എറണാകുളം ജില്ലയില്‍ വനിതാ സ്ഥാനാര്‍ത്ഥിക്ക് അവസരം നല്‍കണമെന്ന ആവശ്യം ശക്തമാക്കി മഹിളാ കോണ്‍ഗ്രസ്

എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 11 സീറ്റില്‍ ഒരിടത്ത് വനിതാ സ്ഥാനാര്‍ത്ഥിക്ക് അവസരം നല്‍കണമെന്ന ആവശ്യം ശക്തമാക്കി മഹിളാ കോണ്‍ഗ്രസ്. കൊച്ചി, വൈപ്പിന്‍, തൃപ്പൂണിത്തുറ സീറ്റുകളിലെവിടെയെങ്കിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാണ് ആവശ്യം. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി. തോമസ് അടക്കമുള്ളവരും ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്.
14 നിയമസഭാ മണ്ഡലങ്ങളാണ് എറണാകുളം ജില്ലയിലുള്ളത്. 11 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള ജില്ലയിലെ ഒരു സീറ്റില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാണ് മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി. തോമസും, വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നേതൃയോഗത്തില്‍ ആവശ്യമുന്നയച്ചിട്ടുണ്ട്. കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയിന്‍, മുന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു, കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, എഐസിസി വിവര വിശകലന വിഭാഗം കോ ഓര്‍ഡിനേറ്റര്‍ സ്വപ്ന പാട്രോണിസ് എന്നിവരാണ് സീറ്റിനായി രംഗത്തുള്ളത്.
തൃപ്പൂണിത്തുറ സീറ്റ് ലക്ഷ്യമിട്ടാണ് സൗമിനി ജെയിന്റെ നീക്കം. കൊച്ചി സീറ്റിനായി ഷൈനി മാത്യുവും സ്വപ്ന പാട്രോണിസും രംഗത്തുണ്ട്. വൈപ്പിനില്‍ ദീപ്തി മേരി വര്‍ഗീസും പ്രതീക്ഷയര്‍പ്പിക്കുന്നു. ഏറ്റുമാനൂരില്‍ അവസരം ലഭിച്ചില്ലെങ്കില്‍ വൈപ്പിന്‍ സീറ്റില്‍ ലതികാ സുഭാഷിനെ പരിഗണിക്കണമെന്ന ആവശ്യവും ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നുണ്ട്. സമ്മര്‍ദ്ദം ശക്തമായതോടെ വനിതാ പ്രാതിനിധ്യം വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടേക്കും. കൊച്ചി, വൈപ്പിന്‍ തൃപ്പൂണിത്തുറ, മൂവാറ്റുപുഴ സീറ്റുകളിലാണ് സിറ്റിംഗ് എംഎല്‍എമാര്‍ അവകാശികളായി ഇല്ലാത്ത സീറ്റുകള്‍ ഉള്ളത്. ഇതില്‍ കൊച്ചിയിലോ, വൈപ്പിനിലോ വനിതാ സ്ഥാനാര്‍ത്ഥിക്ക് നറുക്കു വീണേക്കുമെന്നാണ് സൂചന.
Story Highlights – Mahila Congress demand – women candidates chance in Ernakulam district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here