കർഷക പ്രതിഷേധം; ഡൽഹി എൻസിആർ മേഖലയിൽ രണ്ടാഴ്ചത്തേക്ക് കൂടി 47 കമ്പനി കേന്ദ്രസേന തുടരും

കർഷക പ്രതിഷേത്തിൽ നടപടികൾ കടുപ്പിച്ച് കേന്ദ്രസർക്കാർ. സമരകേന്ദ്രങ്ങൾ കൂടി ഉൾപ്പെടുന്ന ഡൽഹി എൻസിആർ മേഖലയിൽ രണ്ടാഴ്ചത്തേക്ക് കൂടി 47 കമ്പനി കേന്ദ്രസേന തുടരും. അതിർത്തി മേഖലകളിലെ സന്നാഹങ്ങൾ തുടരുമെന്ന് ഡൽഹി പൊലീസും വ്യക്തമാക്കി. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട രണ്ട് അക്കൗണ്ടുകൾ കൂടി ട്വിറ്റർ മരവിപ്പിച്ചു. ഉത്തരാഖണ്ഡിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കാനാണ് നീക്കം. അതേസമയം, സുരക്ഷാ സന്നാഹത്തിനായി വിട്ടുക്കൊടുത്ത 576 ഡിടിസി ബസുകൾ തിരിച്ചുവിളിക്കാൻ അരവിന്ദ് കേജ്‌രിവാൾ സർക്കാർ തീരുമാനിച്ചു.
സിംഗു, തിക്രി, ഗാസിപുർ സമരകേന്ദ്രങ്ങളിൽ അടക്കം വിന്യസിച്ചിരിക്കുന്ന കേന്ദ്രസേന രണ്ടാഴ്ചത്തേക്ക് കൂടി തുടരും. 31 കമ്പനി സിആർപിഎഫിനെയും, 16 കമ്പനി ദ്രുതകർമ സേനയെയുമാണ് ഡൽഹി എൻസിആർ മേഖലയിൽ നിയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് ബാരിക്കേഡുകൾ അടക്കം ഡൽഹി പൊലീസിന്റെ സന്നാഹങ്ങളും തുടരും.
Read Also : ‘ഇന്ത്യക്ക് സ്വന്തം കാര്യം നോക്കാനറിയാം’; കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് കായിക താരങ്ങളും സിനിമാ പ്രവർത്തകരും
അതേസമയം, കേന്ദ്രസേനയുടെയും ഡൽഹി പൊലീസിന്റെയും ആവശ്യങ്ങൾക്കായി വിട്ടുക്കൊടുത്ത 576 ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസുകൾ അരവിന്ദ് കേജ്‌രിവാൾ സർക്കാർ തിരിച്ചുവിളിച്ചു. പ്രത്യേക അനുമതിയോടെയാണ് പൊലീസിന് ബസുകൾ നൽകിയിരുന്നത്.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് തുടരുകയാണ്. Tractor2Twitter, Tractor2Twitter backup എന്നീ രണ്ട് അക്കൗണ്ടുകൾ മരവിപ്പിച്ചു. ട്വിറ്റർ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉത്തരാഖണ്ഡിൽ ദേശവിരുദ്ധമായ പോസ്റ്റുകൾ ഇടുന്നുവെന്ന് സംശയമുള്ള സമൂഹ മാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കും. ദേശവിരുദ്ധമായ പോസ്റ്റുകൾ ഇടുന്നവർക്ക് ആദ്യം താക്കീത് നൽകാനും, നിരന്തരം ഇത്തരം പോസ്റ്റുകൾ ഇടുന്നവരുടെ പട്ടിക തയാറാക്കാനുമാണ് നീക്കം. അതേസമയം, ഡൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം എഴുപത്തിയൊന്നാം ദിവസവും ശക്തമായി തുടരുകയാണ്.
Story Highlights – The Central Army will keep 47 companies in the Delhi NCR for another two weeks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here