സ്റ്റോക്സും ആർച്ചറും തിരികെ എത്തി; ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ശ്രീലങ്കൻ പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ എന്നിവർ ടീമിൽ മടങ്ങി എത്തിയിട്ടുണ്ട്. കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന റോറി ബേൺസും ടീമിൽ തിരികെ എത്തി.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് ടീമിൽ ഉണ്ടായിരുന്ന സാം കറൻ, ജോണി ബെയർസ്റ്റോ, മാർക്ക് വുഡ് എന്നിവർക്ക് വിശ്രമം അനുവദിച്ചു. പാകിസ്താനെതിരായ പരമ്പരക്കിടെ പരുക്കേറ്റ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇന്ത്യക്കെതിരെയും കളിക്കില്ല. പരുക്ക് മാറുന്നതിനനുസരിച്ച് താരം ടീമിലെത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ജോ റൂട്ട് നയിക്കുന്ന ടീമിൽ കൊവിഡ് ബാധിച്ച് ഐസൊലേഷനിൽ കഴിയുന്ന മൊയീൻ അലിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കൻ പര്യടത്തിനായി കൊളംബോയിലെത്തിയ താരത്തിന് കൊവിഡ് പോസിറ്റീവായതിനെ തുടർന്നാണ് ഐസൊലേറ്റ് ചെയ്തത്. ജെയിം ആൻഡേഴ്സൺ, സ്റ്റുവർട്ട് ബ്രോഡ്, ഡോം ബെസ്സ്, ജോസ് ബട്‌ലർ, സാക്ക് ക്രൗളി, ബെൻ ഫോക്സ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ഒല്ലി സ്റ്റോൺ, ക്രിസ് വോക്സ് എന്നിവരാണ് ടീമിലെ മറ്റു താരങ്ങൾ.
Read Also : ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; സന്ദീപ് വാര്യർ നെറ്റ് ബൗളറായി ടീമിൽ
ജെയിംസ് ബ്രേസി, മേസൺ ക്രെയിൻ, സാക്വിബ് മഹ്മൂദ്, മാത്യു പെർകിൻസൺ, ഒലി റോബിൻസൺ, അമർ വിർദി എന്നിവർ റിസർവ് ടീമിൽ ഉണ്ട്.
ഇന്ത്യൻ ടീമിൽ പറ്റേണിറ്റി അവധിയിലായിരുന്ന ക്യാപ്റ്റൻ വിരാട് കോലി തിരികെ എത്തി. ഇതോടെ സ്റ്റാൻഡ് ബൈ ക്യാപ്റ്റനായിരുന്ന അജിങ്ക്യ രഹാനെ വൈസ് ക്യാപ്റ്റൻ റോളിലേക്ക് മാറി. ഓസീസിനെതിരെ അരങ്ങേറിയ തമിഴ്നാട് പേസർ ടി നടരാജന് സ്ഥാനം നഷ്ടമായി. ഓസ്ട്രേലിയക്കെതിരെ കളിച്ച നവദീപ് സെയ്നി, പൃഥ്വി ഷാ എന്നിവരും ടീമിൽ ഇടം നേടിയില്ല. ഹർദ്ദിക് പാണ്ഡ്യ ടീമിൽ തിരികെ എത്തി. അക്സർ പട്ടേലാണ് ടീമിലെ പുതുമുഖം.
ഫെബ്രുവരി അഞ്ചിനാണ് പരമ്പര ആരംഭിക്കുക. ആദ്യ രണ്ട് മത്സരങ്ങളും ചെന്നൈയിൽ നടക്കും.
Story Highlights – England announces 16-man squad for first two Tests against India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here