എന്‍ഐഎ ഇന്ന് കര്‍ഷക നേതാക്കളെ ചോദ്യം ചെയ്യും

ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ രാജ്യത്തിനകത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന കേസില്‍ എന്‍ഐഎ ഇന്ന് കര്‍ഷക നേതാക്കളെ ചോദ്യം ചെയ്യും. കര്‍ഷക നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയും, പഞ്ചാബി നടന്‍ ദീപ് സിദ്ദുവും ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ നോട്ടിസ് നല്‍കിയിട്ടുണ്ട്. നാല്‍പതില്‍പരം പേര്‍ക്കാണ് ഇതുവരെ നോട്ടിസ് കൈമാറിയത്. അതേസമയം, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയെക്കുറിച്ച് കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേര്‍ന്ന് അന്തിമരൂപം നല്‍കും. ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പൊലിസിന്റെ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും.
രാജ്യത്തിനകത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഖാലിസ്ഥാന്‍ അനുകൂല സംഘടനകളായ സിഖ് ഫോര്‍ ജസ്റ്റിസ്, ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ്, ബബ്ബാര്‍ ഖാല്‍സ ഇന്റര്‍നാഷണല്‍, ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് എന്നീ സംഘടനകള്‍ ഗൂഢാലോചന നടത്തുന്നുവെന്ന കേസിലാണ് കര്‍ഷക നേതാക്കളെയും പ്രക്ഷോഭത്തെ അനുകൂലിക്കുന്നവരെയും ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചത്. ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി അടക്കം പ്രതിഷേധങ്ങളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തടയാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് കര്‍ഷക സംഘടനകളുടെ പ്രതികരണം. സമാധാനപ്പൂര്‍വ്വം ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
ഇതിനിടെ, സുപ്രിംകോടതി രൂപീകരിച്ച സമിതിയിലെ നിലവിലെ അംഗങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ ലോക്ശക്തി സുപ്രിംകോടതിയെ സമീപിച്ചു. അംഗങ്ങള്‍ സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ ഉള്ളവരാണെന്നും, കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ചവരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം അന്‍പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു.
Story Highlights – NIA will question the farmer leaders today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here