ധർമടം; 2011 മുതൽ എൽഡിഎഫിന്റെ ഉറച്ച കോട്ട; മണ്ഡലത്തിൽ പിണറായി വിജയന്റെ എതിരാളി ആര് ?

പിണറായി വിജയന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ഈ നിയമസഭാ തെരഞ്ഞെടുപ്പിലും ധർമ്മടം മണ്ഡലം രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമാകും. ഇടത് കോട്ടയായ ധർമ്മടത്ത് ഭൂരിപക്ഷം വർധിപ്പിക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. പിണറായിക്കെതിരെ ശക്തനായ എതിരാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്.
2011 മുതൽ എൽഡിഎഫിന്റെ ഉറച്ച കോട്ട
പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ ഭൂരിപക്ഷം വർധിപ്പിക്കുക മാത്രമാണ് എൽഡിഎഫിന്റെ മുന്നിലുള്ള ഏക ലക്ഷ്യം. മണ്ഡലം രൂപീകരിച്ച 2011 മുതൽ എല്ലാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന്റെ സമഗ്ര ആധിപത്യമാണ് ധർമ്മടത്ത്.2011ൽ സിപിഐഎമ്മിലെ കെ.കെ നാരായണൻ വിജയിച്ചത് 15162 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. 2016ൽ പിണറായി വിജയൻ എത്തിയതോടെ ഭൂരിപക്ഷം 36905 ആയി ഉയർന്നു. ഇത്തവണ നാൽപ്പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്ന് ഇടതു മുന്നണി കണക്കു കൂട്ടുന്നു.
2011 ൽ എൽഡിഎഫിന് ലഭിച്ചത് 53.13 ശതമാനം വോട്ടായിരുന്നെങ്കിൽ 2016ൽ 56.84 ശതമാനത്തിലേക്ക് ഉയർന്നു. യുഡിഎഫിന് ലഭിച്ച വോട്ട് 42ൽ നിന്ന് 32.82 ശതമാനത്തിലേക്ക് താഴ്ന്നപ്പോൾ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. 2011 ൽ 4 ശതമാനത്തിൽ താഴെ മാത്രം വോട്ടുണ്ടായിരുന്ന ബിജെപി 2016ൽ 8 ശതമാനത്തിന് മുകളിലേക്ക് ഉയർന്നു.
യുഡിഎഫ് അനുകൂല തരംഗം ഉണ്ടായ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് നാലായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നൽകിയ മണ്ഡലമാണ് ധർമ്മടം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ്
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും വ്യക്തമായ മുൻതൂക്കം നേടാൻ എൽഡിഎഫിന് കഴിഞ്ഞു. ധർമടം മണ്ഡലത്തിലെ ആകെയുള്ള എട്ട് പഞ്ചായത്തുകളിൽ ഏഴിടത്തും ഭരണത്തിലേറിയത് ഇടതു മുന്നണിയാണ്. കടമ്പൂർ പഞ്ചായത്ത് പക്ഷെ യു.ഡി.എഫ് തിരിച്ചുപിടിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്ത് എൽ.ഡി.എഫ് ഭരിക്കുന്നത് കേവല ഭൂരിപക്ഷമില്ലാതെയാണ്.
എതിർ സ്ഥാനാർത്ഥി ആര് ?
മികച്ച സ്ഥാനാർത്ഥി വന്നാൽ ധർമടത്ത് നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. ഇനി അറിയേണ്ടത് ധർമ്മടത്ത് പിണറായി വിജയന്റെ എതിരാളി ആരാണെന്ന് മാത്രമാണ്. 2011ലും 16 ലും യു.ഡി.എഫ് സ്ഥാനാർത്ഥിയായ മമ്പറം ദിവകരൻ ഇത്തവണ ധർമ്മടത്ത് മത്സരിക്കാൻ താൽപര്യമില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ധർമ്മടത്ത് വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. എ.ഐ.സി.സി വക്താവ് ഷമാ മുഹമ്മദ്, കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ സുമാ ബാലകൃഷ്ണൻ, മുൻ മന്ത്രി എൻ. രാമകൃഷ്ണന്റെ മകൾ അമൃതാ രാമകൃഷ്ണൻ എന്നി പേരുകൾ ചർച്ചയിലുണ്ട്. കെ രഞ്ജിത്ത്, എൻ ഹരിദാസ് എന്നിവരെയാണ് ബിജെപി പരിഗണിക്കുന്നത്.
Story Highlights – dharmadam election history
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here