Advertisement

ടൂറിസം മേഖലയിലെ കൊവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ പര്യാപ്തമായ ബജറ്റ്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

January 15, 2021
2 minutes Read
kt jaleel interrogation not a big deal says kadakampally surendran

കേരളത്തിലെ ടൂറിസം മേഖല കൊവിഡ് കാരണം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ പര്യാപ്തമായ ബജറ്റാണ് അവതരിപ്പിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതിശക്തമായ മാര്‍ക്കറ്റിംഗിലൂടെ മാത്രമേ ടൂറിസം രംഗത്ത് തിരിച്ചു വരവ് സാധിക്കുകയുള്ളൂ. കഴിഞ്ഞ തവണത്തേക്കാള്‍ 40 ശതമാനം വര്‍ധനവ് വരുത്തി മാര്‍ക്കറ്റിംഗിനായി 100 കോടി രൂപ ബജറ്റില്‍ അനുവദിച്ചത് സ്വാഗതാര്‍ഹമാണ്.

നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ മാര്‍ക്കറ്റിംഗിന് അധികമായി 25 കോടി രൂപ അനുവദിച്ചത് ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി. ആഭ്യന്തര വിനോദ സഞ്ചാരരംഗത്ത് ഇപ്പോഴുണ്ടായിട്ടുള്ള ഉണര്‍വിന് കരുത്ത് പകരാന്‍ ഇത് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

Read Also : സി.എം. രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്ന് മനഃപൂര്‍വം മാറിനില്‍ക്കുന്നതല്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കോഴിക്കോട് – തിരുവിതാംകൂര്‍ പൈതൃക ടൂറിസം പദ്ധതികള്‍ നടപ്പാക്കാന്‍ 40 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. തലശേരി, ആലപ്പുഴ, മുസിരിസ് പൈതൃക പദ്ധതികള്‍ ഇപ്പോള്‍ അതിവേഗം പുരോഗമിച്ച് വരികയാണ്. ഇതിന് പുറമെയാണ് രണ്ട് പൈതൃക പദ്ധതികള്‍ കൂടി ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതില്‍ തന്നെ തിരുവിതാംകൂര്‍ പൈതൃക പദ്ധതികള്‍ക്ക് 40 കോടി രൂപ വകയിരുത്തിയത് കൂടുതല്‍ പ്രയോജനം ചെയ്യും. തിരുവിതാംകൂര്‍ പൈതൃക പദ്ധതിക്ക് മാത്രമായി 10 കോടി രൂപ അനുവദിക്കാനുള്ള തീരുമാനം കൂടുതല്‍ ഗുണകരമാകും.

കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയ ചാമ്പ്യന്‍സ് ബോട്ട് ലീഗ് കൊവിഡ് കാരണം 2020-ല്‍ നടന്നില്ല. ഇത് 2021-ല്‍ നടത്താന്‍ 20 കോടി രൂപ അനുവദിച്ചത് സ്വാഗതാര്‍ഹമാണ്. കൊവിഡിന് ശേഷം അന്താരാഷ്ട്ര തലത്തില്‍ കേരളത്തിലെ ടൂറിസം മേഖലയുടെ തിരിച്ചുവരവിന് ചാമ്പ്യന്‍സ് ബോട്ട് ലീഗ് സഹായിക്കും.

പൈതൃക കേന്ദ്രങ്ങളെ അടുത്തറിയാന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നതിനായി അഞ്ച് കോടി രൂപ വകയിരുത്തിയത് ഭാവി തലമുറയ്ക്ക് നമ്മുടെ പൈതൃക സ്മാരകങ്ങളേയും ചരിത്രത്തേയും പറ്റി കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കും. മൂന്നാറില്‍ ബ്രിട്ടീഷ് ഭരണ കാലത്ത് ഉണ്ടായിരുന്ന ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിക്കാന്‍ ബജറ്റില്‍ പരിഗണന നല്‍കിയത് മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് ഗുണകരമാകും.

ടൂറിസം ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് ഈ രംഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസപ്രദമാകുന്നതാണ്. കൊച്ചി ബിനാലെയുടെ മാതൃകയില്‍ ആലപ്പുഴയില്‍ ഒരു ഗ്ലോബല്‍ പെയിന്റിംഗ് എക്‌സിബിഷന്‍ ആരംഭിക്കാന്‍ തുക അനുവദിച്ചത് സ്വാഗതാര്‍ഹമാണ്.

മൂന്നാറില്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലത്ത് കെ.ടി.ഡി.സിയുടെ ഹോട്ടല്‍ ആരംഭിക്കാനുള്ള തീരുമാനവും തലസ്ഥാന നഗരത്തിന്റെ വികസനത്തിന് പ്രത്യേകം പ്രഖ്യാപിച്ച 250 കോടി രൂപയുടെ പൈതൃക സംരക്ഷണ പദ്ധതിയും ടൂറിസം മേഖലയ്ക്ക് തന്നെ ഗുണം ചെയ്യും. വേളിയിലും ആക്കുളത്തുമായി ഏകദേശം 70 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്കാണ് ഈ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിന് പുറമെ ഈ ബജറ്റില്‍ പ്രഖ്യാപിച്ച 150 കോടി രൂപ ഈ മേഖലയില്‍ കൂടുതല്‍ ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സഹായകമാകും. ആക്കുളം കായല്‍ ടൂറിസം പദ്ധതിക്കായി കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതി കൂടി വരുന്നതോടെ മേഖലയുടെ സമഗ്രവികസനം സാധ്യമാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights – kadakampally surendran, kerala budget 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top