അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്ക് പ്രതീക്ഷ വെക്കാം; ബജറ്റിനെപ്പറ്റി സൂചന നൽകി ധനമന്ത്രി

പിണറായി വിജയൻ സർക്കാരിൻ്റെ അവസാന ബജറ്റിനു മുന്നോടിയായി ചില സൂചനകൾ നൽകി ധനമന്ത്രി ഡോ. തോമസ് ഐസക്ക്. അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്ക് പ്രതീക്ഷ വെക്കാം എന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ നവീകരിക്കാനും ഷോപ്പിംഗ് കോംപ്ലക്സ് പണിയാനും ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റബ്ബറിൻ്റെ താങ്ങുവില വർധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 250 രൂപ താങ്ങുവില നൽകാൻ കഴിയുമോ എന്ന ചോദ്യത്തിന് അതിനു കഴിയില്ല എന്നും എത്ര വർധിപ്പിക്കുമെന്നത് ബജറ്റിൽ ഉണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്ക് പ്രതീക്ഷ വെക്കാം. വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാവും. കിഫ്ബി പോലെ തൊഴിലവസരങ്ങൾക്കുള്ള വലിയ അവസരങ്ങളുണ്ടാവും. ബജറ്റ് പ്രസംഗം 3 മണിക്കൂർ എങ്കിലും ഉണ്ടാവും. കുട്ടികൾ എഴുതിയ 12 കവിതകൾ ബജറ്റിലുണ്ടാവുമെന്നും ധനമന്ത്രി പറഞ്ഞു.
Read Also : ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇടുക്കിയിലെ ജനങ്ങള്‍
തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനപ്രിയ ബജറ്റാകും ധനമന്ത്രി അവതരിപ്പിക്കുക. കൊവിഡാനന്തര കേരളത്തിന്റെ വളർച്ചയ്ക്ക് വഴിയൊരുക്കുന്നതാകും ബജറ്റെന്നാണ് സൂചന. സംസ്ഥാനത്തിനു കൂട്ടാൻ കഴിയുന്ന നികുതികൾ വർധിപ്പിക്കില്ല. ദാരിദ്ര്യ നിർമാർജനത്തിന് ഊന്നൽ നൽകുന്ന പരിപാടികളും ബജറ്റിലുണ്ടാകും.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച താഴേക്ക് പോകുന്നതിനിടെയാണ് ധനമന്ത്രി ജനപ്രിയ ബജറ്റ് അവതരിപ്പിക്കുന്നതെന്നാണ് ശ്രദ്ധേയം. തനത് നികുതി വരുമാനത്തിലും വൻകുറവുണ്ടാകുമ്പോൾ വരുമാനം വർധിപ്പിക്കാനുള്ള നടപടിയെന്തുണ്ടാകുമെന്നതാണ് പ്രധാനം. പ്രകൃതി ദുരന്തങ്ങളും കൊവിഡും സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ട് പറയുന്നത്. വളർച്ചാ നിരക്ക് 3.45 ശതമാനമായി കുറഞ്ഞു. ആഭ്യന്തര കടവും സംസ്ഥാനത്തിന്റെ കടബാധ്യതയും വർധിക്കുകയും ചെയ്തു.
Story Highlights – tm thomas isaac talks about budget
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here