കേരളത്തിൽ എങ്ങനെ കേസുകൾ കൂടി? മറുപടി നൽകി മുഖ്യമന്ത്രി

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി. കൊവിഡ് കണക്കുകൾ വിവരിക്കുന്ന വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രോഗികളാകാൻ സാധ്യതയുള്ളവർ കേരളത്തിൽ കൂടുതലാണ്. അതുകൊണ്ടാണ് ഇവിടെ കൊവിഡ് കേസുകൾ വർധിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ : ‘നിലവിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. സ്കാൻ ഡിനേവിയൻ രാജ്യങ്ങളിൽ രണ്ടും മൂന്നും തരംഗങ്ങൾ ഉണ്ടായി. ഇപ്പോഴും കുറഞ്ഞിട്ടില്ല. കൊവിഡ് പോലെ അതിവേഗം പടരുന്ന ഒരു മഹാമാരിയുടെ കാര്യത്തിൽ വളരെ സ്വാഭാവികമായ ഒരു പരിമിതിയാണ് സംഭവിച്ചിരിക്കുന്നത്. കേരളത്തിൽ രോഗവ്യാപനം ഇപ്പോഴും വർധിക്കുന്നത് രോഗികളാകാൻ സാധ്യതയുള്ള, ഇതുവരെ രോഗം ബാധിച്ചിട്ടില്ലാത്ത ആളുകൾ കൂടുതലാണ് എന്നതിന്റെ തെളിവാണ്. ‘
കേരളത്തിൽ ജനസംഖ്യയുടെ മൂന്ന് ശതമാനത്തിൽ താഴെ ആളുകൾക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. രോഗികളെ കണ്ടെത്താനും ചികിത്സിക്കാനും ശേഷിയുള്ള ആരോഗ്യ സംവിധാനം രോഗത്തെ കുറിച്ച് അവബോധമുള്ള സമൂഹവും കേരളത്തിലുണ്ട്. ഐസിഎംആർ ഇതുവരെ നടത്തിയ സീറോ പ്രിവേലൻസ് പഠനങ്ങളിലെല്ലാം, കൊവിഡ് വന്ന് മാറിയവരുടെ എണ്ണം ഏറ്റവും കുറച്ചുള്ള പ്രദേശം കേരളത്തിലാണ്. അതുകൊണ്ട് പുതിയ സീറോ പ്രിവേലൻസ് ഡേറ്റയുടെ സഹായത്തോടെ മാത്രമേ കേരളത്തിൽ നിലവിൽ രോഗവ്യാപനം ചിലർ ആരോപിക്കുന്ന രീതിയിൽ അസ്വാഭാവികമായോ എന്ന് അറിയാൻ സാധിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ കേരളത്തിൽ കൈകാര്യം ചെയ്യാനാകാത്ത നിലയിലേക്ക് രേഗവ്യാപനം വളർന്നില്ല എന്നത് മനസിലാക്കണമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. നമ്മുടെ ജാഗ്രതയുടേയും മികവിന്റേയും നേട്ടം തന്നെയാണ് ഇത്. അതുകൊണ്ട് വിമർശനങ്ങൾ ഏത് തരത്തിലുണ്ടായാലും, കൊവിഡ് പ്രതിരോധ പ്രവര്‌ത്തനങ്ങളിൽ നിന്ന് സര്‌ക്കാർ പിന്നോട്ട് പോവില്ല. യഥാർത്ഥ കണക്കുകൾ നിർഭയം ജനങ്ങൾക്ക് മുന്നിൽ പുറത്തു വിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – how cases increased in kerala cm explains
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here