ഗാബ ടെസ്റ്റ്: ഇന്ത്യ പൊരുതുന്നു; 4 വിക്കറ്റ് നഷ്ടം

ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യയുടെ നാലു വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു, രോഹിത് ശർമ്മ (44), ശുഭ്മൻ ഗിൽ (7), ചേതേശ്വർ പൂജാര (25), അജിങ്ക്യ രഹാനെ (37) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടമായത്. മായങ്ക് അഗർവാൾ (38), ഋഷഭ് പന്ത് (4) എന്നിവരാണ് ക്രീസിൽ.
ഓസ്ട്രേലിയയെ 369 റൺസിന് പുറത്താക്കി രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. 7 റൺസ് നേടിയ ശുഭ്മൻ ഗില്ലിനെ പാറ്റ് കമ്മിൻസ് സ്റ്റീവ് സ്മിത്തിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രോഹിത് ശർമ്മ-ചേതേശ്വർ പൂജാര സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. ഓസീസ് ബൗളർമാരെ ഫലപ്രദമായി നേരിട്ട അവർ 49 റൺസാണ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തു. ഒടുവിൽ ലിയോണിനു വിക്കറ്റ് സമ്മാനിച്ച് രോഹിത് മടങ്ങി. 44 റൺസെടുത്ത് നന്നായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന രോഹിത് ഓസീസ് സ്പിന്നർക്കെതിരെ കൂറ്റൻ ഷോട്ടിനു ശ്രമിച്ച് മിച്ചൽ സ്റ്റാർക്കിനു പിടിനൽകിയാണ് മടങ്ങി. രണ്ടാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 62 എന്ന നിലയിലായിരുന്നു ഇന്ത്യ.
മൂന്നാം ദിനത്തിൽ പൂജാര-രഹാനെ സഖ്യം 45 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. പൂജാരയെ (25) ടിം പെയ്ൻ്റെ കൈകളിലെത്തിച്ച ജോഷ് ഹേസൽവുഡ് ഈ കൂട്ടുകെട്ട് പൊളിച്ചു. ഏറെ വൈകാതെ രഹാനെയും മടങ്ങി. 37 റൺസെടുത്ത ഇന്ത്യൻ ക്യാപ്റ്റനെ മിച്ചൽ സ്റ്റാർക്ക് മാത്യു വെയ്ഡിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിൽ നിന്ന് 208 റൺസ് അകലെയാണ് നിലവിൽ ഇന്ത്യ.
Story Highlights – india have lost 4 wickets for 164 in 4th test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here