25-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് നാല് മേഖലകളിലായി ചലച്ചിത്രമേള നടത്തുന്നത്. മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള 80 ചിത്രങ്ങളാണ് ഇത്തവണ പ്രേക്ഷകരിലെത്തുന്നത്.
വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങൾ തെളിയിച്ചുകൊണ്ടാണ് ചലച്ചിത്രോത്സവത്തിന് തുടക്കമാകുക. വിഖ്യാത ചലച്ചിത്രകാരൻ ഷീൻ ലുക് ഗോദാർദിന് വേണ്ടി അടൂർ ഗോപാലകൃഷ്ണൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഏറ്റുവാങ്ങും. തുടർന്ന് ഉദ്ഘാടന ചിത്രമായ ക്വോ വാഡിസ് ഐഡ പ്രദർശിപ്പിക്കും.
ആദ്യദിനത്തിൽ നാല് മത്സര ചിത്രങ്ങളടക്കം 18 സിനിമകളാണ് പ്രേക്ഷകരിലെത്തുക. ഇറാനിയൻ സംവിധായകൻ ബെഹ്മൻ തവോസിയുടെ നെയിംസ് ഓഫ് ഫ്ലവേഴ്സാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം. സിനിമ തുടങ്ങുന്നതിന് 24 മണിക്കൂർ മുൻപ് റിസർവേഷൻ ആരംഭിക്കും. റിസർവേഷന് ശേഷം സീറ്റ് നമ്പർ എസ്എംഎസ് ആയി പ്രതിനിധികൾക്ക് ലഭിക്കും. കർശന കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും മേളയുടെ നടത്തിപ്പ്.
ഈ മാസം 17 മുതൽ 21 വരെ കൊച്ചിയിലും 23 മുതൽ 27 വരെ തലശ്ശേരിയിലുമായി നടക്കുന്ന ചലച്ചിത്രമേളയുടെ സമാപനം പാലക്കാട് നടക്കും.
Story Highlights – IFFK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here