പരമ്പരാഗത വാക്സിനുകൾക്ക് അംഗീകാരം നൽകിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന; അവകാശവാദത്തിൽ മലക്കം മറിഞ്ഞ് പതഞ്ജലി

പരമ്പരാഗത കൊവിഡ് വാക്സിനുകൾക്ക് അംഗീകാരം നൽകിയിട്ടില്ലെന്ന ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തലിനു പിന്നാലെ പഴയ അവകാശവാദത്തിൽ നിന്ന് മലക്കം മറിഞ്ഞ് പതഞ്ജലി. പതഞ്ജലിയുടെ കൊറോണിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനാണ് എന്ന അവകാശവാദമാണ് പതഞ്ജലി തിരുത്തിയത്.
“കേന്ദ്രസർക്കാരിൻ്റെ ഡ്രഗ്സ് കൺട്രോളർ ജനറൽ ആണ് കൊറോണിലിന് അംഗീകാരം നൽകിയത്. ലോകാരോഗ്യ സംഘടന ഒരു മരുന്ന് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യില്ല എന്നത് വ്യക്തമാണ്. ലോകമെമ്പാടും, ആരോഗ്യമുള്ള മികച്ച ആളുകളെ ഉണ്ടാക്കാനായാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം.”- പതഞ്ജലി മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ ട്വീറ്റ് ചെയ്തു.
ഫെബ്രുവരി 19ന് കൊറോണിൽ അവതരിപ്പിച്ചപ്പോഴാണ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു എന്ന് അവകാശപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാര പ്രകാരം കേന്ദ്രസർക്കാർ വാക്സിന് അംഗീകാരം നൽകി എന്ന് പതഞ്ജലി വാർത്താകുറിപ്പിൽ അറിയിച്ചപ്പോൾ പതഞ്ജലിയുടെ എംഡി രാകേഷ് മിത്തൽ ഈ വാദത്തെ കൂടുതൽ ശക്തിപ്പെടുത്തി. “കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതോടെ ആയുർവേദത്തിൽ പതഞ്ജലി ചരിത്രം കുറിച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്ന ആദ്യ എവിഡൻസ് ബേസ്ഡ് മെഡിസിനാണ് കൊറോണിൽ.”- മിത്തൽ പറഞ്ഞു.
ഇതിനു പിന്നാലെ ലോകാരോഗ്യ സംഘടനയുടെ സൗത്തീസ്റ്റ് ഏഷ്യ ട്വിറ്റർ ഹാൻഡിൽ ഈ അവകാശ വാദത്തിൽ വ്യക്തത നൽകി. ഒരു പരമ്പരാഗത വാക്സിനും ഡബ്ല്യുഎച്ച്ഓ പരിശോധിച്ചിട്ടില്ല എന്നായിരുന്നു ഈ ട്വീറ്റ്. ഇതിനു പിന്നാലെയാണ് പതഞ്ജലിയുടെ വിശദീകരണം.
Story Highlights – Patanjali Clarifies On Coronil Certification, WHO Says Not Reviewed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here