നിയമസഭ തെരഞ്ഞെടുപ്പ്; ഒറ്റയ്ക്ക് അന്‍പത് സീറ്റെങ്കിലും നേടാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് അന്‍പത് സീറ്റെങ്കിലും നേടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം. 20 സീറ്റിന് മുകളില്‍ മുസ്ലീംലീഗ് നേടുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. അന്‍പത് മണ്ഡലങ്ങള്‍ എ ക്ലാസ് സീറ്റുകളായി പരിഗണിക്കും. കടുത്ത മത്സരം കാഴ്ചവച്ചാല്‍ ജയിക്കാവുന്ന സീറ്റുകളെ ബി ക്ലാസില്‍ പരിഗണിക്കും. ഇടത് കോട്ടകളെ സി ക്ലാസ് പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൂട്ടുകക്ഷി ഭരണത്തിന്റെ ഗുണത്തിനൊപ്പം അത് ഉണ്ടാക്കുന്ന വെല്ലുവിളികളും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നന്നായി അറിയാം. കേരളത്തില്‍ ഇതില്‍ പ്രധാനം മുസ്ലീംലീഗ് ഭരണം പിന്‍സീറ്റില്‍ നിന്ന് നിയന്ത്രിക്കുന്നുവെന്ന ആരോപണമാണ്. ഇത്തവണ തുടക്കത്തിലെ ഇടതുമുന്നണി ലീഗിനെതിരെ ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ നീക്കം തുടങ്ങിക്കഴിഞ്ഞു. ഈ സഹാചര്യത്തിലാണ് തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങളില്‍ കുറഞ്ഞത് സംസ്ഥാനത്ത് 50 സീറ്റ് കോണ്‍ഗ്രസ് ഉന്നംവയ്ക്കുന്നത്. മുസ്ലീംലീഗ് ഇത്തവണ ഇരുപതിലധികം സീറ്റുകള്‍ നേടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിനായി 2016 ല്‍ പാര്‍ട്ടി ജയിച്ച 26 മണ്ഡലങ്ങള്‍ക്കൊപ്പം 14 മണ്ഡലങ്ങളെ കൂടി ചേര്‍ത്ത് 50 മണ്ഡലങ്ങളെ എ ക്ലാസ് മണ്ഡലങ്ങളായി പാര്‍ട്ടി പരിഗണിക്കും. ഇവിടങ്ങളില്‍ ഒരു ദേശീയ നേതാവിനെ ചുമതലപ്പെടുത്തിയാകും പ്രചാരണം.
കടുത്ത മത്സരം നടത്തിയാല്‍ ജയിക്കാവുന്ന മണ്ഡലങ്ങളെ ബി ക്ലാസ് ആയാകും പരിഗണിക്കുക. ഇവിടെയും പ്രചാരണം നിരീക്ഷിക്കാന്‍ നേരിട്ടുള്ള എഐസിസി നിരീക്ഷകന്‍ എത്തും. ഇടത് കോട്ടകളെ സി ക്ലാസ് പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതുസമ്മതരെ അടക്കം പരീക്ഷിക്കാനാണ് ഇത്തരം ഇടങ്ങളില്‍ തീരുമാനം. ഗ്രൂപ്പ് പരിഗണനകള്‍ മാറ്റിവച്ച് ജയസാധ്യത മാത്രം മാനദണ്ഡമാക്കിയാകും എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം.
കഴിഞ്ഞ തവണ മത്സരിച്ചു എന്ന കാരണത്താല്‍ മണ്ഡലങ്ങളില്‍ അവകാശവാദം ഉന്നയിക്കാന്‍ ഗ്രൂപ്പുകളെ അനുവദിക്കില്ല. ഇതിനായി മൂന്ന് സ്വകാര്യ ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങള്‍ കൂടി പരിഗണിക്കും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാകും സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കുക. മാര്‍ച്ച് ആദ്യവാരത്തിന് മുന്‍പ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.
Story Highlights – Assembly elections; Congress aims to win 50 seats alone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here