വ്യവസായിയെ സ്ഥാനാർത്ഥിയാക്കാൻ കാനം രാജേന്ദ്രന് ശുപാർശ കത്ത് നൽകി പാലക്കാട് ബിഷപ്പ്

പാലക്കാട് മണ്ണാർക്കാട് മണ്ഡലത്തിൽ വ്യവസായിയെ സിപിഐ സ്ഥാനാർത്ഥിയാക്കാൻ ശുപാർശ ചെയ്ത് ബിഷപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് നൽകി. കഞ്ചിക്കോട്ടെ വ്യവസായി ഐസക് വർഗീസിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം.
ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് നേരിട്ടെത്തിയാണ് കത്ത് കൈമാറിയത്. ഐസക്കിനെ സ്ഥാനാർത്ഥിയാക്കിയാൽ സഭ പിന്തുണയ്ക്കുമെന്നും അദ്ദേഹത്തിന് വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബിഷപ്പ് കത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും സംസ്ഥാന നേതൃത്വത്തിന് ലഭിച്ച കത്തിനെക്കുറിച്ച് അറിവില്ലെന്നുമാണ് സിപിഐ ജില്ലാ നേതൃത്വം പ്രതികരിച്ചത്.
നേരത്തേ സിപിഐ സ്ഥാനാർത്ഥികൾ വിജയിച്ചു പോന്ന മണ്ഡലമായിരുന്ന മണ്ണാർക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ആയിരുന്നു ഇവിടെ വിജയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here