റിപ്പബ്ലിക് ദിനത്തിലെ സംഘർഷം: പ്രതി ലഖ്ബീർ സിംഗിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്

റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിൽ അന്വേഷണം ഊർജിതമാക്കി ഡൽഹി പൊലീസ്. ചെങ്കോട്ട സംഭവത്തിലെ പ്രതി ലഖ്ബീർ സിംഗിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
റിപ്പബ്ലിക് ദിന സംഘർഷത്തിലെ മുഖ്യപ്രതികളായ ദീപ് സിദ്ദുവിനെയും ഇക്ബാൽ സിംഗിനെയും ഇന്നലെ ചെങ്കോട്ടയിലെത്തിച്ച് തെളിവെടുത്തിരുന്നു. കൂട്ടുപ്രതികൾക്കായി തിരച്ചിൽ ഊർജമാക്കിയതിന് പിന്നാലെയാണ് പ്രതി ലഖാ സിദ്ധാന എന്ന ലഖ്ബീർ സിംഗിനെ കണ്ടെത്താൻ ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, ഡൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം എൺപത്തിയൊന്നാം ദിവസത്തിലും ശക്തമായി തുടരുകയാണ്. സമരമേഖലകളിൽ വൈദ്യുതി പുനഃസ്ഥാപിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. ചൂട് കാലത്തും വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കിൽ ജനറേറ്ററുകൾ സ്ഥാപിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. സമരത്തിന്റെ പശ്ചാത്തലത്തിൽ സിംഗു, തിക്രി, ഗാസിപുർ അടക്കം അതിർത്തി മേഖലകളിൽ സുരക്ഷ സന്നാഹം ശക്തമാക്കി.
Story Highlights – Delhi Police announce Rs 1 lakh cash reward for information on Lakha Sidhana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here