കൊവിഡ് വാക്സിന് അനുമതി തേടി ജോൺസൺ ആൻഡ് ജോൺസൺ

കൊവിഡ് വാക്സിന് അനുമതി തേടി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ. കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ എത്രയും വേഗം അനുമതി നൽകണമെന്നാണ് കമ്പനി അമേരിക്കൻ ആരോഗ്യവകുപ്പിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിൻ്റെ അനുമതി ലഭിച്ചാൽ, ഫൈസർ-ബയോൺടെക്, മോഡേണ എന്നീ വാക്സിനുകൾക്ക് ശേഷം അമേരിക്ക അനുമതി നൽകുന്ന മൂന്നാമത്തെ വാക്സിനാവും ഇത്.
ഒരു ഡോസ് വാക്സിനാണ് ജോൺസൺ ആൻഡ് ജോൺസൺ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലേതടക്കം ഇതുവരെ പുറത്തിറങ്ങിയ എല്ലാ വാക്സിനുകൾക്കും രണ്ട് ഡോസ് ആവശ്യമാണ്. ഇതോടൊപ്പം മറ്റ് വാക്സിനുകൾ പ്രത്യേക താപനിലയിൽ പ്രത്യേകം ഫ്രീസറുകളിലാണ് സൂക്ഷിക്കേണ്ടത്. എന്നാൽ, പുതിയ വാക്സിൻ റെഫ്രിജറേറ്റർ താപനിലയിൽ സൂക്ഷിക്കാം. ഈ രണ്ട് കാരണങ്ങളും ജോൺസൺ ആൻഡ് ജോൺസൺ വാക്സിനെ ഏറെ ശ്രദ്ധേയമാക്കുന്നുണ്ട്.
വാക്സിൻ്റെ ഫലപ്രാപ്തി പരിശോധിച്ച് അതിന് അനുമതി നൽകാൻ ആഴ്ചകളെടുക്കും. ക്ലിനിക്കൽ പരീക്ഷണങ്ങളിലെ കണ്ടെത്തലുകൾ പരിശോധിച്ചാവും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. മറ്റ് രണ്ട് വാക്സിനുകൾക്ക് 3 ആഴ്ചയാണ് സമയമെടുത്തത്. എന്നാൽ, പുതിയ വാക്സിൻ്റെ കാര്യത്തിൽ വേഗത്തിൽ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന.
8 രാജ്യങ്ങളിലായി 44000 ആളുകളിലാണ് ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നത്.
Story Highlights – Johnson & Johnson Requests Emergency Authorisation For Covid Vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here