സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളം ഇന്ന് ഡൽഹിക്കെതിരെ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം ഇന്ന് ഡൽഹിക്കെതിരെ. ഗ്രൂപ്പ് ഇയിൽ ഇരു ടീമുകളുടെയും മൂന്നാം മത്സരമാണ് ഇത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചതിനാൽ ഈ കളി കൂടി വിജയിച്ച് ക്വാർട്ടർ ഫൈനൽ സാധ്യതകൾ വർധിപ്പിക്കുക എന്നതാണ് ഇരു ടീമുകളുടെയും ലക്ഷ്യം. എന്നാൽ, കരുത്തരായ ഡൽഹിയെ പരാജയപ്പെടുത്തുക എന്നത് കേരളത്തിനു വലിയ വെല്ലുവിളിയാവും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചക്ക് 12 മണിക്കാണ് മത്സരം.
പുതുച്ചേരിക്കെതിരെ വിജയിച്ച് തുടങ്ങിയ കേരളത്തിന് മുംബൈക്കെതിരെ നേടിയ തകർപ്പൻ ജയം വലിയ ആത്മവിശ്വാസം നൽകും. ഒരുപക്ഷേ, ഗ്രൂപ്പിലെ തന്നെ ഏറ്റവും ദുർബലമായ ബൗളിംഗ് നിരയാണെങ്കിൽ പോലും 197 എന്ന കൂറ്റൻ സ്കോർ 15.5 ഓവറിൽ മറികടന്ന കേരളം ക്വാർട്ടർ ഫൈനൽ സാധ്യതകളെ ഗൗരവമായിത്തന്നെ കാണുന്നുണ്ട്. എന്നാൽ, ഡൽഹി ബൗളിംഗ് നിര ശക്തമാണ്. ഇശാന്ത് ശർമ്മ, സിമ്രൻജീത് സിംഗ്, പ്രദീപ് സാംഗ്വാൻ തുടങ്ങി മികച്ച താരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഡൽഹിയുടെ ബൗളിംഗ് നിര. ശിഖർ ധവാൻ, നിതീഷ് റാണ, അനുജ് റാവത്, ഹിമ്മത് സിംഗ്, ലളിത് യാദവ് എന്നിങ്ങനെ വളരെ കരുത്തുറ്റ ഒരു ബാറ്റിംഗ് നിരയും ഡൽഹിക്കുണ്ട്. അതുകൊണ്ട് തന്നെ ഡൽഹിയെ പരാജയപ്പെടുത്തുക എന്നത് കേരളത്തെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാവും.
മുഹമ്മദ് അസ്ഹറുദ്ദീൻ എന്ന ഓപ്പണറിലാണ് കേരളത്തിൻ്റെ പ്രതീക്ഷകളിൽ ഏറിയ പങ്കും ഉള്ളത്. പുതുച്ചേരിക്കെതിരെയും മുംബൈക്കെതിരെയും അസ്ഹറുദ്ദീൻ കാഴ്ചവച്ച ബാറ്റിംഗ് പ്രകടനം വളരെ മികച്ചതായിരുന്നു. പുതുച്ചേരിക്കെതിരെ 18 പന്തുകളിൽ 30 റൺസെടുത്താണ് അസ്ഹറുദ്ദീൻ പുറത്തായത്. താരത്തിനൊപ്പം റോബിൻ ഉത്തപ്പ, സഞ്ജു സാംസൺ, സച്ചിൻ ബേബി എന്നിവരും ലോവർ ഓർഡറിൽ വിഷ്ണു വിനോദും സൽമാൻ നിസാറുമൊക്കെ മികച്ച കളി കെട്ടഴിക്കാൻ കഴിയുന്ന താരങ്ങളാണ്. ബൗളിംഗ് ഡിപ്പാർട്ട്മെൻ്റാണ് കേരളത്തിൻ്റെ പ്രശ്നം. ശ്രീശാന്തിന് മൂവ്മെൻ്റ് ലഭിക്കുന്നുണ്ടെങ്കിലും പഴയ വീര്യമില്ല. ബേസിലും നിഥീഷും നിരാശപ്പെടുത്തുകയാണ്. ആസിഫാണ് അല്പമെങ്കിലും നന്നായി പന്തെറിയുന്നത്. ജലജ് സക്സേന വേറിട്ടു നിൽക്കുന്നു. സക്സേനയുടെ സാന്നിധ്യമാണ് പലപ്പോഴും കേരളത്തെ രക്ഷിച്ചു നിർത്തുന്നത്.
Story Highlights – syed mushtaq ali trophy kerala vs delhi preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here