അതൊരു സമനില ആയിരുന്നില്ല; ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു

ജംഷഡ്പൂർ എഫ്സിക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഗോൾരഹിത സമനില പാലിച്ചതോടെ ബ്ലാസ്റ്റേഴ്സിൻ്റെ സീസണിലെ സമനിലകളുടെ എണ്ണം ആറായി. അതിലും സവിശേഷകരമായ ഒരു കാര്യം തോൽവി അറിയാതെയുള്ള ക്ലബിൻ്റെ പ്രയാണം അഞ്ച് മത്സരങ്ങൾ പിന്നിട്ടിരിക്കുന്നു എന്നതാണ്. ഈ അഞ്ച് മത്സരങ്ങളിൽ രണ്ട് ജയവും മൂന്ന് സമനിലയും. ഒരു ടീമെന്ന നിലയിൽ ബ്ലാസ്റ്റേഴ്സ് ഒത്തിണക്കം കാണിച്ചുതുടങ്ങിയിരിക്കുന്നു.
ഇന്നലെ ആദ്യ മിനിട്ടുകളിലെ ബലാബല പരീക്ഷണങ്ങൾക്കു ശേഷം ആദ്യ പകുതിയിലെ അവസാന 15 മിനിട്ടുകൾ, അഥവാ കൂളിംഗ് ബ്രേക്കിനു ശേഷം ഹാഫ് ടൈം വരെയുള്ള സമയം, കേരള ബ്ലാസ്റ്റേഴ്സിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പാസേജ് ഓഫ് പ്ലേ ആയിരുന്നു. 33ആം മിനിട്ടിൽ സഹലും ഹൂപ്പറും ചേർന്ന ഒരു മികച്ച ബിൽഡപ്പ്. 35ആം മിനിട്ടിൽ ഹൂപ്പർ ഗോൾ നേടിയെങ്കിലും ഓഫ് സൈഡ് ആവുന്നു. 41ആം മിനിട്ടിൽ ഹൂപ്പർ വീണ്ടും ചിത്രത്തിൽ. ബോക്സിനു വെളിയിൽ, ഏകദേശം 30 വാര അകലെ നിന്ന് തൊടുത്ത ഒരു ബുള്ളറ്റ് ഷോട്ട് രഹനേഷിൻ്റെ റിയാക്ഷൻ വേഗതയെ പരിഹസിച്ച് ക്രോസ് ബാറിലിടിക്കുന്നു. 43ആം മിനിട്ടിൽ മറെയുടെ ഹെഡറിനും ക്രോസ് ബാർ വഴിമുടക്കുന്നു. അടുത്ത മിനിട്ടിൽ മറെയുടെ ഷോട്ട് സൈഡ് നെറ്റിംഗ് ആവുന്നു. 45ആം മിനിട്ടിൽ പുയ്തിയയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുന്നു. അഞ്ച് ഷോട്ടുകൾ, രണ്ട് ക്രോസ് ബാർ, ഒരു പോസ്റ്റ്, ഒരു സൈഡ് നെറ്റിംഗ്, ഒരു ഓഫ് സൈഡ്, പൂജ്യം ഗോൾ. രണ്ടാം പകുതിയിലും ഒരു സൈഡ് നെറ്റിംഗ് ഉണ്ടായി. നിർഭാഗ്യമല്ലാതെ മറ്റെന്താണ് ഇത്.
ഇതുവരെയുള്ള ബ്ലാസ്റ്റേഴ്സിൻ്റെ കളിയിൽ നിർണായക സ്വാധീനം ചെലുത്തിയ ഫക്കുണ്ടോ പെരേരയും രാഹുൽ കെപിയും ഇല്ലാതെയാണ് ഈ പ്രകടനം എന്നതു കൂടു ചേർത്തുവായിക്കുമ്പോളേ ഈ ചിത്രം പൂർത്തിയാവൂ. സഹലിൻ്റെ പ്രകടനങ്ങളിൽ കാര്യമായ പുരോഗതി കാണുന്നുണ്ട്. ഡിസിഷൻ മേക്കിംഗ് ശരിയായി വരുന്നു. ഫിനിഷിംഗ് ആണ് തീരെ മോശം. നമ്പർ 10 റോളിലേക്ക് മാറിയപ്പോൾ ഹൂപ്പർ എത്രത്തോളം അപകടകാരിയായി മാറി എന്നത് കഴിഞ്ഞ ഏതാനും മത്സരങ്ങളായി കാണുന്നുണ്ട്. കിബു വിക്കൂനയെന്ന മികച്ച പരിശീലകനു കീഴിൽ ഈ ടീം നന്നായി പുരോഗമിക്കുകയാണ്.
എടികെയുമായാണ് അടുത്ത മത്സരം. അവരെ തോൽപിക്കേണ്ടതെങ്ങനെയെന്ന് നോർത്ത് ഈസ്റ്റ് കഴിഞ്ഞ മത്സരത്തിൽ കാണിച്ചുതന്നു. റോയ് കൃഷ്ണയുടെ വേഗം നിയന്ത്രിക്കാനായാൽ ബ്ലാസ്റ്റേഴ്സിനു പ്രതീക്ഷ വെക്കാം.
Story Highlights – The match against Jamshedpur FC is one of the best matches for Kerala Blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here