Advertisement

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു; ഒന്‍പത് മാസത്തിനിടെ വര്‍ധിച്ചത് 21 രൂപ

February 24, 2021
2 minutes Read

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ കടന്നു. 93 രൂപ 7 പൈസയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. ഡീസല്‍ വില 87 രൂപ 6 പൈസയായി.

കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 91 രൂപ 48 പൈസയായി. ഡീസല്‍ ലിറ്ററിന് 86 രൂപ 11 പൈസയായി. ഒന്‍പത് മാസത്തിനിടെ ഇന്ധനവില വര്‍ധിച്ചത് 21 രൂപയാണ്. 48 തവണകളിലായിട്ടാണ് ഈ വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്.

അതേസമയം, ഇന്ധന വിലയിലെ കേന്ദ്ര നികുതിയുടെ ഭാഗം കുറയ്ക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം. വരും ദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുമെന്നാണ് വിവരങ്ങള്‍. ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതാണ് ഇന്ധനവില വര്‍ധനവിന് പ്രധാന കാരണം.

ഇന്ധനവില വര്‍ധിക്കുന്നത് സാധാരണക്കാരനെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. തുടര്‍ച്ചയായ ഇന്ധന വിലക്കയറ്റത്തിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ദിനംപ്രതി ഇന്ധനവില ഉയരുന്ന പ്രവണത തുടര്‍ന്നാല്‍, അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ സാധാരണജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാകും.

പെട്രോള്‍ – ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് സംയുക്ത വാഹന പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് പണിമുടക്ക് നടത്തുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാകും പണിമുടക്ക്. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി, അഡീഷണല്‍ എക്‌സൈസ്, സര്‍ചാര്‍ജ്, തുടങ്ങിയവ കുത്തനെ ഉയര്‍ത്തിയത് പെട്രോളിയം കമ്പനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാനാണെന്നും, വിലക്കയറ്റം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നുമാണ് സംയുക്ത സമരസമിതിയുടെ ആവശ്യം.

Story Highlights – Fuel prices continue to rise – increased Rs 21 in nine months

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top