Advertisement

ഉത്തരാഖണ്ഡിലെ ദുരന്തം: രക്ഷാപ്രവർത്തനം തുടരുന്നു

February 9, 2021
1 minute Read

മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയിൽ 200 ലധികം പേരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ദുരന്ത മേഖലയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിലയിരുത്തി. തിരച്ചിൽ വേഗത്തിൽ പൂർത്തിയാക്കാൻ സേനാ വിഭാഗങ്ങൾക്ക് നിർദേശം നൽകി.

ഹിമപാതം മാത്രമല്ല, മലയിടിച്ചിലിൽ കല്ലും മണലും വന്നു വീഴുന്നത് മൂലവും മഞ്ഞുമലത്തടാകങ്ങൾ തകരാറുണ്ട്. അടുത്തകാലത്ത് മഞ്ഞുരുകി രൂപം കൊണ്ട തടാകങ്ങളാണിവയെന്നതിനാൽ അവയുടെ ഭിത്തികൾ ദുർബലമായിരിക്കും. ചെറിയ അളവിൽ കല്ലും മണലും വന്നുവീണാലും തകരാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് തിരച്ചിൽ വേഗത്തിൽ പൂർത്തിയാക്കാൻ പ്രധാനമന്ത്രി നിർദേശം നൽകിയത്.

അതേസമയം, മഞ്ഞുമല ഇടിഞ്ഞതിന്റെ കാരണം ഹിമപാതം ആണോ എന്ന അന്തിമ നിഗമനത്തിലെത്താനായിട്ടില്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. മഞ്ഞുമല ഉരുകി രൂപം കൊണ്ട തടാകം തകർന്നതാണ് ഉത്തരാഖണ്ഡിലെ പ്രളയത്തിന് കാരണം എന്ന നിഗമനത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഹിമപാതം ഉണ്ടായതായി ഇനിയും തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് കൂടുതൽ പഠനം ആവശ്യമായി വരുന്നത്.

അപകടത്തിൽ 20 പേർ മരിച്ചതായാണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗികമായ സ്ഥിരീകരണം. മൃതദേഹങ്ങൾ ചെളിയിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കാണാതായ 200 പേരിൽ 170 പേർ തപോവൻ ജലവൈദ്യുത നിലയവുമായി ബന്ധപ്പെട്ട് നിർമിക്കുന്ന രണ്ട് തുരങ്കങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ഭൂരിഭാഗം തൊഴിലാളികളും കിഴക്കൻ യു.പിയിൽ നിന്നും ബിഹാറിൽ നിന്നുമുള്ളവരാണ്. ദുരന്ത മേഖല സന്ദർശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, കേന്ദ്ര മന്ത്രി രമേഷ് പൊക്രിയാൽ തുടങ്ങിയവർ രക്ഷാപ്രവർത്തനം വിലയിരുത്തി. അടിയന്തര സഹായത്തിന് 20 കോടി രൂപ ഉത്തരാഖണ്ഡ് സർക്കാർ പ്രഖ്യാപിച്ചു.

Story Highlights – Uttarakhand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top