പരിസ്ഥിതി ലോല മേഖല വിജ്ഞാപനം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

വയനാടിനെ പരിസ്ഥിതി ലോല മേഖലയാക്കുന്ന വിജ്ഞാപനത്തില്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജ്ഞാപനത്തില്‍ മാറ്റം വേണമെന്നാണ് കത്തിലെ ആവശ്യം.
മേഖലയിലെ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് ഭേദഗതി വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പരിസ്ഥിതി ലോല മേഖല വിജ്ഞാപനം ചെയ്യുമ്പോള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നവ ഒഴിവാക്കണം. വിജ്ഞാപനത്തില്‍ മാറ്റം വരുത്താന്‍ വനം- പരിസ്ഥിതി മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനത്തില്‍ ജില്ലയില്‍ പ്രതിഷേധം ശക്തമായി. ജില്ലയിലെ നാല് ഇടങ്ങളില്‍ എല്‍ഡിഎഫ് വഴി തടയല്‍ സമരം സംഘടിപ്പിച്ചു. കാട്ടിക്കുളം, പുല്‍പ്പള്ളി, ബത്തേരി, കല്ലൂര്‍ എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ വഴി തടഞ്ഞത്. വിജ്ഞാപനം പിന്‍വലിക്കും വരെ ജില്ല ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് സമര നേതാക്കള്‍ പറഞ്ഞു
ബത്തേരിയില്‍ സര്‍വ്വകക്ഷി യോഗവും ഇന്ന് ചേര്‍ന്നു. കരടിനെതിരെ യോജിച്ചുള്ള പ്രതിഷേധം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. നാളെ ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലിന് മുന്നോടിയായുള്ള വിളംബര ജാഥയും ഇന്ന് നടന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
Story Highlights – narendra modi, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here