സര്‍ക്കാര്‍ മദ്യനയത്തിലും മത്സ്യനയത്തിലും വെള്ളം ചേര്‍ത്തുവെന്ന് ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ക്രൈസ്തവ സഭകളുടെ സംയുക്ത നീക്കം. സര്‍ക്കാര്‍ മദ്യനയത്തിലും മത്സ്യനയത്തിലും വെള്ളം ചേര്‍ത്തുവെന്ന് കോട്ടയത്ത് ചേര്‍ന്ന ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുടെ സംഗമം കുറ്റപെടുത്തി. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്ന മുന്നണിക്ക് വോട്ട് ചെയ്യൂവെന്ന് സഭാ നേതൃത്വം നിലപാടെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ നിലപാട് സംബന്ധിച്ച പ്രഖ്യാപനമായിരുന്നു ക്രൈസ്തവ സഭകള്‍ കോട്ടയത്ത് നടത്തിയത്. യുഡിഎഫിനാകും പിന്തുണയെന്ന് വിവിധ സഭ പ്രതിനിധികള്‍ സൂചന നല്‍കി. മദ്യനയത്തിലും മത്സ്യനയത്തിലും സര്‍ക്കാര്‍ വെള്ളം ചേര്‍ത്തെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് കുറ്റപ്പെടുത്തി. വിദ്യാലയങ്ങളെക്കാള്‍ മദ്യാലയങ്ങള്‍ ഉണ്ടാകുമ്പോള്‍ സമൂഹം അധഃപതിക്കുമെന്ന് നമ്മള്‍ ഇനി എന്ന് തിരിച്ചറിയും? മദ്യനയം ആണെങ്കിലും, മത്സ്യനയം ആണെങ്കിലും വെള്ളം ചേര്‍ക്കുന്ന കാലമാണിത്. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്ന പ്രസ്ഥാനത്തിനേ വോട്ട് ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭകളുടെ പിന്തുണ യുഡിഎഫിന് ആയിരിക്കുമെന്നും സഭകളുടെ സംയുക്ത സമിതി സൂചന നല്‍കി.
Read Also : ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദന നൽകുന്നതെന്ന് കെസിബിസി; ഖേദം പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ
ഖജനാവിലേക്ക് പണം വരുന്നു എന്ന കാരണത്താല്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയെ ചെറുക്കുമെന്ന് പാലാ രൂപത സഹായ മെത്രാന്‍ ജേക്കബ് മുരിക്കന്‍ വ്യക്തമാക്കി. വികലമായ മദ്യനയം തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ക്‌നാനായ ഭദ്രാസന മെത്രാപ്പോലീത്ത കുരിയാക്കോസ് മാര്‍ സേവേറിയോസ് ആവശ്യപ്പെട്ടു. അഖില കേരള ഐക്യ ക്രൈസ്തവ മദ്യവര്‍ജന സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയിലാണ് സഭാ നേതൃത്വങ്ങള്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.
Story Highlights – liquor policy, church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here