽ പുനർനിർണയത്തിനുശേഷം രണ്ടുതവണയും വിജയിച്ചത് യുഡിഎഫിലെ വിഎസ് ശിവകുമാറാണ്. ഇത്തവണയും വിഎസ് ശിവകുമാർ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. കഴിഞ്ഞ രണ്ടു തവണകളായി മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും സ്വീകാര്യതയും യുഡിഎഫിനു തുണയാകുമെന്ന് ശിവകുമാർ പറഞ്ഞു.
കഴിഞ്ഞ തവണ മത്സരിച്ച ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജു തന്നെയാകും ഇത്തവണയും എൽഡിഎഫ് സ്ഥാനാർത്ഥിയെന്നാണ് സൂചന. മത്സരിച്ച സീറ്റുകൾ വേണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ആവശ്യപ്പെടും. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയമാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം.
ബിജെപിക്കും ശക്തമായ അടിത്തറയുള്ള മണ്ഡലമാണിത്. കഴിഞ്ഞ തവണ ക്രിക്കറ്റ് താരം ശ്രീശാന്തായിരുന്നു ബിജെപി സ്ഥാനാർത്ഥി. ഇത്തവണ സിനിമാതാരം കൃഷ്ണകുമാറിനെയാണ് സ്ഥാനാർത്ഥിയായി ബിജെപി പരിഗണിക്കുന്നത്.
ന്യൂനപക്ഷ വോട്ടുകളും തീരമേഖലയും നിർണായക ഘടകങ്ങളാകുന്ന മണ്ഡലത്തിലെ വിജയം ഓരോ മുന്നണിക്കും നിർണായകമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here