വെള്ളാപ്പള്ളി നടേശനെതിരെ പ്രതിഷേധവുമായി എസ്എന്‍ഡിപി യോഗം വിമോചന സമര സമിതി

വെള്ളാപ്പള്ളി നടേശനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി എസ്എന്‍ഡിപി യോഗം വിമോചന സമര സമിതി. നാളെ കോട്ടയം തിരുനക്കരയില്‍ സമര പ്രഖ്യാപനം നടത്തുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു. വെള്ളാപ്പള്ളിയുടെ കീഴില്‍ എസ്എന്‍ഡിപി യോഗം തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീണുവെന്നും സ്വന്തം നേട്ടങ്ങള്‍ക്കായി വെള്ളാപ്പള്ളി യോഗത്തെ ദുരുപയോഗം ചെയ്‌തെന്നും സമിതി ആരോപിച്ചു.
വെള്ളാപ്പള്ളി നടേശന്റെ ശക്തനായ വക്താവായിരുന്ന അഡ്വ. കെ. എം. സന്തോഷ് കുമാറാണ് നിലപാട് തിരുത്തി രംഗത്തെത്തിയത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സ്വാമി ശാശ്വതീകാനന്ദയുടെ മരണം എന്നിവ സംബന്ധിച്ച പരാമര്‍ശങ്ങള്‍ നടത്തിയ സന്തോഷ് കുമാര്‍, എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയിട്ടുള്ളത് എന്നാരോപിച്ചു. കഴിഞ്ഞ കാലങ്ങളില്‍ വെള്ളാപ്പള്ളിക്ക് വേണ്ടി വാദിച്ചതില്‍ പൊതുസമൂഹത്തിന് മുന്നില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സന്തോഷ് കുമാര്‍ പറഞ്ഞു.
നാളെ കോട്ടയം നാഗമ്പടം ക്ഷേത്രാങ്കണത്തിലെ തേന്‍മാവിന്‍ ചുവട്ടില്‍ നിന്നും തിരുനക്കര മൈതാനത്തേക്ക് തലയില്‍ മുണ്ടിട്ട് സമരസമിതി പ്രവര്‍ത്തകര്‍ പിന്നിലേക്ക് നടക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ വിമോചന സമര സമിതി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ സമര പ്രഖ്യാപനം നടത്തും. രക്ഷാധികാരി പ്രൊഫ. എം.കെ. സാനു, യോഗം മുന്‍ ജന. സെക്രട്ടറി അഡ്വ. കെ. ഗോപിനാഥന്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുക്കും.
Story Highlights – SNDP Vimochana Samara Samithi – protest against Vellapally Nadesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here