Advertisement

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ രണ്ടാം ഘട്ട ചർച്ച കൊച്ചിയിൽ

February 9, 2021
2 minutes Read
UDF discussion seat sharing

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ രണ്ടാം ഘട്ട ചർച്ച മറ്റന്നാൾ കൊച്ചിയിൽ. മുസ്‍ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗം തുടങ്ങിയ കക്ഷികളുമായുള്ള സീറ്റു വിഭജന ചർച്ചകളാണ് നടക്കുക. പിസി ജോർജിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന കാര്യം വീണ്ടും ചർച്ച ചെയ്യുമെന്നാണ് സൂചന.

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കൊച്ചിയിൽ എത്തുന്ന മറ്റന്നാൾ മുസ്‍ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളോട് ചർച്ചയ്ക്കെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തു ദിവസത്തിനകം സീറ്റു വിഭജനം സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കാനാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ. പരസ്യമായ സീറ്റുതർക്കങ്ങൾ ഒഴിവാക്കണമെന്ന് നേരത്തെ തന്നെ ഘടകകക്ഷികളോട് നിർദേശിച്ചിരുന്നു.

12 സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പി.ജെ. ജോസഫ്. അതേ സമയം മാണി സി. കാപ്പനു വേണ്ടി പാലാ സീറ്റു വിട്ടു നൽകുന്നതിൽ എതിർപ്പില്ലെന്നും ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. കേരള കോൺഗ്രസിന് ഒമ്പതു സീറ്റിൽ കൂടുതൽ നൽകാനാവില്ലെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. മുസ്‍ലിം ലീഗിന് കൂടുതൽ സീറ്റുകൾ നൽകാമെന്ന് ധാരണയായെങ്കിലും സീറ്റുകൾ വച്ചുമാറുന്നതിൽ സമവായമായിട്ടില്ല. ആർഎസ്പി, കേരളാ കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് തുടങ്ങിയവരും ഒഴിവു വരുന്ന അധിക സീറ്റുകളിൽ കണ്ണു വച്ചിട്ടുണ്ട്. പി.സി ജോർജിനെ മുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യവും വ്യാഴാഴ്ച വീണ്ടും ചർച്ച ചെയ്യുമെന്നാണ് വിവരം. ജോർജിനോട് എതിർപ്പില്ലെന്ന നിലപാടിലാണ് മുസ്‍ലിംലീഗും ജോസഫ് ഗ്രൂപ്പും. പൂഞ്ഞാറിനു പുറമേ ഒരു സീറ്റുകൂടി വേണമെന്ന ആവശ്യം പി.സി. ജോർജ് മുന്നോട്ടു വച്ചിട്ടുണ്ട്. ജോർജിനെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാക്കാമെന്നാണ് നേതാക്കളുടെ അഭിപ്രായം.

Story Highlights – The second phase of UDF discussion on seat sharing in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top