ടെസ്റ്റിൽ സച്ചിനെ മറികടക്കാൻ ജോ റൂട്ടിനു കഴിയും: ഇംഗ്ലണ്ട് ഇതിഹാസം ജെഫ്രി ബോയ്കോട്ട്

ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കറുടെ റൺവേട്ടയുടെ റെക്കോർഡ് മറികടക്കാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനു കഴിയുമെന്ന് ഇംഗ്ലണ്ട് ഇതിഹാസ താരം ജെഫ്രി ബോയ്കോട്ട്. റൂട്ടിന് 30 വയസ്സേ ആയിട്ടുള്ളൂ എന്നും 200 ടെസ്റ്റുകളെങ്കിലും അദ്ദേഹത്തിനു കളിക്കാൻ കഴിയുമെന്നും ബോയ്കോട്ട് പറഞ്ഞു. ദി ടെലഗ്രാഫിലെഴുതിയ കോളത്തിലാണ് ബോയ്കോട്ടിൻ്റെ നിരീക്ഷണം.
‘ഡേവിഡ് ഗോവർ, കെവിൻ പീറ്റേഴ്സൻ, ഞാൻ എന്നിവരെ പോലെ ഇംഗ്ലണ്ടിനായി കൂടുതൽ ടെസ്റ്റ് റൺസ് സ്കോർ ചെയ്യുന്നവരെ മറന്നേക്കൂ. 200 ടെസ്റ്റുകൾ കളിക്കാനും, സച്ചിൻ ടെണ്ടുൽക്കറെക്കാൾ കൂടുതൽ റൺസ് സ്കോർ ചെയ്യാനുമുള്ള കഴിവ് റൂട്ടിനുണ്ട്. റൂട്ടിന് 30 വയസേ ആയിട്ടുള്ളൂ. 99 ടെസ്റ്റുകളിൽ നിന്ന് റൂട്ട് ഇതിനോടകം 8249 റൺസ് സ്കോർ ചെയ്തു. ഗുരുതരമായ പരിക്കുകളേറ്റില്ല എങ്കിൽ സച്ചിന്റെ 15921 റൺസ് എന്ന റെക്കോർഡ് റൂട്ട് മറികടക്കാതിരിക്കാൻ കാരണമൊന്നുമില്ല.’- അദ്ദേഹം കുറിച്ചു.
Read Also : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ജഡേജ പുറത്ത്
റൂട്ടിൻ്റെ സമകാലികരായ വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയിൻ വില്ല്യംസൺ എന്നിവർ അത്ഭുതപ്പെടുത്തുന്ന താരങ്ങളാണെന്നും ബോയ്കോട്ട് കോളത്തിൽ കുറിച്ചു. അവർ ഒരുപാട് റൺസ് സ്കോർ ചെയ്തിട്ടുണ്ട്. അവരുമായി റൂട്ടിനെ താരതമ്യപ്പെടുത്താനാണ് എനിക്ക് താത്പര്യം. കഴിഞ്ഞ തലമുറയിലെ താരങ്ങളോട് റൂട്ടിനെ താരതമ്യം ചെയ്യുന്നതിനോട് യോജിപ്പില്ല എന്നും ബോയ്കോട്ട് വിശദീകരിച്ചു.
ശ്രീലങ്കൻ പര്യടനത്തിൽ രണ്ട് സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയും നേടി ഉജ്ജ്വല ഫോമിലാണ് ജോ റൂട്ട്. ഇന്ത്യക്കെതിരെയാണ് ഇനി ഇംഗ്ലണ്ടിൻ്റെ അടുത്ത മത്സരം. ഫെബ്രുവരി അഞ്ചിന് ചെന്നൈയിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക.
Story Highlights – Joe Root can break Sachin Tendulkar’s world record; Geoffrey Boycott
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here