ഗുജറാത്തില്‍ റോഡരികില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി; 15 മരണം

ഗുജറാത്തിലെ സൂറത്തില്‍ റോഡരികില്‍ ഉറങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി പതിനഞ്ച് പേര്‍ മരിച്ചു. ഒരു വയസുള്ള പെണ്‍കുട്ടിയും മരിച്ചവരില്‍പ്പെടുന്നു. ആറ് പേരുടെ നില ഗുരുതരമാണ്. രാജസ്ഥാനില്‍ നിന്നുള്ളവരാണ് ദുരന്തത്തിനിരയായത്.
സൂറത്ത് ജില്ലയിലെ കൊസാംബയിലാണ് അതീവ ദാരുണമായ സംഭവമുണ്ടായത്. റോഡരികില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികള്‍ക്ക് മേല്‍ നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. പന്ത്രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. രാജസ്ഥാനിലെ ബന്‍സ്വാഡ ജില്ലയില്‍ നിന്നുള്ളവരാണ് ദുരന്തത്തിനിരയായത്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷവും, പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും അടിയന്തര സഹായമായി നല്‍കുമെന്നും വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കെതിരെ സൂറത്ത് പൊലീസ് കേസെടുത്തു.
Story Highlights – 15 Sleeping Labourers Crushed Under Truck In Gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here